തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വീണ്ടും ജാതി കലാപം; ഈഴവ മേല്‍ശാന്തിയെ പുറത്താക്കണമെന്ന ഭീഷണിയുമായി ഒരു വിഭാഗം

കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വീണ്ടും ജാതി കലാപം. ഈഴവ മേല്‍ശാന്തിയെ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കണമെന്ന് ഉന്നത ജാതിക്കാര്‍. ഈഴവ മേല്‍ശാന്തിയെ കാണിക്കവഞ്ചി എണ്ണാന്‍ അനുവദിക്കില്ലെന്ന് ക്ഷേത്രോപദേശക സമിതിയിലെ ഒരു വിഭാഗത്തിന്റെ ഭീഷണി. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി പുലിയന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയ കരുനാഗപ്പള്ളി അസി. കമ്മിഷണറും സബ് ഗ്രൂപ്പ് ഓഫീസറും ഭീഷണിയെ തുടര്‍ന്ന് മടങ്ങിപ്പോയി.

മൂന്ന് പതിറ്റാണ്ടായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ശാന്തിയായി പ്രവര്‍ത്തിക്കുന്ന മൈനാഗപ്പള്ളി കടപ്പ നവരംഗം ചെറുവിലില്‍ അശോകന്‍ തിരുമേനിയെ പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. ബുധനാഴ്ചയായിരുന്നു സംഭവം. രണ്ടര വര്‍ഷമായി ക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് ഇദ്ദേഹം. നേരത്തേ പോസ്റ്ററും ബാനറും ഇറക്കി ഇവര്‍ അപമാനിക്കാനും ശ്രമിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1988 ലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അശോകന്‍ തിരുമേനിയെ ശാന്തിയായി നിയമിച്ചത്. ക്ഷേത്രത്തിലെ തളി ജോലികള്‍ ചെയ്യുന്ന ഓച്ചിറ സ്വദേശിയായ ഈഴവ സ്ത്രീ ഉഷയെയും പുറത്താക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഉഷ ജോലിയില്‍ നിന്ന് വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രമാണ് ശേഷിക്കുന്നത്.

ജാതിയുടെ പേരില്‍ അശോകനെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന്‍, സംവരണ സംരക്ഷണ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂണിയന്‍ പ്രസിഡന്റുമായ മോഹന്‍ ശങ്കര്‍, കരുനാഗപ്പള്ളി യൂണിയന്‍ സെക്രട്ടറി എ. സോമരാജന്‍, പ്രസിഡന്റ് കെ. സുശീലന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അശോകന് ഐക്യദാര്‍ഢ്യവുമായി എസ്.എന്‍.ഡി.പി യോഗം, കെ.ഡി.എഫ് നേതാക്കള്‍ ഇന്ന് രാവിലെ 10ന് ക്ഷേത്രം സന്ദര്‍ശിക്കും.

ഈഴവന്‍ മേല്‍ശാന്തി ആയതിന്റെ പേരിലുള്ള ഇഷ്ടക്കേടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പൂജ ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് ആദ്യമാണ്. മുപ്പത് വര്‍ഷത്തെ ഈശ്വരോപാസനയ്ക്കിടെ ഓച്ചിറ ദേവസ്വം, കായംകുളം പുതിയിടം ദേവസ്വം, കരുനാഗപ്പള്ളി പുതിയകാവ് ദേവീക്ഷേത്രം, കട്ടച്ചിറ മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു അനുഭവം ആദ്യമാണ്.

Top