പ്രധാന അദ്ധ്യാപകന്‍ പീഡിപ്പിച്ചു: പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; സ്‌കൂളിലെ കുട്ടികളെ അദ്ധ്യാപകന്‍ ചൂഷണം ചെയ്തിരുന്നു

ഭുവനേശ്വര്‍: പ്രധാന അദ്ധ്യാപകനില്‍ നിന്നും പീഡനമേറ്റ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഒഡീഷയിലെ സിക്പല്ലൈ സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജീവനൊടുക്കിയത്. സ്‌കൂളിലെ കമ്പ്യൂട്ടര്‍ മുറിയില്‍ കൈ ഞരമ്പ് മുറിച്ച് ചോരയില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തെ തുടര്‍ന്ന് പ്രധാന അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബാഗില്‍ നിന്ന് ഇത് സംബന്ധിച്ച് ആത്മഹത്യ കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതില്‍ പ്രധാന അദ്ധ്യാപകന് പങ്കുണ്ടെന്നും കുറിപ്പില്‍ നിന്ന് വ്യക്തമായതായി പൊലീസ് സൂപ്രണ്ട് ജഗ്‌മോഹന്‍ മീന പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് പ്രധാന അദ്ധ്യപകനെതിരെ പരാതിയുമായി സ്‌കൂളിലെ മറ്റൊരു പെണ്‍കുട്ടിയും രംഗത്തെത്തി. കൈയിലെ ഞരമ്പ് മുറിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയെ പ്രധാന അദ്ധ്യാപകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കുട്ടികളും രക്ഷിതാക്കളും അരോപിച്ചു. പ്രധാന അദ്ധ്യാപകനെതിരെ പോക്‌സോ, ഇന്ത്യന്‍ ശിക്ഷാനിയമം 376, 341 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Top