ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യത; ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കെ.കെ ശൈലജ

സൂര്യാതപമേല്‍ക്കാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കണമെന്ന് മന്ത്രി കെ.കെ.ശൈലജ. ചൂട് കൂടിയതിനാല്‍ വയറസുകളും ഫംഗസുകളും കൊതുകും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് പൂര്‍ണ സജ്ജമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവരും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.കെ.ശൈലജ കൂത്തുപറമ്പില്‍ പറഞ്ഞു. സൂര്യാതപത്തില്‍ നിന്ന് രക്ഷനേടാന്‍ കര്‍ശന നിര്‍ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചു. തൊഴിലാളികള്‍ ഉള്‍പ്പടെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ മൂന്ന് മണിവരെയുള്ള സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കി ശുദ്ധജലം കുടിക്കണം. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധിക!ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്നവര്‍ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

Top