കൊച്ചി: കോൺഗ്രസ് അതിന്റെ അതിദയനീയമായ പരാജയത്തിലേക്ക് നീങ്ങുകയാണ് .ഇനിയൊരു തിരിച്ചുവരവ് തന്നെ എപ്പോൾ എന്ന് പറയാനാവാത്ത വിധത്തിൽ കൂപ്പുകുത്തുകയാണ് കോൺഗ്രസ് .യാഥാർഥ്യം അറിയാനാകാതെ സ്ഥിരം പല്ലവി പോലെ പരാജയം സ്ഥിരമല്ല -കോൺഗ്രസ് തിരിച്ചുവരും എന്ന പഴഞ്ചൻ പല്ലവിയുടെ ആന്റണി അടക്കമുള്ള നേതാക്കൾ മീഡിയായിൽ നിന്നും തട്ടി തപ്പുന്നു .പാർട്ടിക്കുള്ളിൽ പൊരിഞ്ഞ അടി നടക്കുമ്പോൾ സ്ഥിരം അനങ്ങാപ്പാറ നയവുമായി ആന്റണിയടക്കമുള്ള വയോധിക നേതൃത്വം ഇപ്പോഴും ദില്ലിയിൽ തമ്പടിച്ചിരിക്കയാണ് . തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നതിനു പകരം സംസ്ഥാനഘടകങ്ങളില്‍ തമ്മിലടി മൂര്‍ഛിച്ചു. പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങള്‍ക്കു പുറമേ, ഏറ്റവുമൊടുവില്‍ ജമ്മു കശ്മീരിലും പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ മറനീക്കി. കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിയാകട്ടെ പ്രശ്‌നപരിഹാരത്തിനു സജീവശ്രമം നടത്തുന്നുമില്ല.
രാഹുലിനെതിരേയും പാര്‍ട്ടിയില്‍ വിമര്‍ശനമുയരുന്നുണ്ട്. മുതിര്‍ന്ന നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലിയാണ് ആദ്യവെടി പൊട്ടിച്ചത്. രാഹുല്‍ അധ്യക്ഷപദം ഒഴിയുന്നതില്‍ കുഴപ്പമില്ല, പക്ഷേ, പകരം ആളെ നിയോഗിച്ചിട്ടാകണമെന്നാണു മൊയ്‌ലി അദ്ദേഹത്തിന്റെ നിലപാട്. പാര്‍ട്ടിയുടെ പരാജയകാരണം വിലയിരുത്താന്‍ ചേര്‍ന്ന രണ്ട് എ.ഐ.സി.സി. സമ്മേളനങ്ങള്‍ നിഗമനങ്ങളിലെത്താന്‍ കഴിയാതെ പിരിഞ്ഞു.
സംസ്ഥാനനേതാക്കളുമായി ജനറല്‍ സെക്രട്ടറിമാരായ ഗുലാം നബി ആസാദും അംബികാ സോണിയും നടത്താനിരുന്ന ചര്‍ച്ചകള്‍ മാറ്റിവച്ചു. മിക്ക സംസ്ഥാനങ്ങളിലും നേതൃമാറ്റം ആവശ്യപ്പെടുന്ന ഒരുവിഭാഗം ശക്തമാണ്. പാര്‍ട്ടി ചുമതലകള്‍ മൂന്നായി വിഭജിക്കണമെന്ന ആവശ്യവും ചില സംസ്ഥാനങ്ങളില്‍നിന്ന് ഉയരുന്നുണ്ട്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദുവുമായുള്ള പാളയത്തില്‍പട രൂക്ഷമാണ്. ബി.ജെ.പിയില്‍നിന്നു കോണ്‍ഗ്രസില്‍ ചേക്കേറിയ, മുന്‍ ക്രിക്കറ്റ് താരം കൂടിയായ സിദ്ദുവിന്റെ ലക്ഷ്യം മുഖ്യമന്ത്രിപദമാണെന്ന് അമരീന്ദര്‍ വിഭാഗം ആരോപിക്കുന്നു.
ഇതേത്തുടര്‍ന്ന് സിദ്ദുവിന് അദ്ദേഹം വഹിച്ചിരുന്ന ചില വകുപ്പുകള്‍ നഷ്ടപ്പെടുകയും ചെയ്തു. പകരം ഏല്‍പ്പിച്ച ഊര്‍ജവകുപ്പ് ഏറ്റെടുക്കാന്‍ സിദ്ദു തയാറാകാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ പ്രകടനം മോശമാകാന്‍ കാരണം സിദ്ദുവാണെന്ന് അമരീന്ദര്‍ ആരോപിക്കുന്നു. പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളില്‍ എട്ടെണ്ണമാണു കോണ്‍ഗ്രസിനു ലഭിച്ചത്. നാലെണ്ണം ബി.ജെ.പി-ശിരോമണി അകാലിദള്‍ സഖ്യം നേടിയപ്പോള്‍ ഒരെണ്ണം എ.എ.പി. സ്വന്തമാക്കി.
200-ല്‍ 99 നിയമസഭാ സീറ്റുകളുമായി കോണ്‍ഗ്രസ് കഴിഞ്ഞവര്‍ഷം ഭരണം പിടിച്ച രാജസ്ഥാനില്‍നിന്ന് ഇക്കുറി ലോക്‌സഭയിലേക്ക് ഒരാളെപ്പോലും അയയ്ക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരേ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം എം.എല്‍.എമാരും നേതാക്കളും രംഗത്തുവന്നു. ഉപമുഖ്യമന്ത്രി സച്ചിന്‍ െപെലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഗെലോട്ടിന്റെ മകന്‍ െവെഭവ് ജോധ്പൂരില്‍ ബി.ജെ.പിയുടെ ഗജേന്ദ്ര സിങ് ഷെഖാവതിനോടു തോറ്റതു 2.74 ലക്ഷം വോട്ടിനാണ്. മകന്റെ വിജയത്തിനായി ജോധ്പൂരില്‍ കേന്ദ്രീകരിച്ച ഗെലോട്ട് സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളെ അവഗണിച്ചെന്നാണ് ആരോപണം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്കു പിന്നാലെ, ഒക്‌ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ അശോക് തന്‍വാറിനെ മാറ്റണമെന്നാണു മിക്ക നേതാക്കളുടെയും ആവശ്യം. മുന്‍മുഖ്യമന്ത്രി ഭൂപീന്ദന്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ യോഗം ചേരുകയും ചെയ്തു. നേതൃമാറ്റം ആവശ്യപ്പെടുന്നവര്‍ തന്നെ വെടിവച്ചു കൊല്ലൂ എന്നു പൊട്ടിത്തെറിച്ച തന്‍വാറും വിട്ടുകൊടുക്കാന്‍ തയാറല്ല. 10 ലോക്‌സഭാ സീറ്റുകളുള്ള ഹരിയാനയിലും ഇക്കുറി കോണ്‍ഗ്രസിന്റെ പ്രകടനം ”സംപൂജ്യ”മായിരുന്നു.
കോണ്‍ഗ്രസ് ദയനീയപ്രകടനം കാഴ്‌വച്ച മഹാരാഷ്ട്രയും മാസങ്ങള്‍ക്കകം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുകയാണ്. പൊതുതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് സംസ്ഥാനാധ്യക്ഷന്‍ അശോക് ചവാന്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീല്‍ രാജിവച്ചതും പാര്‍ട്ടിക്കു തിരിച്ചടിയായിരുന്നു. സഖ്യകക്ഷികളുമായി ചേര്‍ന്ന് ഏഴു സീറ്റില്‍ മത്സരിക്കുകയും ഒരെണ്ണം മാത്രം ജയിക്കുകയും ചെയ്ത ഝാര്‍ഖണ്ഡിലും പി.സി.സി. അധ്യക്ഷന്‍ അജയ്കുമാര്‍ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിസന്നദ്ധത പ്രകടിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാട് മാറ്റിയില്ല. നേതൃത്വങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം സമ്മതികാത്തത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. മറ്റു വിഷയങ്ങളില്‍ രാഹുല്‍ സജീവമാണെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാജിവെക്കരുത് എന്ന വിഷയം ഉന്നയിക്കാന്‍ അദ്ദേഹം ആരെയും അനുവദിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പുതിയ നീക്കത്തിന് ഒരുങ്ങുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ സുപ്രധാനമായ തീരുമാനമെടുക്കും. മുതിര്‍ന്ന നേതാവിനെ കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റായി നിയമിക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
നെഹ്രു കുടുംബത്തില്‍ നിന്ന് ആരെയും പ്രസിഡന്റാക്കരുത് എന്നാണ് രാഹുലിന്റെ നിലപാട്. രാഹുല്‍ രാജിവെച്ചാല്‍ പ്രിയങ്കയെ പ്രസിഡന്റാക്കാം എന്ന് ചിലര്‍ നിര്‍ദേശം മുന്നോട്ട് വച്ചപ്പോള്‍ രാഹുല്‍ ഗാന്ധി തടയുകയായിരുന്നു. ഈ സാഹചര്യത്തില്‍ നെഹ്രു കുടുംബാംഗമല്ലാത്ത വ്യക്തിയെ പ്രസിഡന്റാക്കാനാണ് തീരുമാനം. നയരൂപീകരണ സമിതി കോണ്‍ഗ്രസിന് പ്രത്യേക നയരൂപീകരണ സമിതി രൂപീകരിക്കാനാണ് ആലോചന. ഇടക്കാല പ്രസിഡന്റിനെ നിയമിക്കും. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് പുതിയ സമിതി. മുതിര്‍ന്ന നേതാക്കളില്‍ ഒരാളാകും ഇടക്കാല പ്രസിഡന്റ്. രാഹുലുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ എകെ ആന്റണിയും അഹ്മദ് പട്ടേലും ശ്രമം നടത്തുന്നുണ്ട്.
രാഹുലിനെ അനുനയിപ്പിക്കാനുള്ള നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് രാഹുല്‍ രാജിസന്നദ്ധത അറിയിച്ചത്. നെഹ്രു കുടുംബാംഗമല്ലാത്ത വ്യക്തിയെ അധ്യക്ഷ പദവി ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവും രാഹുല്‍ നടത്തിയിരുന്നു. എന്നാല്‍ രാജി തീരുമാനം പിന്‍വലിക്കാത്ത രാഹുല്‍ ഗാന്ധിയുടെ നടപടിയെ വിമര്‍ശിച്ച് വീരപ്പ മൊയ്‌ലി ഉള്‍പ്പെടെയുള്ള നേതാക്കളും രംഗത്തുവന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ബദല്‍ സംവിധാനം തയ്യാറാക്കുന്നത്. ദേശീയ അധ്യക്ഷന്റെ കാര്യത്തിലുള്ള അന്തിമ തീരുമാനം വരുംദിവസങ്ങളിലുണ്ടാകും. അടുത്താഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. ഇടക്കാല പ്രസിഡന്റിനെയും രണ്ട് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.
ലോക്‌സഭയില്‍ ആര് കോണ്‍ഗ്രസിനെ നയിക്കുമെന്നതും പാര്‍ട്ടി നേരിടുന്ന പ്രതിന്ധിയാണ്. കഴിഞ്ഞതവണ നയിച്ചിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിരഞ്ഞെടുപ്പില്‍ തോറ്റതാണ് വിഷയം സങ്കീര്‍ണമാക്കിയത്. ലോക്‌സഭയില്‍ പാര്‍ട്ടിയെ രാഹുല്‍ നയിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. രാഹുല്‍ അല്ലെങ്കില്‍ സോണിയാ ഗാന്ധി നയിക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.