ലക്നൗ : ഇത്തവണ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. കരുത്തുറ്റ പ്രകടനം കാഴ്ച വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ഇത്തവണ തയാറെടുക്കുന്നത്.
വലിയ പൊളിച്ചെഴുത്ത് തന്നെയാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. സീനിയര്‍ നേതാക്കളെല്ലാം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറത്തായി.
നിരവധി പുതുമുഖങ്ങളാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പാര്‍ട്ടിയില്‍ ഇത്തവണ സ്ഥാനാര്‍ത്ഥികളായിരിക്കുന്നത്.
നിരവധി സ്ത്രീകള്‍ക്കും ഇത്തവണ പ്രതിനിധ്യമുണ്ട്. കോണ്‍ഗ്രസിനെ ദീര്‍ഘകാലം നയിച്ച സീനിയര്‍ നേതാക്കളെ ഒക്കെ പ്രിയങ്ക മാറ്റിനിര്‍ത്തി. ആകെയുള്ള 166 സ്ഥാനാര്‍ത്ഥികളില്‍ 70 ശതമാനവും ഇത്തവണ യുവനിരയില്‍ നിന്നാണ്.
കോണ്‍ഗ്രസ് പുതിയ മുഖമാണ് യുപിയില്‍ ലക്ഷ്യമിടുന്നത്. പുതുമുഖങ്ങളെ ഇറക്കുന്നതിലൂടെ പഴയ കാര്യങ്ങളൊക്കെ മറന്ന് ഇവര്‍ക്ക് ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നത്.
നാല്‍പ്പത് ശതമാനം ടിക്കറ്റും സ്ത്രീകള്‍ക്കായിരിക്കുമെന്നും പ്രിയങ്ക ഗാന്ധി നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതുവരെ 166 സ്ഥാനാര്‍ത്തികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അതില്‍ 119 പേര്‍ തിരഞ്ഞെടുപ്പിലേക്ക് ആദ്യമായി എത്തുന്നവരാണ്.
സ്ത്രീകള്‍, യുവജനങ്ങള്‍, കര്‍ഷകര്‍, പിന്നോക്ക വിഭാഗം, ദളിതുകള്‍ എന്നിവര്‍ക്കൊല്ലം കോണ്‍ഗ്രസില്‍ ഇത്തവണ ടിക്കറ്റുണ്ടെന്ന് പാര്‍ട്ടി വക്താവ് അന്‍ഷു അവസ്തി പറയുന്നു. എസ്പിയും ബിജെപിയും ഒരുവശത്ത് ജാതിയില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തുന്നത്.
ഉന്നാവോ ഇരയുടെ അമ്മ ആശാ സിംഗ്, സിഎഎ വിരുദ്ധ പ്രക്ഷോഭം നടത്തിയ സദാഫ് ജാഫര്‍, ആശാ വര്‍ക്കര്‍ പൂനം പാണ്ഡെ, ആദിവാസികളുടെ അവകാശത്തിനായി പോരാടിയ രാം രാജ് ഗോണ്ഡ് എന്നിവരെല്ലാം ഇത്തവണ കോൺഗ്രസിനായി മത്സരിക്കുന്നുണ്ട്.
ഇവരെല്ലാം ആദ്യമായിട്ടാണ് മത്സരിക്കുന്നത്. താനായിരിക്കും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖമെന്ന് നേരത്തെ പ്രഖ്യാപിച്ച പ്രിയങ്ക ഗാന്ധി, വൻ മാറ്റങ്ങളാണ് കൊണ്ട് വരാൻ ശ്രമിക്കുന്നത്.
അധികാരത്തിലെത്തിയാല്‍ 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 40 ശതമാനം അതായത് എട്ട് ലക്ഷത്തോളം സ്ത്രീകളായിരിക്കുമെന്നും പ്രഖ്യാപനമുണ്ട്.