​ഭാരതീയ ആചാരങ്ങൾക്ക് അനുസരിച്ച് ഭരണഘടന പൊളിച്ചെഴുതണം മോഹൻ ഭഗവത്…

മുംബൈ:  ഭരണഘടനയിലെ ചില ഭാഗങ്ങള്‍ മാറ്റി സമൂഹത്തിലെ ആചാരങ്ങള്‍ക്കനുസരിച്ച് മാറ്റിയെഴുതണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. അഖില ഭാരതീയ അധിവക്ത (അഭിഭാഷക) പരിഷത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഭാഗവതിന്റെ പരാമര്‍ശം.
സ്വാതന്ത്ര്യത്തിന് ശേഷം നിർമ്മിക്കപ്പെട്ട ഭരണഘടനയിലെ പല  നിയമങ്ങളും  വിദേശരാജ്യങ്ങളിലേതില്‍ നിന്നെടുത്തിട്ടുള്ളതാണെന്നും അവ മാറ്റി നിയമവ്യവസ്ഥ  സമൂഹത്തിലെ ആചാരങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം.  ഭാരതീയ ആചാരങ്ങൾ ഉൾകൊണ്ടുകൊണ്ടുള്ള നിയമങ്ങളാണ് ഇവിടെ വേണ്ടത്. ഭാരതീയ സംസ്കാരത്തിന്റെ  പിതൃക്കന്മാരുടെ കണ്ടെത്തലുകൾക്ക് പകരം വൈദേശികരുടെ നയങ്ങളും കണ്ടെത്തലുകളുമാണ് ഇവിടത്തെ നിയമങ്ങൾ. രാജ്യത്തിൻറെ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം എഴുപത് വർഷം പിന്നിട്ടിരിക്കുന്നു, ഇനിയെങ്കിലും  നമ്മൾ ഈ വിഷയം ജനങ്ങൾക്ക് മുന്നിൽ അഭിസംബോധന ചെയ്യണം.
നീതി ശാസ്ത്രത്തിന് ആധുനിക നിയമനിര്‍മാതാക്കള്‍ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കാനാകും. സന്ന്യാസിമാരുടെ ബുദ്ധി ഇതിനായി ഉപയോഗപ്പെടുത്തണമെന്നും ഭാഗവത് പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ  ശാസ്ത്രജ്ഞരും ബുദ്ധിജീവികളും ഉപനിഷത്തുകൾ ഇന്ന് അവരടെ  പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും വേണ്ടി ഉപയോഗിക്കുന്നു. ഉപനിഷത്തുകൾ നമ്മുടെ പാരമ്പര്യമാണ്. ഒരു സമൂഹം നിർമ്മിക്കപ്പെടുന്നത് അവിടെ  നിലനിൽക്കുന്ന സദാചാര സംഹിതകൾ അടങ്ങിയ സാമൂഹിക നിയമങ്ങളിലൂടെയാണ്. അത്തരം സാമൂഹിക നിയമങ്ങൾ വിഡ്ഢിത്തരമല്ല.അതുകൊണ്ട് തന്നെ നിർമ്മിക്കപ്പെടുന്ന നിയമങ്ങളും സാമൂഹിക നിയമങ്ങളും പരസ്പരം  കൈകോർത്ത് പോകേണ്ടവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top