വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും. വയനാട്ടിലാരെന്നു നിശ്ചയിക്കാനാവാത്തതിനാലാണ് നാലിടത്തെയും തീരുമാനം വൈകുന്നത്. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും. ഇതിനായി ഉമ്മന്‍ചാണ്ടിയുമായും ചര്‍ച്ച നടത്തും.
സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നത് മണ്ഡലങ്ങളിലെ സ്വാധീനം ഇല്ലാതാക്കുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. അനൗദ്യോഗികമായി ഈ മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിക്കാന്‍ പാര്‍ട്ടി നേരത്തെ തന്നെ നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ വീണ്ടും സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നത് ഗ്രൂപ്പ് പോരാണെന്ന വാദം തെറ്റാണെന്ന് കോണ്‍ഗ്രസ് പറയുന്നു.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ആലപ്പുഴയും ആറ്റിങ്ങളുമായിരുന്നു അടൂര്‍ പ്രകാശിനെ മത്സരിപ്പിക്കാനായി പരിഗണിച്ചിരുന്നത്. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും എന്ന് ഏകദേശ ധാരണ നേരത്തെ ഉണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഉടക്കി നിന്ന നാല് സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ് ആറ്റിങ്ങലിനെ മാറ്റി നിര്‍ത്തിയത്.
ചര്‍ച്ചയ്ക്കൊടുവില്‍ കേരളത്തിലെ നേതാക്കള്‍ ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് തന്നെ മതിയെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അതേസമയം വയനാട് സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒട്ടും അയവില്ല. ചര്‍ച്ച തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ്. ടി സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തില്‍ ഒട്ടും വിട്ടുവീഴ്ച്ചയ്ക്ക് ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. സീറ്റ് എ ഗ്രൂപ്പിന് വിട്ട് കൊടുക്കാനാവില്ലെന്ന നിലപാടില്‍ രമേശ് ചെന്നിത്തലയും തുടരുന്നുണ്ട്.
സിദ്ദിഖിനെ വടകരയിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാമെന്ന നിര്‍ദേശവും ഇതിനിടെ ഉയര്‍ന്നു. എന്നാല്‍ ഇതിനെ സിദ്ദിഖ് എതിര്‍ത്തു. ആലപ്പുഴ സീറ്റ് സിദ്ദിഖിന് വാഗ്ദാനം ചെയ്ത് മറ്റൊരു ഫോര്‍മുല ഐ ഗ്രൂപ്പ് വെച്ചെങ്കിലും അതിനോട് എ ഗ്രൂപ്പും വഴങ്ങിയില്ല. ഏറ്റവും ഒടുവിലത്തെ ഫോര്‍മുല അനുസരിച്ച് വയനാട്ടില്‍ ഷാനിമോള്‍ ഉസ്മാനും വടകരയില്‍ വിദ്യാ ബാലകൃഷ്ണനും സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് നിര്‍ദേശം.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/