
പൊളിറ്റിക്കൽ ഡെസ്‌ക്
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ദ്വിമുഖ തന്ത്രവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിൽ വിജയകരമായി നടപ്പാക്കിയ തന്ത്രം തന്നെയാണ് സിപിഎം ഇനി കേരളമൊട്ടാകെ പയറ്റാൻ ശ്രമിക്കുന്നത്. ശക്തി കുറഞ്ഞ ചെറു രാഷ്ട്രീയപാർട്ടികളെ ഒപ്പം കൂട്ടി മുന്നണി വിപുലീകരിക്കാതെ, സമുദായ സംഘടനകളെ വിശ്വാസത്തിൽ എടുത്തുള്ള വോട്ട് രാഷ്ട്രീയത്തിനാണ് സിപിഎം ഒരുങ്ങുന്നത്.
ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിനു അതീതമായ മത വിഭജന തന്ത്രമാണ് സി.പി.എം സ്വീകരിച്ചത്. ബിജെപിക്കൊപ്പം നിൽക്കുന്ന എസ്.എൻ.ഡി.പി – ബിഡിജെ.എസ് വോട്ടുകളിൽ പത്തു ശതമാനത്തിനു മുകളിൽ തങ്ങൾക്കു ലഭിക്കുമെന്നു സിപിഎം ആദ്യം മുതൽ കണക്കു കൂട്ടിയിരുന്നു. ഇതു കൂടാതെ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഓർത്തഡോക്‌സ് സഭയെഒപ്പം നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിൽ നിന്നു. മറ്റു ചെറിയ സമുദായങ്ങളെയെല്ലാം കൃത്യമായി കൈകാര്യം ചെയ്യുകയും ചെയ്തു. ഇതോടെ വോട്ട് ബാങ്ക് രാഷ്ട്രീയം കൃത്യമായി കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചു. ചെങ്ങന്നൂരിൽ ജാതിമത കക്ഷികളെ ഒപ്പം നിർത്തുന്നതിനൊപ്പം, ജാതിമത വ്യത്യാസമില്ലാതെ ചെറുകിട വൻകിട വ്യവസായികളെ ഒപ്പം നിർത്താൻ നിരന്തരം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ യോഗങ്ങൾ വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വൻ വിജയമായിരുന്നെന്നാണ് ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പിലും ഇതേ തന്ത്രം തന്നെ തുടരുന്നതിനാണ് ആലോചന.
ഇതിന്റെ ഭാഗമായി ഓരോ ജില്ലയെയും രണ്ടായി തിരിച്ച് ഓരോ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ചുമതല നൽകും. അതത് പ്രദേശത്തെ പ്രാദേശിക ജാതി സമവാക്യങ്ങൾ ഏകോപിപ്പിക്കുകയാണ് ഈ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ ചുമതല. ഓരോ പ്രദേശത്തെയും മത ശക്തികൾക്ക് പാർട്ടിയുമായോ സർക്കാരുമായോ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കണ്ടെത്തി ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഈ സംസ്ഥാന കമ്മിറ്റി അംഗം സ്വീകരിക്കണം. ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ കൂടാതെയാണ് സർക്കാർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മാത്രം ഒരു സംസ്ഥാന കമ്മിറ്റി അംഗത്തെ പാർട്ടി ചുമതലപ്പെടുത്തുന്നത്.
ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് ഇത് സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടു വരണം. ഈ സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പാർട്ടിയും സർക്കാരും വിഷയത്തിൽ ഇടപെടുക. പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി എല്ലാ ജില്ലയിലെയും രണ്ടു മേഖലകളിലും മതമേലധ്യക്ഷൻമാരുടെയും, വ്യവസായ പ്രമുഖരുടെയും യോഗം വിണ്ടും വിളിച്ചു ചേർക്കും. ഇവരിൽ നിന്നു സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദേശിക്കുന്നതിനൊപ്പം സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടും ആവശ്യപ്പെടുമെന്നാണ് സൂചന.
ഇതിനിടെ എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ മമ്മൂട്ടിയെ സ്ഥാനാർഥിയാക്കാനുള്ള ശ്രമം ഒരു വിഭാഗം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ശശിതരൂർ മത്സരിച്ചാൽ ബിജെപി പിൻതുണയോടെയാണെങ്കിലും അട്ടിമറിക്കാനുള്ള നീക്കവും സജീവമാണ്. പ്രത്യേക്ഷത്തിൽ ശത്രുപക്ഷത്താണെങ്കിലും നിലവിൽ കേരളത്തിലെ സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയും പരസ്പരം പോരയിച്ച് വളരുകയാണ്. ഇത് കൂടുതൽ ദോഷം ചെയ്യുക കോൺഗ്രസിനും.