കണ്ണൂര്‍: ആദിവാസി നേതാവായ സികെ ജാനുവിനെയും ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭയെയും (ജെആര്‍എസ്) സിപിഐയിലേക്ക് ക്ഷണിച്ച് കാനം രാജേന്ദ്രന്‍. എന്‍.ഡി.എ വിട്ട ശേഷം ഇടതുപക്ഷവുമായി സഹകരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച ജാനുവിന് സിപിഎം എതിര്‍പ്പ് വിനയായാല്‍ സിപിഐ വഴിയുള്ള മുന്നണി പ്രവേശം സാധ്യമാക്കാം എന്നാണ് കാനം രാജേന്ദ്രന്‍ നല്‍കിയ ഉറപ്പ്. സിപിഐയില്‍ ചേരാന്‍ ജാനു തയ്യാറായാല്‍ വയനാട് ലോക്‌സഭാ സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന സൂചന കാനം കൈമാറിയതായാണ് അറിവ്.
കേന്ദ്രപദവികളടക്കം വാഗ്ദാനം ചെയ്തശേഷം തഴഞ്ഞതു ചൂണ്ടിക്കാട്ടി ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭ കഴിഞ്ഞ മാസമാണ് എന്‍ഡിഎ വിട്ടത്. മറ്റു മുന്നണികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് അപ്പോള്‍ ജാനു അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ചര്‍ച്ചയ്ക്കു സിപിഐ മുന്‍കൈയെടുത്തത്. സിപിഎം നേതൃത്വവുമായി ജാനുവിനു നല്ല ബന്ധമല്ല. ഇടപെടലിനെക്കുറിച്ചു സിപിഎം നേതൃത്വത്തെ സിപിഐ അറിയിച്ചിട്ടുണ്ട്.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവായി ഉയര്‍ന്ന ജാനു തുടക്കത്തില്‍ ഇടതുപക്ഷവുമായി ബന്ധപ്പെട്ടാണു പ്രവര്‍ത്തിച്ചിരുന്നത്. മുത്തങ്ങ സമരത്തിനു ശേഷം ആ ബന്ധത്തില്‍ വിള്ളല്‍ വീണു. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ജാനുവിന്റെ നേതൃത്വത്തിലുളള ആദിവാസി ഗോത്ര മഹാസഭ യുഡിഎഫിനെയാണു പിന്തുണച്ചത്. ഇതിന്റെ പേരില്‍ പിണറായി വിജയന്‍ ജാനുവിനെതിരെ തിരിഞ്ഞതും വി.എസ്. അച്യുതാനന്ദന്‍ അവരെ കൂടെ നിര്‍ത്താന്‍ തുനിഞ്ഞതും പാര്‍ട്ടിക്കകത്തു വന്‍വിവാദം സൃഷ്ടിച്ചിരുന്നു.
ഇരുമുന്നണികള്‍ക്കുമെതിരായതോടെ 2016 ല്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു ജാനു എന്‍ഡിഎയുടെ ഭാഗമാവുകയായിരുന്നു. പട്ടികജാതി-വര്‍ഗ മേഖലയില്‍ സിപിഎമ്മിനു പഴയ സ്വാധീനം നഷ്ടപ്പെടുന്നുവെന്ന ശങ്കയുണ്ട്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പിന്നാക്ക- ദലിത് പിന്തുണ സമാഹരിക്കാനുള്ള ശ്രമവും ഇടതുമുന്നണി നടത്തുന്നു. ഈ പശ്ചാത്തലത്തിലാണു ജാനുവിനോടുള്ള സമീപനത്തിന്റെ കാര്യത്തിലും വീണ്ടുവിചാരം. ശബരിമല വിഷയത്തില്‍ സികെ ജാനു കോടതിവിധിക്ക് അനുകാലമയ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു