കുട്ടികളെ ഇറക്കിയുള്ള ചാനല്‍ പരിപാടികള്‍ക്ക് സര്‍ക്കാരിന്റെ കടിഞ്ഞാണ്‍; വിധികര്‍ത്താക്കള്‍ മുതല്‍ മേക്കപ്പിന് വരെ നിയന്ത്രണം

ടിവി ചാനലുകള്‍ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി. പരിപാടികള്‍ എല്ലാം ശിശു സൗഹൃദമാണെന്നും കുട്ടികള്‍ക്ക് മനസികമായും ശാരീരികമായിും യാതൊരു സമ്മര്‍ദവും ഉണ്ടാക്കുന്നില്ലെന്ന് തൊഴില്‍ വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കമ്മിഷണറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ടിവി പരിപാടികളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കാന്‍ റവന്യു വകുപ്പിനോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് മതിയായ ഭക്ഷണം നല്‍കണം. ഷൂട്ടിങ്ങിന് രക്ഷകര്‍ത്താവ് കൂടെ ഉണ്ടായിരിക്കുകയും ഇടവേളകളില്‍ പഠിക്കാന്‍ സൗകര്യം നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റിയാലിറ്റി ഷോകളില്‍നിന്ന് കുട്ടി പുറത്താകുന്ന സാഹചര്യം ഉണ്ടായാല്‍ ആത്മവിശ്വാസം തകര്‍ക്കുന്ന വിലയിരുത്തലുകള്‍ വിധികര്‍ത്താക്കള്‍ നടത്താതിരിക്കുക, സ്‌കൂള്‍ പഠനം 10 ദിവസത്തില്‍ കൂടുതല്‍ മുടങ്ങാതെ ശ്രദ്ധിക്കുക, വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഷൂട്ടിങ് സാഹചര്യങ്ങര്‍ ഒരുക്കുക, അനുയോജ്യമായ മേക്കപ്പ് ഉപയോഗിക്കുക, കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന പ്രവര്‍ത്തനങ്ങളും ലൈംഗികാതിക്രമങ്ങളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബാലാവകാശ കമ്മിഷന്റെ ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ കലക്ടര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഉറപ്പാക്കണമെന്ന കമ്മിഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയതോടെ കേരളത്തിലെ മുഖ്യധാര ചാനലുകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. കുട്ടികളെ വച്ച് ചെയ്യുന്ന ഒരോ പ്രോഗ്രാമിനും കൃത്യമായി അനുമതി തേടണമെന്നും അല്ലാത്തവ വിലക്കാനുള്ള അധികാരവും സംസ്ഥാന ബാലാവകാശ കമ്മീഷനുണ്ട്.

Top