സ്‌പെയ്ന്‍: ഫുട്‌ബോള്‍ ലോകത്തെ അതികായന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മുന്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങി പോകുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആരാധകര്‍ക്ക് ഏറെ ആവേശം പകരുന്ന വാര്‍ത്തയാണ് ഫുട്‌ബോള്‍ ലോകത്ത് നിന്ന് പുറത്തേക്ക് വരുന്നത്.
ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് കപ്പ് നേടിയതിന് പിന്നാലെ തന്നെ താരം ക്ലബ് വിടുന്നതായ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പോര്‍ച്ചുഗീസുകാരനായ കൊച്ച് ഹോസെ മൊറീഞ്ഞോ ഇത് സംബന്ധിച്ച് റൊണാള്‍ഡോയുമായി ധാരണയിലെത്തിക്കഴിഞ്ഞു എന്നാണ് ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിസ്ത്യാനോയ്ക്ക് വേണ്ടി ചെലവിടെണ്ടി വരിക റിക്കോര്‍ഡ് തുകയാണ് എന്നിരിക്കെ പോള്‍ പോഗ്ബയെ റയലിന് കൈമാറാനുള്ള കരാറും ചര്‍ച്ചയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫ്രഞ്ച് ലീഗിലെ വമ്പന്മാരായ പിഎസ്ജിയാണ് റൊണാള്‍ഡോയില്‍ താത്പര്യം പ്രകടിപ്പിച്ച മറ്റൊരു ടീം. റൊണാള്‍ഡോയെ പിഎസ്ജിക്ക് നല്‍കികൊണ്ട് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ റയല്‍ പാളയത്തിലേക്ക് എത്തും എന്നും നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
2003ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പാളയത്തില്‍ എത്തിയതോടെയാണ് പോര്‍ച്ചുഗല്‍ നായകന്റെ തലവര മാറിമറയുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 292 കളികളില്‍ ബൂട്ടണിഞ്ഞ റൊണാള്‍ഡോയ്ക്ക് 118 ഗോളുകളും നേടാനായി. 2007-08 സീസണില്‍ 42 ഗോളുകള്‍ അടിച്ചുകൂട്ടിയ റൊണാള്‍ഡോയെ തേടി ആദ്യ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം എത്തുന്നത് അതെ വര്‍ഷമാണ്. ഏറ്റവും ഒടുവിലായി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരവും അദ്ദേഹം തന്നെ.
അഞ്ച് വര്‍ഷത്തിനിടെ നാല് വട്ടം റയലിന് ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോയുടെ മടങ്ങിവരവ് മാാഞ്ചസ്റ്ററിനെ കൂടുതല്‍ കരുത്തരാക്കും എന്നാണ് മൊറീഞ്ഞോയുടെ കണക്കുകൂട്ടല്‍. അതേസമയം ക്രിസ്റ്റ്യാനോയുടെ മടങ്ങിപ്പോക്കിനെ കുറിച്ച് സ്പാനിഷ് ക്ലബായ റയലിന്റെ പ്രതികരണം ഒന്നും വന്നില്ല. ക്രിസ്ത്യാനോ ക്ലബ് വിടുകയാണ് എങ്കില്‍ നെയ്മറിനെ തങ്ങളുടെ പാളയത്തിലെത്തിക്കാനാകും സ്പാനിഷ് വമ്പന്മാരുടെ ശ്രമം