കൊച്ചി:കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതലാണ് ലോക്ക് ഡൗണ്‍. ഒന്‍പത് ദിവസം സംസ്ഥാനം അടച്ചിടും. മെയ് എട്ടിന് ആറ് മണി മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗണ്‍. സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഏറി വരുന്നതിനിടെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കേസെടുക്കും. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് അനുമതി.
സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 41,953 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. സംസ്ഥാനത്ത് ഇന്ന് 58 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് മരണങ്ങള്‍ മൂലം സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. തിരുവനന്തപുരം ശാന്തി കവാടത്തില്‍ നാളെ വരെയുള്ള ബുക്കിംഗ് പൂര്‍ത്തിയായി.
ഇലക്ട്രിക്, ഗ്യാസ് ശ്മാശനങ്ങളിലായി പരമാവധി 24 പേരെ ഒരു ദിവസം ശാന്തി കവാടത്തില്‍ സംസ്‌കരിക്കാം. കൊവിഡ് ബാധിച്ചവരെ മാത്രമാണ് നിലവില്‍ ഇവിടെ സംസ്‌കരിക്കുന്നത്. എന്നിട്ടും സൗകര്യങ്ങള്‍ തികയാത്ത അവസ്ഥയാണ്. മാറനെല്ലൂര്‍ പഞ്ചായത്ത് ശ്മശാനത്തിലും സമാന സ്ഥിതിയാണ്. ഒന്നോ രണ്ടോ ദിവസം മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ വെക്കാനും നിലവില്‍ തടസ്സമുണ്ട്. പലയിടത്തും മോര്‍ച്ചറികള്‍ നിറഞ്ഞിരിക്കുകയാണ്.