രാജസ്ഥാനിലും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളി കോണ്‍ഗ്രസ് സര്‍ക്കാര്‍. 2 ലക്ഷം രൂപ വരെയുള്ള വായ്പകളിലാണ് ഇളവ് ലഭിക്കുക. ഇതിനായി 18,000 കോടിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ക്കിപ്പുറമാണ് സര്‍ക്കാരിന്റെ തീരുമാനം. ചത്തീസ്ഗഡിലും മധ്യപ്രദേശിലും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതായി അതത് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇരു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയായിരുന്നു തീരുമാനം. രാജസ്ഥാനിലും കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് നേതൃത്വം നേരത്തേ അറിയിച്ചിരുന്നു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ഉറപ്പു വരുത്താന്‍ മറ്റു പ്രതിപക്ഷ കക്ഷികളുമായി കൈകോര്‍ത്തു കോണ്‍ഗ്രസ് നീങ്ങും. മോദി ഇതു നടപ്പാക്കുന്നില്ലെങ്കില്‍ 2019ല്‍ അധികാരത്തിലേറ്റിയാല്‍ തങ്ങള്‍ കടങ്ങള്‍ എഴുതിത്തള്ളുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ നേരിട്ടു നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കു രാഹുല്‍ കര്‍ശന നിര്‍ദേശമാണു നല്‍കിയിട്ടുള്ളത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെയും കാര്‍ഷിക വായ്പകള്‍ ഉയര്‍ത്തിക്കാട്ടി നേരിടാനാകും കോണ്‍ഗ്രസ് ലക്ഷ്യമിടുക.