കൊച്ചി:ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സര്‍വീസ് ചട്ടം ലംഘിച്ചു ? മതപരിവര്‍ത്തനത്തിനു പരസ്യാഹ്വാനം നല്‍കിയതിനാല്‍ ചീഫ് സെക്രട്ടറിക്കെതിരേ സര്‍വീസ് ചട്ടലംഘനത്തിന് നടപടിവേണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. ഭരണഘടനാപരമായ മതവിശ്വാസ സ്വാതന്ത്ര്യത്തിനപ്പുറം ഐഎഎസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട സര്‍വീസ് അച്ചടക്കത്തിന്റെ ലംഘനമാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയതെന്നാണ് വിമര്‍ശനം. മുന്‍ ചീഫ് സെക്രട്ടറിമാരില്‍ പലരും നടപടിയെ വിമര്‍ശിച്ചു.
തമിഴ്‌നാട്ടില്‍ സമാനമായ സംഭവത്തില്‍ സി. ഉമാശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരേ എടുത്ത സര്‍ക്കാര്‍ നടപടിയുടെ മാതൃക പിന്തുടരണമെന്നാണ് ആവശ്യം. മതപരിവര്‍ത്തനത്തിന് പരസ്യാഹ്വാനം നല്‍കിയ ചീഫ് സെക്രട്ടറി മതസ്പര്‍ദ്ധ വളര്‍ത്താനും സാമുദായിക അസ്വസ്ഥതകളുണ്ടാക്കാനും കാരണക്കാരനായെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
കോട്ടയത്ത് പഴയസെമിനാരിയുടെ ദ്വിശതാബ്ദി ആഘോഷസമാപന സമ്മേളനത്തിലെ മുഖ്യപ്രഭാ ഷണത്തിലാണ് ചീഫ് സെക്രട്ടറിയുടെ സുവിശേഷ പ്രഖ്യാപനമുണ്ടായത്. ‘എല്ലായിടത്തും ക്രിസ്തുവിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിയ്ക്കുമുണ്ട്. ഞാനും നിങ്ങളും ആ ദൗത്യം ഏറ്റെടുക്കണം’ എന്നായിരുന്നു ജിജി തോംസണ്‍ പറഞ്ഞത്.
ഭരണഘടനയുടെ അനുച്ഛേദം 25 ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ പെടുത്തി, മതവിശ്വാസത്തിനും ആചരണത്തിനും സ്വാതന്ത്ര്യം നല്‍കുന്നത് സാധാരണ പൗരനെന്ന നിലയിലാണ്. എന്നാല്‍, ഐഎഎസ് ഉദ്യോഗസ്ഥനായ ചീഫ്‌സെക്രട്ടറി ജിജി തോംസണ്‍ ഐഎഎസ് ചട്ടങ്ങള്‍ പാലിച്ചു വേണം പ്രവര്‍ത്തിക്കാന്‍. ആ ചട്ടമാണിവിടെ ലംഘിച്ചിരിക്കുന്നത്. മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്‍. സുബ്രഹ്മണ്യം തമിഴ്‌നാട്ടിലെ ഉമാശങ്കറിന്റെ വിഷയത്തില്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെ: ഭരണഘടനയുടെ 25-ാം അനുച്ഛേദത്തോടൊപ്പം കോണ്‍ഡക്ട് റൂള്‍സ് ഓഫ് സിവില്‍ സര്‍വീസ് ഓഫീസേഴ്‌സും ചേര്‍ത്തുവേണം ഇവിടെ പരിഗണിക്കാന്‍. ഭരണഘടന ആവിഷ്‌കാര സ്വാതന്ത്ര്യം അനുവദിക്കുന്നു. പക്ഷേ, സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാന്‍ പാടില്ല. ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് മതം പ്രചരിപ്പിക്കാന്‍ അനുവാദമില്ല. എന്നാല്‍, ജിജി തോംസണ്‍ നടത്തിയത് മതവിശ്വാസ പ്രകടനം മാത്രമല്ല, മതപരിവര്‍ത്തനത്തിനുള്ള ആഹ്വാനം തന്നെയാണ്.
പാമോയില്‍ കേസില്‍ വിവാദ ഉദ്യോഗസ്ഥനായ, തലസ്ഥാനത്ത് അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് പരക്കെ പരാതിയുള്ളയാളാണ് ജിജി തോംസണ്‍. ഇദ്ദേഹത്തിനെതിരേ, മന്ത്രിമാര്‍ക്കുംമേലേ അധികാരം പ്രകടിപ്പിക്കുന്നുവെന്ന കാരണത്താല്‍ സംസ്ഥാന മന്ത്രിമാര്‍ക്കും മുന്നണി ഘടകകക്ഷി നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പുണ്ട്. പക്ഷേ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വഴിവിട്ട് സംരക്ഷിക്കുന്നുവെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുള്ള രണ്ടുദ്യോഗസ്ഥരില്‍ ഒരാളാണ് ചീഫ് സെക്രട്ടറി. മറ്റൊരാള്‍ ടോമിന്‍ തച്ചങ്കരിയാണ്.ജിജി തോംസണിന്റെ ആഹ്വാനം സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന, സംസ്ഥാന ഗവര്‍ണ്ണറുടെ സാന്നിദ്ധ്യത്തിലായിരുന്നുവെന്നത് കൂടുതല്‍ ഗൗരവമുള്ള വിഷയമാണ്.
ജിജി തോംസണെ പുറത്താക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഗവര്‍ണ്ണറോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുവിശേഷവല്‍ക്കരണം മതം മാറ്റത്തിനുള്ള സഭാനടപടിയാണ്. ഇതരമതസ്ഥരെ സുവിശേഷവല്‍ക്കരിച്ച് ക്രിസ്തുമത വിശ്വാസികളാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തീവ്രമതവിശ്വാസികളാണ്. മതതീവ്രതയും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്ന ആപല്‍ക്കരമായ നിലപാടാണ് ചീഫ് സെക്രട്ടറിയുടേത്, കുമ്മനം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ മതപരിവര്‍ത്തന ആഹ്വാന വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളോ പ്രതിപക്ഷ നേതാവോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.