ലണ്ടന്‍: പുതുവത്സരാഘോഷത്തിനിടെ ബ്രിട്ടനിലെ ലിവര്‍പൂളില്‍ ബഹുനില കാര്‍ പാര്‍ക്കിങ് കെട്ടിടത്തിന് തീപിടിച്ച് 1400 കാറുകള്‍ കത്തിനശിച്ചു. ലിവര്‍പൂളിലെ എക്കോ അരീന കാര്‍ പാര്‍ക്കിലാണ് തീപിടിച്ചത്. കോടികള്‍ വില വരുന്ന ആഢംബര കാറുകളാണ് കത്തി നശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യം ഒരു കാറിന് തീപിടിക്കുകയും പിന്നീട് അത് പടരുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
1600 കാറുകള്‍ പാര്‍ക്ക് ചെയ്യാവുന്ന സ്ഥലമാണിത്. പ്രാഥമിക അന്വേഷണത്തില്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് കണ്ടെത്തല്‍. വളരെ പെട്ടെന്ന് തീ മറ്റു കാറുകളിലേക്കും മറ്റുനിലയിലുണ്ടായിരുന്ന വാഹനങ്ങളിലേക്കും പടര്‍ന്നു.
ആര്‍ക്കും കാര്യമായ പരിക്കൊന്നുമില്ല. മൂന്നാം തട്ടിലുണ്ടായിരുന്ന ലാന്‍ഡ് റോവറില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ലിവര്‍പൂള്‍ മേയര്‍ പറഞ്ഞു. പാര്‍ക്കിന്റെ ആദ്യത്തെ നിലയില്‍ കുതിര പ്രദര്‍ശനം നടക്കുന്നുണ്ടായിരുന്നു.
തീ പടര്‍ന്നതോടെ ഇവയെ എല്ലാം വളരെ പെട്ടെന്ന് തന്നെ ഇക്കോ അരീനയിലേക്ക് മാറ്റി. അഗ്‌നിബാധയുണ്ടായ ഉടന്‍ അടുത്ത ബഹുനില കെട്ടിടങ്ങളിലുണ്ടായിരുന്നവരെ എല്ലാം ഒഴിപ്പിച്ചു.
തീപിടിത്തത്തെ തുടര്‍ന്ന് ലിവര്‍പൂള്‍ അന്താരാഷ്ട്ര കുതിര പ്രദര്‍ശനം റദ്ദാക്കി. നാല് ദിവസത്തെ പരിപാടി ഞായറാഴ്ച വൈകിട്ടത്തെ പ്രദര്‍ശനത്തോടെ അവസാനിക്കാനിരിക്കെയാണ് തീപിടിത്തമുണ്ടായത്.