ന്യൂഡൽഹി: സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. കേരളത്തിൻറെ ആവശ്യം ആർബിഐ തള്ളിയതാണെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന നോട്ടീസുകൾ പിൻവലിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
അംഗീകാരമില്ലാത്ത സംഘങ്ങളെ സംബന്ധിച്ചാണ് മുന്നറിയിപ്പ് നൽകിയിരുന്നത്. പൊതുജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ടത് ആർബിഐയുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രാഥമിക സഹകരണ ബാങ്കുകൾ ‘ബാങ്ക്’ എന്ന് പേരിനൊപ്പം ചേർക്കാൻ പാടില്ല, വോട്ടവകാശമുള്ള അംഗങ്ങളിൽനിന്നല്ലാതെ നിക്ഷേപം സ്വീകരിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ആർ.ബി.ഐ.യുടെ ഉത്തരവിലുള്ളത്.
ബാങ്കിങ് നിയന്ത്രണ നിയമത്തിലുണ്ടായ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ആർ.ബി.ഐ. നിർദേശങ്ങൾ പുറപ്പെടുവിച്ചത്. റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 2020 സെപ്റ്റംബർ 29-ന് ഈ നിയമം നിലവിൽവന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്.
സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആർബിഐ നേരത്തേ പത്രപരസ്യം പുറത്തിറക്കിയിരുന്നു. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും കുറിപ്പിൽ പറയുന്നു.