
കോഴിക്കോട്: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വനിതാ ഡോക്ടറിന് ദാരുണാന്ത്യം. എസി റോഡില്‍ പള്ളാത്തുരുത്തി പാലത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ ഒന്നിനാണ് അപകടം നടന്നത്. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഡോ. എസ്.പ്രസന്നകുമാറിന്റെയും കോഴിക്കോട് ഗവ. ഡെന്റല്‍ കോളജ് ഓര്‍ത്തോഡോണ്‍ടിക്‌സ് വിഭാഗം മേധാവി ഡോ. ശോഭ പി.കുമാറിന്റെയും ഏക മകള്‍ ഡോ. പാര്‍വതി (25) ആണു മരിച്ചത്. കോഴിക്കോട് വെസ്റ്റ്ഹില്‍ അത്താണിക്കല്‍ വെസ്റ്റ് നാരങ്ങാളി തയ്യില്‍ ഡോ. നിതിന്‍ ബാബുവാണ് ഒപ്പമുണ്ടായിരുന്നത്. കൂട്ടുകാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ഇരുവരും.
ടൂറിസ്റ്റ് ബസില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ കാറില്‍ തീ പടര്‍ന്നു. ടൂറിസ്റ്റ് ബസിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍, കാറിലുണ്ടായിരുന്ന ഡോ. പാര്‍വതിക്കും സുഹൃത്ത് ഡോ. നിതിന്‍ ബാബുവിനും പൊള്ളലേറ്റില്ല. ഹൈവേ പൊലീസ് ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പാര്‍വതിയെ രക്ഷിക്കാനായില്ല. നിതിനാണു കാര്‍ ഓടിച്ചിരുന്നത്.