തിരുവനന്തപുരം: മാനസിക പ്രശ്നങ്ങൾക്ക് കൗൺസിലിങിന് എത്തിയ പതിമൂന്നുകാരനെ പല തവണ പീഡിപ്പിച്ച കേസിൽ പ്രതിയായ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.കെ.ഗിരീഷിനെ (59) 7 വർഷം കഠിനതടവിന് ശിക്ഷിച്ചു. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയാണ് ഡോ. കെ ഗിരീഷിനെതിരെ ശിക്ഷ വിധിച്ചത്. മറ്റൊരു ആണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നേരത്തേയും ഇതേ കോടതി ഗിരീഷിനെ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യം തേടി.
സ്വകാര്യ ക്ലിനിക്കില്‍വെച്ച് കുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2015 ഡിസംബര്‍ ആറ് മുതല്‍ 2017 ഫെബ്രുവരി 21 വരെയുള്ള കാലയളവില്‍ കൗണ്‍സിലിംഗിന് എത്തിയപ്പോഴായിരുന്നു പീഡനം. തുടര്‍ന്ന് കുട്ടിയുടെ മനോനില കൂടുതല്‍ ഗുരുതരമായി. തുടര്‍ന്ന് പ്രതി മറ്റൊരു ഡോക്ടറെ കാണാന്‍ നിര്‍ദേശിക്കുകയും പീഡന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കുട്ടി ഭയന്ന് ഇക്കാര്യം പുറത്ത് പറഞ്ഞുമില്ല.
തുടര്‍ന്ന് വീട്ടുകാര്‍ മറ്റ് പല മനോരോഗ വിദഗ്ധരെ കാണിച്ചെങ്കിലും മാറ്റമില്ലാത്തതിനാല്‍ 2019 ന് കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രി സൈക്കാട്രി വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. 2019 ജനുവരി മുപ്പതിന് ഡോക്ടര്‍മാര്‍ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് കുട്ടി രണ്ട് വര്‍ഷം മുമ്പ് പ്രതി തന്നെ പീഡിപ്പിച്ച വിവരം ഇവരോട് പറയുന്നത്. പ്രതി ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുക്കുമായിരുന്നുവെന്നും കുട്ടി മൊഴി നല്‍കുകയായിരുന്നു.