റായ്പൂര്‍: അധികാരത്തിലേറിയ കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ ശുദ്ധികലശം തുടങ്ങി. ബിജെപിയുടെ 15 വര്‍ഷത്തെ ഭരണത്തിലൂടെ നടന്ന അഴിമതികള്‍ക്ക് തടയിട്ട് തുടക്കം. ബിജെപി ഭരണകൂടം തിരഞ്ഞെടുപ്പിന് മുമ്പ് തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ച ഓരോ പദ്ധതികളും സൂക്ഷ്മമായി പരിശോധിക്കുകയാണ് പുതിയ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍. അഴിമതി നടന്നിട്ടുണ്ടെന്ന് തോന്നുന്ന പദ്ധിതികള്‍ മരവിപ്പിക്കാന്‍ തീരുമാനിച്ചു.
ഇതിന്റെ ആദ്യ പടിയായി ബിജെപിയുടെ രമണ്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്ട് ഫോണ്‍ പദ്ധതി മരവിപ്പിച്ചു.
സ്വകാര്യ കമ്പനിക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കിയതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് നടപടി. സംസ്ഥാനത്ത് ശുദ്ധികലശത്തിന് ഒരുങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയ സംസ്ഥാനമാണ് ഛത്തീസ്ഗഡ്.
മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ് സര്‍ക്കാരിന്റെ ബൃഹദ് പദ്ധതിയായിരുന്നു സ്മാര്‍ട്ട് ഫോണ്‍ പ്രൊജക്ട്. 50 ലക്ഷം കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതായിരുന്നു പദ്ധതി. ആറ് മാസം മുമ്പാണ് രമണ്‍ സിങ് സര്‍ക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ പദ്ധതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഫോണ്‍ വിതരണം ചെയ്യുന്നതിന് ഒരു ടെലികോം കമ്പനിയെയും സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. ഈ പദ്ധതി പുതിയ സര്‍ക്കാര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി. ചില സംശയങ്ങള്‍ തോന്നിയതിനെ തുടര്‍ന്ന് മരവിപ്പിച്ചു.
്
ഈ തിരഞ്ഞെടുത്ത നടപടി ക്രമങ്ങളില്‍ ചട്ടലംഘനം നടന്നുവെന്നാണ് കണ്ടെത്തല്‍. 20 ലക്ഷത്തോളം ഫോണുകള്‍ വിതരണം ചെയ്തിരുന്നു. വിതരണം ചെയ്ത ഫോണുകളില്‍ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിന്റെ ചിത്രമാണ് ഫോണുകളില്‍ ആദ്യം തെളിയുക. ബിജെപിയെ ബന്ധപ്പെടുത്തുന്ന ചില ആപ്ലിക്കേഷനുകളും മൊബൈലിലുണ്ട്.