കോട്ടയം:കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ന്യായീകരിക്കുന്ന തരത്തിൽ കത്തോലിക്കാ സഭ രംഗത്ത് വന്നതിനു പ്രതിഷേധം ശക്തമാകുന്നു.ഇത്രയ്ക്ക് അധമന്മാരാണോ കത്തോലിക്കാ പുരോഹിതന്‍”ഫ്രാങ്കോയുടെ സഹപാഠി വൈദികന്‍ ചോദിക്കുന്നു.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്ക് നീതി തേടി തെരുവില്‍ സമരം ചെയ്യേണ്ടിവന്ന കന്യാസ്ത്രീകളുടെ ക്രൈസ്തവമൂല്യത്തേയും സന്യാസ ജീവിതത്തേയും ചോദ്യം ചെയ്തും ബിഷപ്പിന്റെ അറസ്റ്റില്‍ വേദനിച്ചും ഖേദിച്ചും കെ.സി.ബി.സിക്ക് വേണ്ടി സര്‍ക്കുലര്‍ പുറത്തിറക്കിയ ഔദ്യോഗിക വക്താവ് ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന് മറുപടിയുമായി ഒരു കത്തോലിക്കാ പുരോഹിതന്‍ രംഗത്ത്
കെ.സി.ബി.സിയുടെ പേരില്‍ വള്ളിക്കാട്ട് പടച്ചുവിട്ട അതിനിന്ദ്യമായ ഒരു പ്രസ്താവനയെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയുവാന്‍ ഇടയായി. ”ഇത്രയ്ക്ക് അധമന്മാരാണോ കത്തോലിക്കാ പുരോഹിതന്‍” എന്നാണ് ആ പ്രസ്താവനയെക്കുറിച്ച് സാധാരണ വിശ്വാസികള്‍ തന്നോട് ചോദിച്ചത്. അവരുടെ മുന്നില്‍ താന്‍ ചൂളിപ്പോയതുകൊണ്ടാണ് ഈ മറുപടിയെന്ന് കത്തിന്റെ തുടക്കത്തില്‍ പറയുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ സഹപാഠിയും ഫാ.വള്ളിക്കാട്ടിനെ അറിയുന്ന ആളുമാണെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് അയച്ച കത്തിലാണ് അദ്ദേഹം ഫാ.വള്ളിക്കാട്ടിന് മറുപടി നല്‍കുന്നത്. തന്റെ പേര് വ്യക്തമാക്കിയാല്‍ സഭാതലങ്ങളില്‍ നിന്ന് വരാനിടയുള്ള വിമര്‍ശനങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തില്‍ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിക്കുന്നു.
കത്തോലിക്കാ സഭയെ നാണംകെടുത്താന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന വള്ളിക്കാട്ടിനെപോലെയുള്ളവരോട് എനിക്ക് പുച്ഛം തോന്നുന്നു. ഫ്രാങ്കോ ബിഷപ്പിന് തെറ്റുപറ്റി. വേണ്ട സമയത്ത് തിരുത്താനോ രമ്യതപ്പെടാനോ ശ്രമിക്കാത്തതിനാല്‍, ഇരയോട് കരുണയില്ലാതെ പെരുമാറിയപ്പോള്‍, കേരള സമൂഹം മുറിവേറ്റ ആ മകളെ ഏറ്റെടുത്തു. ആ മകള്‍ക്കുവേണ്ടി തെരുവിലിറങ്ങാനും ഉണ്ണാവ്രതം നടത്താനും നീതിബോധമുള്ള കേരളത്തിലെ ജനങ്ങള്‍ തയ്യാറായി. ആ മകളുടെ കണ്ണുനീര്‍ ‘അത്യുന്നതന്‍’ കണ്ടില്ലെന്ന് മാത്രമല്ല, അവളെ അവഹേളിക്കാന്‍ ‘എന്നോട് ആ സ്ത്രീ ഒന്നും പറഞ്ഞിട്ടില്ലെന്ന’ നുണയും തട്ടിവിടുകയും ചെയ്തു. ഇത്രയും വലിയ നുണ അത്യുന്നതന്‍ തട്ടിവിട്ടപ്പോള്‍ എവിടെയായിരുന്നു വള്ളിക്കാട്ട്? അന്ന് ഒരു പ്രസ്താവന ഇറക്കാന്‍ മേലായിരുന്നോ?
ഇരയാക്കപ്പെട്ടവളെ വിലയ്‌ക്കെടുക്കാന്‍ ഭീഷണിയും ഒപ്പം വലിയ സമ്മാനങ്ങളുമായി എര്‍ത്തയില്‍ എന്ന സി.എം.ഐ വൈദികന്‍ ഇറങ്ങിയപ്പോള്‍, അയാള്‍ നിയമവിരുദ്ധമായാണ് ചെയ്യുന്നതെന്ന് കണ്ടപ്പോള്‍, അയാള്‍തന്നെ അത് ഏറ്റുപറഞ്ഞപ്പോള്‍, നീ എന്തുകെണ്ട് പ്രസ്താവനയുമായി വന്നില്ല? അയാള്‍ ചെയ്തത് കത്തോലിക്കാ പുരോഹിതന് ചേര്‍ന്നതല്ല എന്ന് പ്രസ്താവിക്കാന്‍ എന്തുകൊണ്ട് സാധിച്ചില്ല?
കെട്ടിച്ചമച്ച തെളിവുകളുമായി പോലീസിനുമുന്നില്‍ ഹാജരായി മെത്രാന്‍ പദവിയെ ഫ്രാങ്കോ നാണംകെടുത്തിയപ്പോള്‍, മെത്രാന്റെ വേഷവിതാനങ്ങളോടെ സപ്തനക്ഷത്ര ഹോട്ടലില്‍ നിന്ന പോലീസിനു മുന്നിലേക്ക് ഫ്രാങ്കോ വരുകയും പോകുകയും ചെയ്തപ്പോള്‍ നീ എവിടെയായിരുന്നു. ഒന്ന് പറഞ്ഞുകൂടായിരുന്നോ സഭയെ നാണംകെടുത്തരുതെന്ന്? മെത്രാന്‍സ്ഥാനത്തുനിന്ന് മാറിനിന്നുകൊണ്ട് വിചാരണ നേരിടാന്‍ പറയാമായിരുന്നില്ലേ? അദ്ദേഹം കാണിക്കുന്നത് തെറ്റാണെന്ന് പ്രസ്താവിച്ചുകൂടായിരുന്നോ? ഫ്രാങ്കോയേക്കാള്‍ വലുതാണ് കത്തോലിക്കാ സഭയെന്ന് ഒന്ന് ഓര്‍മ്മിപ്പിച്ചുകൂടായിരുന്നോ?
അഗസ്റ്റിന്‍ വട്ടോളിയച്ചനും മറ്റു വൈദികരും സന്യസ്തരും അല്‍മായരും നാനാജാതി മതസ്ഥരായ ജനങ്ങളും ചെയ്ത സമരം സഭയ്‌ക്കെതിരെയായിരുന്നുവെന്ന് നിന്നോടാരാണ് പറഞ്ഞത്.? കേരളത്തിലെ ഒരാളും നിന്റെ നുണ വിശ്വസിക്കില്ല. നിന്നെപോലുള്ള മെത്രാന്‍ സ്ഥാനമോഹികള്‍ സഭയുടെ ഇത്തരം സ്ഥാനങ്ങളില്‍ കയറിയിരിക്കുമ്പോള്‍ മാത്രമേ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ വെളിച്ചം കാണൂ. വിശ്വാസവും വിവരവും വിവേകവും ‘കാലത്തിന്റെ മാറ്റവും ഗ്രഹിക്കാന്‍ കഴിവുമുള്ള’ നല്ല വൈദികരെയാണ് സെക്രട്ടറിമാരാക്കേണ്ടത് എന്ന് നല്ല മെത്രാന്മാരെങ്കിലും കെ.സി.ബി.സിയില്‍ ഉണ്ടെങ്കില്‍ അവരോട് അഭ്യര്‍ത്ഥിക്കുകയാണ്. സ്ഥലക്കച്ചവടവും സാമ്പത്തിക തട്ടിപ്പും പീഡനവുമൊക്കെയായി നടക്കുന്ന അത്യുന്നതന്മാരേയും ഇത്തരം വിലകുറഞ്ഞ പ്രസ്താവന നടത്തുന്നവരെയും എനിക്ക് ചുമക്കാന്‍ വയ്യ. ക്ഷമിക്കുക- അദ്ദേഹം പറയുന്നു.