എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയതിന്റെ കാരണം കേട്ട് പോലീസും വീട്ടുകാരും ഞെട്ടി

ഹൈദരാബാദ്: ഹൈദരാബാദിലെ സ്‌കൂളില്‍ നിന്നായിരുന്നു എട്ട് വയസുകാരനെ യുവാവ് അതിവിദഗ്ധമായി കടത്തിക്കൊണ്ട് പോയത്. 23കാരനായ ഓട്ടോ ഡ്രൈവര്‍ വംശി കൃഷ്ണയാണ് ചന്ദ്രു നായിക് എന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് പണമോ സ്വര്‍ണ്ണമോ ഒന്നും ആയിരുന്നില്ല കുട്ടിയെ വിട്ട് നല്‍കാന്‍ വംശി മുന്നോട്ട് വെച്ച ആവശ്യം.  തന്റെ കാമുകിയെ വിട്ടുനല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ കുട്ടിയെ കൊന്നു കളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വിവരം വീട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പൂനൈ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കുട്ടിയെ തിരികെ ലഭിച്ചു. ചന്ദ്രു പഠിക്കുന്ന സ്‌കൂളിലെത്തിയ വംശി കുട്ടിയുടെ അമ്മ അപകടത്തില്‍ പെട്ടുവെന്നും കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടു എന്നും സ്‌കൂള്‍ അധികൃതരെ ധരിപ്പിച്ചു. തുടര്‍ന്ന് കുട്ടിയെയും മറ്റ് രണ്ട് സഹോദരന്മാരെയും സ്‌കൂള്‍ അധികൃതര്‍ ഇയാളുടെയൊപ്പം വിടുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ റെയില്‍വെസ്റ്റേഷനില്‍ എത്തുകയും മുതിര്‍ന്ന കുട്ടികളോട് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട് ചന്ദ്രുവുമായി വംശി മുങ്ങുകയായിരുന്നു. ഏറെ നേരം കാത്തു നിന്നിട്ടും ഇവരെ കാണാതായതോടെ സഹോദരന്മാര്‍ സ്‌കൂളില്‍ തിരിച്ചെത്തി വിവരം പറയുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ച ഉടനെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വംശി മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയ പോലീസ് റെയില്‍വെ പോലീസിന് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൂനൈയില്‍ നിന്ന് പിടികൂടിയത്. ചന്ദ്രുവിന്റെ അയല്‍ക്കാരനായ വംശിയും ചന്ദ്രുവിന്റെ പിതാവിന്റെ സഹോദരിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയം വീട്ടിലറിഞ്ഞതോടെ വംശിയെ പൊതുജന മധ്യത്തില്‍ വൈച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും, പെണ്‍കുട്ടിയുമായുള്ള ബന്ധം തുടരരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. ഇതിന് പ്രതികാരമായായിരുന്നു വംശി കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നാണ് പോലീസ് പറയുന്നത്.

Top