കൊച്ചി:സാഹോദര്യം,സ്‌നേഹം ,സഹവര്‍ത്തിത്വം എല്ലാം വേദപുസ്തകത്തില്‍ മാത്രമേയുള്ളൂ എന്ന് തെളിയിക്കുകയാണ് കൊച്ചിയിലെ ലിസി ആശുപത്രി മാനേജ്‌മെന്റ്.വെറും മാനേജ്‌മെന്റ് അല്ല ലിസിയുടേത്.നഗരത്തിലെ പ്രമുഖമായ ഈ ആശുപത്രിയുടെ നേതൃത്വം കയ്യാളുന്നത് കര്‍ത്താവിന്റെ ഇടയന്മാര്‍ തന്നെയാണ്.കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള എറണാകുളം ലിസി ആശുപത്രിയില്‍ 17 തൊഴിലാളികളെ സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പുറത്താക്കിയതായി ആക്ഷേപം.ജനറല്‍ വര്‍ക്കേഴ്‌സ് വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെയാണ് കാര്യമായ കാരണങ്ങള്‍ ഒന്നുമില്ലാതെ മാനേജ്‌മെന്റ് പുറത്താക്കിയതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ബോണസ് ചോദിച്ച് ലിസി ഹോസ്പിറ്റല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആശുപത്രിക്ക് മുന്‍പില്‍ ധര്‍ണ്ണ നടത്തിയിരുന്നു.വര്‍ഷങ്ങളായി തുഛമായ വേതനത്തിന് ജോലി ചെയ്തിരുന്ന ഇവര്‍ക്ക് ഡിസംബര്‍ മാസത്തില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ ചെറിയ ബോണസ് പോലും സഭാ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് അനുവദിച്ചിരുന്നില്ല .ക്രിസ്തുമസ് സമ്മാനമെന്ന പേരില്‍ വല്ല കേക്കോ മറ്റോയാണ് തങ്ങള്‍ക്ക് നല്‍കാറുള്ളതെന്ന് തൊഴിലാളികള്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.എന്നാല്‍ തൊഴിലാളി സമരം കണ്ട് പകച്ച മാനേജ്‌മെന്റ് ആ വര്‍ഷം മുഴുവനാളുകള്‍ക്കും ബോണസ് നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്.എന്നാല്‍ അതിന് ശേഷം ധര്‍ണ്ണക്കും സംഘടനാ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയ തൊഴിലാളികളെ പല കാരണങ്ങള്‍ പറഞ്ഞ് പുറത്താക്കുയായിരുന്നെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.ലിഫ്റ്റില്‍ വച്ച് മറ്റൊരു തൊഴിലാളിയോട് കയര്‍ത്ത് സംസാരിച്ചെന്നും,ആശുപത്രിക്കെതിരെ പ്രവര്‍ത്തിച്ചെന്നുമാണ് ഇവരില്‍ പലര്‍ക്കുമെതിരെ മാനേജ്‌മെന്റ് ആരോപിക്കുന്ന കുറ്റങ്ങള്‍.ഇതെല്ലാം കളവാണെന്നാണ് തൊഴിലാളികളുടെ വാദം.
17 പേരേയും തുടക്കത്തില്‍ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്ത മാനേജ്‌മെന്റ് മൂന്ന് മാസം മുന്‍പാണ് ഇവരെയെല്ലാം പുറത്താക്കിയതായി കാണിച്ച് നോട്ടീസ് നല്‍കിയത്.ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ മധ്യസ്ഥതയില്‍ നിര്‍ത്തി ചര്‍ച്ചക്ക് വിളിച്ചിട്ടും സഭാ നേതൃത്വം അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാണ് തൊഴിലാളി നേതാവായ മൈക്കിള്‍ പറയുന്നത്.
മാപ്പെഴുതി നല്‍കിയാല്‍ പലര്‍ക്കും ജോലിയില്‍ തിരികെ പ്രവേശിക്കാമെന്നിരിക്കെ അതിന് തയ്യാറല്ലെന്നാണ് തൊഴിലാളികള്‍ ഉറപ്പിച്ച് പറയുന്നത്.തങ്ങള്‍ക്കെതിരായി മാനേജ്‌മെന്റ് ആരോപിക്കുന്നത് ശുദ്ദകളവാണെന്നും ഇവര്‍ പറയുന്നു.25 വര്‍ഷം വരെ സര്‍വ്വീസുള്ള തൊഴിലാളികള്‍ക്ക് ഇപ്പോഴും ശമ്പളം 12000 രൂപ മാത്രമാണ് ലിസിയിലെന്നും ആരോപണമുണ്ട്.ജോലി നഷ്ടമായതോടെ നിത്യചിലവ് കഴിയാന്‍ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലാണ് തങ്ങളെന്ന് തൊഴിലാളികള്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ 34 ദിവസമായി ആശുപത്രിക്ക് മുന്‍പിലുള്ള സമരപന്തലില്‍ അനുകൂല തീരുമാനവും പ്രതീക്ഷിച്ചിരിക്കുകയാണ് ഇവര്‍.പോപ്പിന്റെ കാരുണ്ണ്യ വര്‍ഷത്തില്‍ സഭാ നേതൃത്വത്തിന്റെ കാരുണ്ണ്യം തങ്ങളില്‍ പതിയേണമേ എന്ന പ്രാര്‍ത്ഥനയോടെ.