ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ വലിയ തോല്‍വിയ്ക്ക് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസില്‍ നടക്കുന്നത് പലതും മണ്ടത്തരവും ആത്മഹത്യാപരവുമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുന്നതുന്നത്. അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയാണ് പ്രധാന മണ്ടത്തരം. ഇന്ത്യയില്‍ ആകെ തരംഗം സൃഷ്ടിക്കാന്‍ കഴിയുന്ന രാഹുല്‍ ആ സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നത് തികച്ചും ആത്മഹത്യാപരമാകും.
രാഹുലിന്റെ പിന്മാറ്റത്തിലൂടെ കോണ്‍ഗ്രസിന് വന്നു ചേരുന്ന ഇടിവ് പിന്നീട് ആരു വന്നാലും നികത്താനാവില്ല. മോദി ഒരു പ്രതിഭാസമായി നിറഞ്ഞാടുന്ന കളത്തില്‍ മറ്റൊരു പ്രതിഭാധനനായ വ്യക്തിയ്ക്ക് മാത്രമേ പിടിച്ച് നില്‍ക്കാനാകുകയുള്ളൂ. ഇവിടെയാണ് മറ്റുള്ളവരുടമായിട്ടുള്ള ഇടപഴകലിലും മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനായ രാഹുലിന്റെ അനിവാര്യത ഉണ്ടാകുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി രാഹുല്‍ ഗാന്ധി നേടിയെടുത്ത പ്രഭ ഇനിയൊരു നേതാവിന് പെട്ടെന്ന് കൈവരിക്കാനാവില്ല.
അപ്രതീക്ഷിത പരാജയത്തില്‍ കോണ്‍ഗ്രസ് വീണുപോകുന്ന മണ്ടത്തരങ്ങളില്‍ രണ്ടാമത്തേതാണ് മാധ്യമങ്ങളെ ഒരു മാസത്തേയ്ക്ക് കാണില്ലെന്ന തീരുമാനം. ഒരു മാസം ചെറിയ കാലയളവാണെങ്കിലും ചോദ്യങ്ങളെ നേരിടാന്‍ തങ്ങള്‍ അശക്തരാണെന്ന സന്ദേശമാണ് ഇതിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്. ഇത്തരത്തില്‍ ഒരു തീരുമാനം ആന്തരികമായെടുത്ത് ആരുമറിയാതെ നടപ്പിലാക്കിയിരുന്നെങ്കിലും പ്രശ്‌നമുണ്ടാകില്ലായിരുന്നു. എന്നാല്‍ പരസ്യമായി പ്രഖ്യാപിച്ചതിലൂടെ വടികൊടുത്ത് അടിവാങ്ങുന്ന നിലയിലാണ് എത്തിയിരിക്കുന്നത്.