തിരുവനന്തപുരം :പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു.
ജനാധിപത്യ സ്ഥാപനങ്ങളില്‍ നരേന്ദ്രമോദി വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവയെ ഇല്ലാതാക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുകയാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ മോദിഭരണം ചെയ്തതെന്നും വീരപ്പ മൊയ്‌ലി കൂട്ടിച്ചേര്‍ത്തു.
രണ്ടു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ നരേന്ദ്രമോഡി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നു കാട്ടുന്നതിനായി കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വീരപ്പ മൊയ്‌ലി.സ്വന്തം ഓഫീസില്‍ ഇരിക്കുമ്പോഴും ലോക്‌സഭയിലോ രാജ്യസഭയിലോ വരാത്ത ആളാണ് നരേന്ദ്രമോദി. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഒരു പ്രാവശ്യം പോലും പൊതുവായ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കളെ പ്രധാനമന്ത്രി വിളിച്ചിട്ടില്ല.
ആസൂത്രണ പ്രക്രിയ നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ആസൂത്രണ കമ്മിഷന്‍ പിരിച്ചുവിട്ടത്. പകരം കൊണ്ടുവന്ന നീതി ആയോഗ് ആകട്ടെ വിളിച്ചുകൂട്ടുന്ന പതിവില്ല. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട പണം വിതരണം ചെയ്യാന്‍ സാധിക്കുന്നില്ല.രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുറയുകയാണ്. തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. കാര്‍ഷിക വളര്‍ച്ച താഴോട്ടാണ്. ഉത്പാദന മേഖലയില്‍ നിക്ഷേപം ഉണ്ടാകുന്നില്ല. കയറ്റുമതിയും ഇറക്കുമതിയും കുറയുന്നു.
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയ്ക്കും, ഭക്ഷ്യസുരക്ഷാ പദ്ധതിക്കുമുള്ള പണം കുറച്ചു. മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് പദ്ധതികള്‍ വിജയിച്ചില്ല. സ്വച്ഛ് ഭാരത് പദ്ധതി കൊട്ടിഘോഷിച്ചതുപോലെ മുന്നോട്ടു പോയില്ല. യു.പി.എ. സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചു. വിദേശ നിക്ഷേപം കുറഞ്ഞു. ബാങ്ക് നിക്ഷേപം താഴോട്ടു പോയി. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിട്ടുംആനുപാതികമായിപെട്രോള്‍ ഡീസല്‍ വില കുറച്ചില്ല.
വിദേശ കള്ളപ്പണ നിക്ഷേപകരെ തുറുങ്കിലടയ്ക്കുമെന്ന് പറഞ്ഞ മോദി ഇപ്പോള്‍ അവര്‍ക്ക് ചുവപ്പു പരവതാനി വിരിക്കുകയാണ്.
പത്താന്‍ കോട്ടു നടന്ന ഭീകരാക്രമണം നമ്മുടെ സുരക്ഷയ്ക്ക് നേരെ ഉയര്‍ന്ന വെല്ലുവിളിയാണ്.
ജനാധിപത്യത്തെ മോദിസര്‍ക്കാര്‍ തരിമ്പും വിലവയ്ക്കുന്നില്ല. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അവര്‍ പിരിച്ചുവിട്ടു. ഉത്താരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. പിന്നീട് കോടതികള്‍ ഇടപെട്ട് അതു റദ്ദു ചെയ്യേണ്ടിവന്നു.പാര്‍ലമെന്ററി ജനാധിപത്യത്തെയും വര്‍ഷങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശങ്ങളെയും കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി നാം മുന്നിട്ടിറങ്ങണമെന്നും വീരപ്പ മൊയ്‌ലി പറഞ്ഞു.
വി.എം. സുധീരന്‍
നരേന്ദ്രമോഡിയുടെ ഭരണം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണെന്ന് അധ്യക്ഷത വഹിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.സാധാരണക്കാര്‍ക്ക് വേണ്ടി മോദിസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.ഭൂമി ഏറ്റെടുക്കല്‍ നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി മാറ്റിമറിക്കാന്‍ ശ്രമിച്ചു. ഇന്ധനവില കുറയ്ക്കാത്തതും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. അതുകൊണ്ട് വിലക്കയറ്റം താഴുന്നില്ല. കടല്‍തീരം കോര്‍പ്പറേറ്റുകള്‍ക്ക് അമ്മാനമാടാന്‍ തീറെഴുതിക്കൊടുത്തു.
തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു.
കാര്‍ഷികമേഖലയെ തകര്‍ത്തു.റബര്‍ കര്‍ഷകര്‍ വിലത്തകര്‍ച്ച മൂലം പ്രതിസന്ധിയിലായപ്പോള്‍ അവര്‍ക്ക് വേണ്ടി കേരളസര്‍ക്കാര്‍കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ടിനായി സഹായം നല്‍കാന്‍ പോലും തയ്യാറായില്ല. വെളിച്ചെണ്ണ ഇറക്കുമതി നിയന്ത്രിക്കാതിരുന്നതുമൂലം നാളികേര കര്‍ഷകര്‍ കഷ്ടത്തിലായി.
ഇന്ത്യയിലെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് ഭ്രാന്താലയമാക്കി. മതേതരത്വം തകര്‍ക്കുന്ന, ജനജീവിതം ദുസ്സഹമാക്കുന്ന ഈ ഭരണത്തിനെതിരെശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനങ്ങള്‍ക്ക് ‘അഛേ ദിന്‍’ സമ്മാനിക്കുമെന്ന് പറഞ്ഞ നരേന്ദ്രമോദി ‘ബുരേ ദിന്‍’ ആണു സമ്മാനിച്ചതെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.നമ്മുടെ രാജ്യത്ത് മതന്യൂനപക്ഷം ഇത്രയും സംഘര്‍ഷവും പീഡനവുംനേരിട്ടമറ്റൊരു കാലഘട്ടവും ഉണ്ടായിട്ടില്ല. നൂറ്റാണ്ടുകളിലൂടെനാം വളര്‍ത്തിക്കൊണ്ടുവന്ന മതസൗഹാര്‍ദ്ദം തകര്‍ത്ത്, വര്‍ഗീയ ചേരിതിരിവിനും ഏറ്റുമുട്ടലുകള്‍ക്കും കളമൊരുക്കുകയാണ് മോദിഭരണം ചെയ്തത്. മതേതരത്വം പിച്ചിച്ചീന്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനണവര്‍ ശ്രമിച്ചത്.
കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിച്ച് വര്‍ഗീയ ധ്രുവീകരണം നടത്താനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിച്ചു. നമ്മുടെ നവോത്ഥാനനായകര്‍ കെട്ടിപ്പടുത്ത പാരമ്പര്യമാണ് അവര്‍ തച്ചുടച്ചത്.
ഇന്ത്യയിലുടനീളം വര്‍ഗീയ ചെരിതിരിവുണ്ടാക്കി ജാതിവികാരം ഇളക്കി വിടുകയാണ് നരേന്ദ്രമോദിയും അമിത്ഷായും ചെയ്യുന്നത്. ജനാധിപത്യത്തെ പിച്ചിച്ചീന്തി ഏകാധിപത്യത്തിന്റെ പാതയിലാണ് നരേന്ദ്രമോദി മുന്നോട്ടുപോകുന്നത്. ഇത് നാം ഗൗരവമായി കണക്കിലെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു.
നരേന്ദ്രമോദി പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനും ശ്രമിക്കുന്നു
Tags: congress