കഠിന വകുപ്പുകള്‍ ചുമത്തി കുറ്റപത്രം..!! ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ജീവപര്യന്തം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം. ബലാത്സംഗം ഉള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നത് നീളുന്നതിനെതിരെ പല തലത്തില്‍ നിന്നും പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് പോലീസ് നടപടി.

അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗികമായി പീഡിപ്പിച്ചു. അന്യായമായി തടഞ്ഞുവച്ചു, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തി, ഭീഷണിപ്പെടുത്തി മേലധികാരം ഉപയോഗിച്ച് തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ ലൈംഗികമായി ദുരുപയോഗം ചെയ്തു തുടങ്ങിയവയാണ് പ്രധാന കുറ്റകൃത്യങ്ങള്‍. നാളെ പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു എന്നതടക്കം കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. കേസില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെ 83 സാക്ഷികളാണ് ഉള്ളത്. ഇതില്‍ 11 വൈദികരും, 3 ബിഷപ്പുമാരും, 25 കന്യാസ്ത്രീമാരും, രഹസ്യമൊഴിയെടുത്ത മജിസ്‌ട്രേട്ടുമാര്‍ എന്നിവരും ഉള്‍പ്പെടും. ജീവപര്യന്തം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡിജിപിയുടെ അനുമതി നല്‍കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരം കൊച്ചി വഞ്ചി സ്‌ക്വയറിലെത്തി പതിനഞ്ച് ദിവസം കന്യാസ്ത്രീമാര്‍ സമരം നടത്തിയതിനെ തുടര്‍ന്നാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ബലാത്സംഗം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീമാര്‍ സമരമിരുന്നതോടെ പൊതുസമൂഹവും പിന്തുണയുമായെത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റുണ്ടായെങ്കിലും തുടര്‍നടപടികള്‍ക്ക് വേഗതയുണ്ടായില്ല. കുറ്റപ്പത്രം നവംബറില്‍ തന്നെ തയ്യാറാക്കിയെന്നാണ് അന്വേഷണ സംഘംഅവകാശപ്പെടുന്നത്. എന്നാല്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങള്‍ പിന്നെയും താമസിക്കുകയായിരുന്നു.

Top