മൂന്ന് സംസ്ഥാനങ്ങളിലെ മിന്നുന്ന വിജയത്തിന്റെ പകിട്ടില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് കനത്ത പ്രഹരമായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതി ഇടപാട്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ ക്രിസ്ത്യന്‍ മിഷേല്‍ സോണിയ ഗാന്ധിയുടെ പേര് വെളിപ്പെടുത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രാഹുല്‍ ഗാന്ധിയെ കുറിച്ചും പരാമര്‍ശമുണ്ട്.
അഴിമതിക്കേസില്‍ ചോദ്യംചെയ്യലിനിടെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍, സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ടിരിക്കുന്ന വിവരം. ഡല്‍ഹി കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തല്‍. ഏതുസാഹചര്യത്തിലാണ് മിഷേലിന്റെ പരാമര്‍ശമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയില്ല. ക്രിസ്ത്യന്‍ മിഷേലിന്റെ മൊഴി മാത്രമല്ല അനുബന്ധ തെളിവുകള്‍ കൂടി തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞത്.
ഇന്ത്യയിലെത്തിച്ചതു മുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ് ക്രിസ്ത്യന്‍ മിഷേല്‍. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്റ്റ്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് കുറ്റം.
ക്രിസ്ത്യന്‍ മിഷേലിന് ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. ഈ കാലയളവില്‍ അഭിഭാഷകന പോലും കാണാന്‍ ക്രിസ്ത്യന്‍മിഷേലിന് അനുവാദമില്ല.