ആലപ്പുഴ: ചെങ്ങന്നൂര്‍ ഇത്തവണ പിസി വിഷ്ണുനാഥിന് തിരിച്ചടി നല്‍കും. ചതുഷ്‌കോണ മത്സര ചൂടില്‍ തിളയ്ക്കുന്ന ചെങ്ങന്നൂരില്‍ സ്വതന്ത്രയായി മത്സരിക്കുന്ന ശോഭനാ ജോര്‍ജ്ജ് തിളങ്ങുമെന്നാണ് പറയുന്നത്. കാരണം മറ്റൊന്നുമല്ല, ഓര്‍ത്തഡോക്സ് സഭ ശോഭനാ ജോര്‍ജ്ജിനൊപ്പമാണ്. ശോഭനയ്ക്ക് വോട്ട് ചെയ്യാനാവശ്യപ്പെട്ട് ക്രൈസ്തവ സഭ മുന്നോട്ട് വന്നിരിക്കുകയാണ്.
ബിജെപിയുടെ അഡ്വക്കേറ്റ് പിസി ശ്രീധരന്‍ പിള്ള നായര്‍ വോട്ടുകളില്‍ ഭൂരിപക്ഷവും നേടമെന്ന ഉറപ്പിലാണ് വിഷ്ണു നാഥ് ഇറങ്ങിയത്. എന്നാല്‍, കണക്കുകൂട്ടലൊക്കെ തെറ്റി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതോടെ ആര്‍ക്ക് വേണമെങ്കിലും ജയിക്കാവുന്ന അവസ്ഥയിലേക്ക് ചെങ്ങന്നൂരിലെ രാഷ്ട്രീയ ചിത്രം മാറുകയാണ്.
ശോഭനാ ജോര്‍ജിന് സഭാ അടിസ്ഥാനത്തില്‍ വോട്ട് തേടി ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ രംഗത്ത് എത്തിയിട്ടുണ്ട്. സഭയുടെ മകള്‍ക്ക് വോട്ട് ചെയ്യാന്‍ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ആഹ്വാനം ചെയ്തു.
ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് സെന്റ് ഇഗ്നേഷ്യസ് പള്ളിയില്‍ നടന്ന ധ്യാനത്തിനിടെയാണ് ആഹ്വാനം. യു.ഡി.എഫ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ശോഭനാ ജോര്‍ജിന്റെ പേര് എടുത്ത് പറയാതെയായിരുന്നു പ്രഖ്യാപനം. ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 51 പള്ളികളിലെ വിശ്വസികളും വികാരിമാരുമാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.സി വിഷ്ണുനാഥിനെതിരെ വിമതയായി രംഗത്തു വന്ന ശോഭനാ ജോര്‍ജിനെ സഭ ഇടപെട്ടാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചത്
അന്ന് സഭയ്ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നാണ് സൂചന. ഇതേതുടര്‍ന്നാണ് ഇത്തവണ ശോഭന ജോര്‍ജിന് പരോക്ഷ പിന്തുണയുമായി സഭാ നേതൃത്വം രംഗത്ത് വന്നത്. മൂന്ന് തവണ എംഎല്‍എയായ ശോഭനാ ജോര്‍ജിന് മണ്ഡലത്തില്‍ നിര്‍ണ്ണായക സ്വാധീനമുണ്ട്. ശോഭനാ ജോര്‍ജ് കൂടി രംഗത്തു വന്നതോടെ മണ്ഡലത്തില്‍ ചതുഷ്‌കോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി വോട്ടുകള്‍ ഉറപ്പായതിനാല്‍ പരമ്പരാഗതമായി ലഭിക്കാത്ത ഈ വോട്ടുകള്‍ ശോഭനാ ജോര്‍ജിന് കിട്ടുന്നത് ജയമൊരുക്കുമെന്ന് ഇടതുപക്ഷവും പറയുന്നു.
അതായത് ഓര്‍ത്തഡോക്സ് സഭയുടെ പിന്മാറ്റം ബാധിക്കുന്നത് വിഷ്ണുനാഥിനെ മാത്രമാണ്. പരമ്പരാഗതമായി കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നവരാണ് ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്സുകാരെന്നാണ് വിലിയിരുത്തല്‍. ഈ വോട്ടുകള്‍ ശോഭനാ ജോര്‍ജിന് മാറുമ്പോള്‍ തിരിച്ചടി വിഷ്ണുനാഥിന് മാത്രമാണ്. ഒരു സമുദായത്തിന്റെ മാത്രം പിന്തുണയില്‍ ശോഭനാ ജോര്‍ജിന് ജയിക്കാനാവില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ സ്വതന്ത്ര പക്ഷത്തേക്ക് മാറുന്നത് ഇടതിനും വലതിനും നേട്ടമാകും. പിസി ശ്രീധരന്‍ പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വമാണ് ചെങ്ങന്നൂരിനെ ശ്രദ്ധേകേന്ദ്രമാക്കിയത്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ പ്രചരണത്തില്‍ ബിജെപി മുന്‍തൂക്കം നേടുകയും ചെയ്തു.
സിറ്റിങ് എംഎല്‍എ പിസി വിഷ്ണുനാഥിന് ഈസി വാക്കോവര്‍ കിട്ടുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ നേമവും വട്ടിയൂര്‍ക്കാവും പോലെ ബിജെപിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമായി ചെങ്ങന്നൂര്‍ മാറുകയാണ്. ശ്രീധരന്‍ പിള്ളയുടെ തന്ത്രപരമായ ഇടപെടലിലൂടെ ചെങ്ങന്നൂര്‍ ബിജെപിയോട് അടുക്കുകയാണ്. പ്രചരണത്തില്‍ ഏറെ മുന്നേറിയ ബിജെപി എതിരാളികളെ ബഹുദൂരം ചെങ്ങന്നൂരില്‍ പിന്നിലാക്കി. ആലപ്പുഴയിലെ വിഭാഗിയത ചെങ്ങന്നൂരിലെ സിപിഐ(എം) സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ബാധിച്ചതും ശ്രീധരന്‍പിള്ളയെ സഹായിക്കുന്ന ഘടകമായി. ഇതിനൊപ്പമാണ് സുകുരമാന്‍നായരുടെ സര്‍വ്വ പിന്തുണയും. എന്‍എസ്എസ് ശ്രീധരന്‍ പിള്ളയെ പിന്തുണച്ചാല്‍ വിഷ്ണുനാഥിന്റെ കാര്യം പരുങ്ങലിലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോലും തിരിച്ചറിഞ്ഞു. അങ്ങനെയാണ് സുകുമാരന്‍ നായരെ വശത്താക്കാന്‍ മുഖ്യമന്ത്രി നേരിട്ടെത്തിയത്. എന്നാല്‍ ശ്രീധരന്‍ നായരോടുള്ള സുകുമാരന്‍ നായരുടെ സ്നേഹം മനസ്സിലാക്കി മടങ്ങാനേ ഉമ്മന്‍ ചാണ്ടിക്കായുള്ളൂ എന്നാണ് സൂചന. ഇതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് വിശദീകരണവും.
എല്ലാ വിഭാഗത്തേയും കൈയിലെടുത്തുള്ള വോട്ട് ചോദ്യത്തിന് വലിയ പ്രതികരണം കിട്ടുന്നുവെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും തിരിച്ചറിയുന്നു. ഇതോടെ ബിജെപി മുന്നണിക്ക് ജയസാധ്യതയുള്ള മണ്ഡലമായി ചെങ്ങന്നൂര്‍ മാറുകയാണ്. നായര്‍ഈഴവക്രൈസ്ത വോട്ടുകള്‍ ഇവിടെ നിര്‍ണ്ണായകമാണ്. സുകുമാരന്‍നായരിലൂടെ നായര്‍ വോട്ടുകളും ബിഡിജെഎസിലൂടെ ഈഴവരേയും കൈയിലെടുക്കുകയാണ് ശ്രീധരന്‍ നായര്‍. കേന്ദ്ര ഭരണത്തിന്റെ സ്വാധീനത്തണലില്‍ ക്രൈസ്തവ സഭകളും അടുക്കുന്നു.
ചെങ്ങന്നൂരില്‍ സിറ്റിങ് എംഎല്‍എ പി.സി വിഷ്ണുനാഥിന് ഭീഷണിയായി മുന്‍ എംഎല്‍എ ശോഭന ജോര്‍ജ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണത്തില്‍ സജീവമാണ്. കഴിഞ്ഞ തവണയും വിമത ഭീഷണി ഉയര്‍ത്തിയ ശോഭനയെ നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇത്തവണ അതിന് കഴിഞ്ഞില്ല. ഇതും ശ്രീധരന്‍പിള്ളയ്ക്ക് പ്രതീക്ഷയാണ്. ശോഭനാ ജോര്‍ജ് നേടുന്ന വോട്ടുകള്‍ ക്രൈസ്തരുടേതാകുമെന്നാണ് വിലയിരുത്തല്‍. ഇത് ശരിവയ്ക്കുന്നതാണ് ഓര്‍ത്തഡോക്സ് സഭയുടെ ആഹ്വാനം. ബിജെപിയെ ജയിപ്പിക്കാനുള്ള സഭയുടെ തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരമുണ്ട്.