ന്യൂഡല്‍ഹി: ലോക്‌സഭാ ഇലക്ഷന്‍ ചൂട്പിടിച്ചതോടെ പ്രചരണത്തിനായി കിട്ടുന്ന എല്ലാവേദികളും ഉപയോഗിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കഴിഞ്ഞ ദിവസം ഐപിഎല്‍ ക്രിക്കറ്റ് നടക്കുന്ന സ്റ്റേഡിയവും പ്രചരണവേദിയായി. തിങ്കളാഴ്ച കിങ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന മത്സരത്തിനിടെ ഗ്യാലറിയില്‍ നിന്നും ‘ചൗക്കിദാര്‍ ചോര്‍ ഹേ’ മുദ്രാവാക്യം ഉയര്‍ന്നു.
പഞ്ചാബിന്റെ ബാറ്റിങ് സമയത്ത് പതിനെട്ടാം ഓവറില്‍ ജയദേവ് ഉനദ്കത് പന്തെറിയാന്‍ പോകുമ്പോഴാണ് ഗ്യാലറിയില്‍ നിന്ന് മുദ്രാവാക്യം ഉയര്‍ന്നത്. കമന്റേറ്റര്‍ സംസാരിക്കുന്നുണ്ടെങ്കിലും മുദ്രാവാക്യം വിളി വ്യക്തമായി കേള്‍ക്കുന്നുണ്ട്. ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന് ദേഹത്ത് ചായമടിച്ച് ആളുകള്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ രാഹുല്‍ഗാന്ധിയുടെ പ്രധാന തെരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളിലൊന്നാണ് ‘ചൗക്കീദാര്‍ ചോര്‍ ഹേ’. ഇതിനെ പ്രതിരോധിക്കാനായി ‘മേം ഭീ ചൗക്കീദാര്‍’ മുദ്രാവാക്യം ഉയര്‍ത്തിയാണ് മോദി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗ്യാലറിയില്‍ നിന്നുള്ള വീഡിയോ വൈറലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം തെരഞ്ഞെടുപ്പ് പ്രചരണമാക്കിയിരിക്കുകയാണിത്.