ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കം; മതമേലാദ്ധ്യക്ഷന്മാരുമായി ചർച്ച നടത്തി മുഖ്യമന്ത്രി.

തിരുവനന്തപുരം: ഓർത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതര ക്രിസ്ത്യൻ സഭകളുടെ മേലദ്ധ്യക്ഷന്മാരും സഭാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി.കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദ്ദിനാൾ ബസേലിയോസ് ക്ലിമീസ്, ലത്തീൻ സഭയുടെ ബിഷപ്പ് ജോസഫ് കരിയിൽ, ഡോ തിയഡോസിയസ് മാർതോമ മെത്രാപ്പൊലീത്ത, ബിഷപ്പ് റൈറ്റ് റവ.ഡോ ഉമ്മൻ ജോർജ് സിറിൽ മാർ ബയേലിയോസ് മെത്രാപ്പൊലീത്ത, കാൽഡിയൽ ചർച്ച് ബിഷപ്പ് ഓജീൻ മാർ കുര്യാക്കോസ്, ക്‌നാനായ സഭ മെത്രപ്പൊലീത്ത മാർ സെവറിയോസ് കുര്യാക്കേസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഇരു വിഭാഗങ്ങളുമായുള്ള ആശയ വിനിമയം മുഖ്യമന്ത്രി തുടരണമെന്ന് ചർച്ചയിൽ സഭാമേലാദ്ധ്യക്ഷന്മാർ അഭ്യർത്ഥിച്ചു.സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ തർക്കം പരിഹരിക്കുന്നതിനായുള്ള ചില നിർദ്ദേശങ്ങൾ സഭാ മേധാവികൾ മുന്നോട്ട് വെയ്ക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സഭാ നേതാക്കൾ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഗൗരവത്തോടെ കണക്കിലെടുക്കുമെന്നും നിയമവശം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെ സഭാ തർക്കത്തിൽ സർക്കാർ നിലപാട് സ്വീകരിക്കും. എന്നാൽ സമാധാനഭംഗം ഉണ്ടാകാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരുവിഭാഗങ്ങളും അനുരഞ്ജനത്തിലെത്തുക എന്നത് പ്രധാനമാണ്. അതിന് വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്. ഇരു വിഭാഗങ്ങളുമായുള്ള ചർച്ച ഇനിയും തുടരും. ഇതര സഭകളുടെ അദ്ധ്യക്ഷന്മാർ പ്രശ്‌ന പരിഹാരത്തിന് ഓർത്തഡോക്‌സ് -യാക്കോബായ വിഭാഗങ്ങളുമായി ചർച്ച നടത്തണമെന്ന് ചർച്ചയിൽ ഉയർന്ന നിർദ്ദേശം സ്വീകാര്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Top