സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പോത്തുകല്ല് ഭൂദാനം മുത്തപ്പന്‍മല ഉരുള്‍പൊട്ടലില്‍ തകര്‍ന്നു പോയിട്ടുണ്ട്. ഇവിടെ നാല്‍പതോളം കുടുങ്ങിയിട്ടുണ്ടെന്നാണ് ഭയക്കുന്നത്. രക്ഷാപ്രവര്‍ത്തകരും ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും അവിടെ എത്തിയിട്ടുണ്ട്. മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തു. രണ്ടു പേരെ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളതായാണ് വിവരം. പക്ഷെ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. പാലത്തില്‍ തടസ്സവും റോഡില്‍ മണ്ണിടിഞ്ഞതും വലിയ ഉപകരണങ്ങള്‍ അങ്ങോട്ട് കൊണ്ടു പോകാനായിട്ടില്ല. പക്ഷെ സാധ്യമായ രീതിയിലെല്ലാം രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.
വയനാട്ടിലെ മേപ്പാടിയില്‍ ഒമ്പത് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. എത്രപേര്‍ അപായപ്പെട്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം ഇവിടെയും തുടരുകയാണ്. ഇവിടെ സൈന്യവും എത്തിയിട്ടുണ്ട്. വയനാട്ടില്‍ ഇതുവരെ 11 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്താകെ 738 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇന്നലെ വൈകുന്നേരം വരെ 15748 കുടുംബങ്ങളാണ് ക്യാംപുകളിലെത്തിയിരിക്കുന്നത്. 64013 പേര്‍ ഈ ക്യാംപുകളിലുണ്ട്. മൂന്നു മണി വരെ കണക്കാക്കിയ മരണസംഖ്യ 28 ആണ്. ഏഴുപേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കുണ്ട്. 12 ദേശീയ ദുരന്ത പ്രതികരണാ സേന ടീമുകളെ വിന്യസിക്കും.
വയനാട് ജില്ലയില്‍ അതിശക്തമായ മഴ ഇപ്പോഴും തുടരുന്നത്. പലയിടത്തും പ്രളയകാലത്ത് ഉണ്ടായതിനേക്കാള്‍ അധികം വെള്ളം പൊങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്. ബാണാസുര സാഗര്‍ തുറക്കേണ്ട സാഹചര്യമുണ്ട്. അങ്ങനെയാണെങ്കില്‍ വെള്ളം ഇനിയും ഉയരും. കര്‍ണാടകയില്‍ നിന്ന് വെള്ളം വലിയ തോതില്‍ വരുന്നുണ്ട്. ഇതിനൊപ്പം വയനാട്ടില്‍ അതിതീവ്ര മഴയാണ് ലഭിയ്ക്കുന്നത്.
വയനാട്ടില്‍ രണ്ട് തരത്തിലുള്ള അപകടങ്ങള്‍ക്കാണ് സാധ്യത. ബാണാസുര സാഗര്‍ തുറന്നപ്പോള്‍ വലിയ തോതിലുള്ള പരിഭ്രാന്തി കഴിഞ്ഞ തവണയുണ്ടായിരുന്നു. അതിനേക്കാള്‍ കൂടുതല്‍ വെള്ളം കയറിയേക്കും. മറ്റൊന്ന് ഉരുള്‍പ്പൊട്ടലിന് സാധ്യതയുണ്ട്. ഈ രണ്ട് ദുരന്തങ്ങള്‍ക്കും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ തത്ക്കാലം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം.
വയനാട് ജില്ലയില്‍ മാറിത്താമസിക്കുന്നതിനുള്ള ക്യാംപുകള്‍ നാളെ രാവിലെ മുതല്‍ ഒരുക്കും. ഈ കേന്ദ്രങ്ങളില്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. രോഗികളുള്‍പ്പെടെ പ്രത്യേക പരിഗണന വേണ്ടവര്‍ക്കെല്ലാം പ്രത്യേക സൗകര്യങ്ങള്‍ ഒരുങ്ങും.
ആലപ്പുഴ, പത്തനം തിട്ട, എറണാകുളം ജില്ലകളില്‍ ആര്‍മി യൂണിറ്റിനെയും വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഡിഫന്‍സ് സര്‍വീസിനെയും നിയോഗിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ആര്‍മി മദ്രാസ് റെജിമെന്റിനെയാണ് നിയോഗിക്കുന്നത്. ഭോപ്പാലില്‍ നിന്ന് ഡിഫന്‍സ് എന്‍ജിനീയറിങ്ങ് സര്‍വീസ് പുറപ്പെട്ടിട്ടുണ്ട്.
പല ഭാഗത്തും ട്രെയിന്‍ഗതാഗതം തടസപ്പെട്ടു. മലബാറില്‍ ചില ഭാഗങ്ങളില്‍ റെയിലുകള്‍ വെള്ളത്തിനടിയിലാണ്. വഴിയില്‍ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാന്‍ നടപടിയുണ്ട്.
പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളത് കൊണ്ട് തീരദേശങ്ങളില്‍ ജാഗ്രത നിര്‍ദേശമുണ്ട്.
എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ അതീവ മുന്‍കരുതല്‍ സ്വീകരിക്കണം.
മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ താലൂക്ക് തലം വരെ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തന സജ്ജമാണ്. കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഏഴ് അണക്കെട്ടുകളും ജലവിഭവ വകുപ്പിന് കീഴിലുള്ള ആറ് അണക്കെട്ടുകളും തുറന്നിട്ടുണ്ട്.
ഇടുക്കിയില്‍ രവീന്ദ്രനാഥ്, വയനാട്ടില്‍ രാമചന്ദ്രന്‍കടന്നപ്പള്ളി, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ മലപ്പുറത്ത് കെ.ടി ജലീല്‍, കണ്ണൂര്‍ ഇ.പി ജയരാജന്‍, തൃശൂരില്‍ എ.സി മൊയ്തീന്‍, കോട്ടയത്ത് പി. തിലോത്തമന്‍, പത്തനംതിട്ട പി.രാജു, തൃശൂര്‍-എറണാകുളം വി.എസ് സുനില്‍കുമാര്‍, കൊല്ലം മെഴ്‌സിക്കുട്ടിയമ്മ എന്നിങ്ങനെയാണ് മന്ത്രിമാര്‍ക്ക് ചുമതലയുള്ളത്.