ജക്കാർത്ത∙ അധോലോക നേതാവ് ഛോട്ടാ രാജനെ (55) ഇന്തൊനീഷ്യയിൽ നിന്ന് അറസ്റ്റ് ചെയ്തു. സിഡ്നിയിൽ നിന്ന് ഇന്തൊനീഷ്യയിലെ ബാലിയിൽ എത്തിയ ഉടനെ ഓസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1993 മുംബൈ സ്ഫോടന പരമ്പരയ്ക്കു ശേഷം ഒളിവിലായിരുന്നു ഛോട്ടാ രാജൻ. ഇന്ത്യയില്‍ ഇരുപതു കൊലക്കേസുകളിലെ പ്രതിയാണിയാള്‍. ഒരു കാലത്ത് ദാവൂദ് ഇബ്രാഹിമിന്‍െറ വലംകൈ ആയിരുന്നു ഈ അമ്പത്തഞ്ചുകാരന്‍. ദാവൂദിന്‍റെ ഡി കമ്പനിയിലെ പ്രമുഖന്‍. പിന്നീടു ദാവൂദുമായി തെറ്റിപ്പിരിഞ്ഞതു മുതല്‍ ഇയാളെ തീര്‍ക്കാന്‍ അവസരം പാര്‍ത്തു കഴിയുകയായിരുന്നു ദാവൂദിന്‍റെ ആളുകള്‍.
ആസ്ട്രേലിയയിലെ സിഡ്നിയില്‍ മറ്റൊരു പേരില്‍ കഴിഞ്ഞിരുന്ന ഛോട്ടാ രാജന്‍ അവിടെ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലുള്ള റിസോര്‍ട്ടില്‍ പോകാനായി വിമാനത്തില്‍ വന്നിറങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഇന്‍റര്‍പോളാണ് ഇന്തോനേഷ്യന്‍ പോലീസിനു രഹസ്യ വിവരം നല്‍കിയത്.
മുംബൈയില്‍ ചെമ്പൂരിനടുത്തു തിലക്നഗറില്‍ സാധാരണ മറാത്ത കുടുംബത്തിലായിരുന്നു ജനനം. 1980ല്‍ സിനിമാ ടിക്കറ്റ് കരിഞ്ചന്ത യിലൂടെയാണ് ക്രിമിനല്‍ ജീവിതത്തിനു തുടക്കമിട്ടത്. കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ ബഡാ രാജന്‍ എന്ന രാജന്‍ നായരുടെ ജോലിക്കാരനും പിന്നീടു അയാളുടെ ഏറ്റവും അടുത്ത ആളുമായി. ബഡാ രാജന്‍ കൊല്ലപ്പെട്ടപ്പോള്‍ ഗുണ്ടാ നേതാവ് പട്ടം നാനക്ക് ലഭിച്ചു. അങ്ങിനെയാണ് ചോട്ടാ രാജന്‍റെ ഉദയം.
ദാവൂദ് ഇബ്രാഹിമിന്‍റെ ക്രൈം സിണ്ടിക്കേറ്റ് തലവനായിരുന്ന ഇയാള്‍ 1993ലെ മുംബൈ സ്ഫോടനത്തോടെയാണ് ദാവൂദുമായി അകന്നത്. 1996ല്‍ പൂര്‍ണമായി പിരിഞ്ഞു. ദാവൂദിന്‍റെ ഗാങ്ങിലെ പ്രമുഖന്‍മാരായിരുന്ന ഛോട്ടാ ഷക്കീല്‍, ശരദ് ഷെട്ടി, വിനോദ് ഷെട്ടി, സുനില്‍ സാവന്ത് തുടങ്ങിയവരുടെ കൊലക്കു പിന്നില്‍ ഛോട്ടാ രാജന്‍ ആയിരുന്നു. അഞ്ചു കൊല്ലത്തിനിടയില്‍ നടന്ന ഗാങ് വാറില്‍ കൊല്ലപ്പെട്ടത് നൂറോളം പേരാണ്. മലയാളിയായ ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് ഉടമ തകിയുദ്ദീന്‍ വാഹിദ്, പ്രമുഖ ഹോട്ടല്‍ വ്യവസായി രാമനാഥ് പയ്യഡ, സിനിമാ നിര്‍മാതാവ് മുകേഷ് ദുഗല്‍, പ്രമുഖ ബില്‍ഡര്‍ ഒ.പി കുക്രജ എന്നിവരെ കൊല ചെയ്തതും ഇവരുടെ ആളുകളാണ്.
മുംബൈ സ്ഫോടനത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിന്‍റെയും ഡി കമ്പനിയുടെയും സുപ്രധാന വിവരങ്ങള്‍ ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ ഛോട്ടാ രാജന്‍ റോയുടെ ചാരനായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ദാവൂദിന്‍റെ ആളുകളില്‍ നിന്ന് പല തവണ ഇയാളെ രക്ഷിച്ചതിന് പിന്നില്‍ റോ ആയിരുന്നുവത്രേ. 2000 സെപ്റ്റംബറില്‍ ബാങ്കോക്കിലെ ഹോട്ടല്‍ മുറിയില്‍ തലനാരിഴ വ്യത്യാസത്തിനാണ് ഛോട്ടാ രാജന്‍ രക്ഷപ്പെട്ടത്.