കോട്ടയം: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കുതിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്നു. വോട്ടെണ്ണല്‍ പത്ത് റൗണ്ടുകള്‍ കടക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ ചരിത്രഭൂരിപക്ഷത്തിലേക്ക് കടക്കുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. ചാണ്ടി ഉമ്മന്റെ ലീഡുകള്‍ 30000 കടക്കുകയാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ 65598 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 32569 വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 3297 വോട്ടുകളും നേടി. ചാണ്ടി ഉമ്മന്റെ ഇതുവരെയുള്ള ലീഡ് 33020 ആണ്.
പുതുപ്പള്ളിയില്‍ മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണയ്ക്കാതിരിക്കുകയായിരുന്നു. സിപിഐഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ഡിഎഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്.