
പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. നിയമസഭാ തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നാരോപിച്ചു മുൻ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്റെ വിമർശനമാണ് ഇപ്പോൾ വിവദമായി മാറിയിരിക്കുന്നത്. സി.വി ബാലചന്ദ്രനും ഇദ്ദേഹത്തെ പിൻതുണയ്ക്കുന്നവരുമാണ് ഇപ്പോൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആവശ്യമെങ്കിൽ ഏത് അറ്റം വരെയും പോകാൻ തയ്യാറാണെന്നും, റിബലായി മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇനിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ വി.ടി ബെൽറാമാണ് തൃത്താലയിലെ എം.എൽ.എ. 2011 ലാണ് ബെൽറാം ആദ്യമായി തൃത്താലയിൽ എം.എൽ.എആയി രംഗത്ത് എത്തിയത്. ഡൽഹിയിൽ നിന്നാണ് ഇദ്ദേഹത്തെ അന്ന് സ്ഥാനാർത്ഥിയായി നിർദേശിച്ചത്. അന്ന് ഡി.സി.സി പ്രസിഡന്റായിരുന്നു സി.വി ബാലചന്ദ്രൻ . നേരത്തെ സംവരണ മണ്ഡലമായിരുന്ന തൃത്താലയിൽ വർഷങ്ങളോളമായി കഷ്ടപ്പെട്ടാണ് താൻ അടക്കമുള്ള നേതാക്കൾ പാർട്ടിയെ കെട്ടിപ്പെടുത്തതെന്നു സി.വി ബാലചന്ദ്രൻ പറയുന്നു.
2011 ൽ ഡി.സി.സി പ്രസിഡന്റ് സ്ഥാപനത്തിരിക്കുമ്പോൾ തന്നെയാണ് ആദ്യമായി തൃത്താല ജനറൽ സീറ്റായത്. പത്തു നാൽപ്പതു വർഷത്തോളം കാലം താൻ അടക്കമുള്ള പാർട്ടി പ്രവർത്തകരാണ് തൃത്താലയിൽ രാപകലില്ലാതെ പാർട്ടിയ്ക്കു വേണ്ടി കഷ്ടപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനറൽ സീറ്റായതോടെ പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനായി 9000 പുതിയ വോട്ട് ചേർത്തു. 8000 വോട്ട് തള്ളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം ഫലമായി ഡൽഹിയിൽ നിന്നും കെട്ടിയിറക്കിയ സ്ഥാനാർത്ഥിയായ വി.ടി ബെൽറാം 3000 വോട്ടിന് വിജയിച്ചു.
എന്നാൽ, തന്നെ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റിയ ശേഷം കടുത്ത അവഗണനയാണ് തനിക്ക് നേരിടേണ്ടി വന്നതെന്നു വ്യക്തമാക്കുകയാണ് സി.വി. തൃത്താല മണ്ഡലത്തിലും പാലക്കാട് ജില്ലയിലെ നിർണ്ണായക സ്വാധീനം ഐ ഗ്രൂപ്പിന് ഉണ്ട്. ഈ സ്വാധീനം ഉള്ള ഐ ഗ്രൂപ്പിനെ തഴയുന്നതിനു വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഐ ഗ്രൂപ്പ് നേതൃത്വം വ്യക്തമാക്കുന്നത്.
ഡിസിസി പ്രസിഡന്റ് സ്ഥാപനത്തു നിന്നും മാറിയപ്പോൾ സി.വി ബാലചന്ദ്രനെ പാർട്ടി അവഗണിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന് ഒപ്പമുള്ള പ്രവർത്തകർ ആരോപിക്കുന്നു. തന്നെ അവഗണിച്ചതിന്റെ കാരണം ഇനിയും പാർട്ടി വ്യക്തമാക്കിയിട്ടില്ലന്നും സി.വി പറയുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവരെ പോലും പരിഗണിച്ചപ്പോൾ തനിക്ക് യാതൊരു വിധ പരിഗണനയും നൽകുന്നില്ല. ഇത് അക്ഷരാർത്ഥത്തിൽ ചതിയാണ് എന്നും അദ്ദേഹം പറയുന്നു.
ഇതിനിടെ തൃത്താല മണ്ഡലത്തിൽ സി.വി ബാലചന്ദ്രനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ യോഗം ചേർന്നു. മുൻ ചാലിശേരി പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാറിന്റെ വസതിയിലാണ് സി.വി ബാലചന്ദ്രനെ പിൻതുണയ്ക്കുന്ന വിഭാഗം യോഗം ചേർന്നത്. ഒരാൾ ഒരു മണ്ഡലത്തിൽ മത്സരിക്കാൻ എത്തിയാൽ മരണം വരെ ആ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുകയാണ് കോൺഗ്രസിന്റെ രീതി. ഇത് അംഗീകരിക്കാനാവില്ലെന്നും സി.വി ബാലചന്ദ്രനെ പിൻതുണയ്ക്കുന്ന വിഭാഗം പറയുന്നു.