ന്യൂഡൽഹി:വീണ്ടും ചരിത്ര വിധി !! സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇനിമുതൽ വിവരാവകാശ പരിധിയിൽ. ദില്ലി ഹൈക്കോടതി വിധി ശരി വച്ച് സുപ്രീം കോടതി തന്നെയാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്‌റ്റിസ് ഓഫീസ് പൊതു അതോറിറ്റിയെന്ന പരാമർശത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പരിക്കേല്‍പ്പിക്കില്ലെന്ന് വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ ബഞ്ച് ഇന്ന് തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ തേടി സുഭാഷ് ചന്ദ്ര അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയതോടെയാണ് ഇതുസംബന്ധിച്ച തര്‍ക്കങ്ങള്‍ തുടങ്ങിയത്. സുഭാഷ് ചന്ദ്ര അഗര്‍വാള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രീംകോടതി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് വിഷയം കോടതിയിലെത്തി.
ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ആര്‍.ടി.ഐ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ 2010ലാണ് സുപ്രീംകോടതി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അപ്പീല്‍ നല്‍കിയത്. 2016 ഓഗസ്റ്റില്‍ ഈ കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടു. 2019 ഏപ്രിലിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിവെച്ചത്. ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചാണ് ഇന്ന് ഉത്തരവുണ്ടായത്.