ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി; നിരസിച്ചപ്പോള്‍ മുഖം ബ്ലേഡ് കൊണ്ട് വരഞ്ഞു, യുവാക്കള്‍ അറസ്റ്റില്‍

മാള: ഫേസ്ബുക്കിലൂടെ പരിയപ്പെട്ട പെണ്‍കുട്ടിയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ മുഖത്ത് ബ്ലേഡ് കൊണ്ട് വരഞ്ഞ് യുവാവിന്റെ പക തീര്‍ക്കല്‍. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് കൊരട്ടി തോട്ടൂക്കര വീട്ടില്‍ സൗരവ് (19), പുളിയനം കോവാട്ട് നിധിന്‍ (18) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: അറസ്റ്റിലായ സൗരവ് പെണ്‍കുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു. പിന്നീട് കുറച്ച് കാലമായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിക്കുകയായിരുന്നു. ഇതില്‍ സൗരവ് അസ്വസ്ഥനായിരുന്നു.
സ്വകാര്യ കോളേജിലേക്ക് പോകുംവഴി മാള പള്ളിക്ക് സമീപത്തുവച്ച് സൗരവും നിധിനും ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ച് പെണ്‍കുട്ടിയെ ഇവര്‍ തടഞ്ഞുനിര്‍ത്തിയെങ്കിലും പെണ്‍കുട്ടി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്‍തുടര്‍ന്നെത്തിയ ഇവര്‍ പള്ളിക്ക് സമീപം വിജനമായ സ്ഥലത്തുവെച്ച് ആക്രമിക്കുകയായിരുന്നു. സൗരവ് ആണ് ബ്ലേഡുകൊണ്ട് മുഖത്ത് വരഞ്ഞത്. നിധിന്‍ ആണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മുഖത്ത് ആഴത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Top