സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അത്യാവശ്യ കാര്യങ്ങൾക്കായി പോലും പുറത്തിറങ്ങുന്നത് ഏറെ അപകടകരമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കാൻ സംവിധാനമൊരുക്കിയിരിക്കുകയാണ് കൺസ്യൂമർഫെഡ്.
പുതിയ സംവിധാന പ്രകാരം പോർട്ടൽ വഴി ഓർഡർ നൽകിയാൽ ഇനിമുതൽ എല്ലാം വീട്ടുപടിക്കലെത്തും. പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിലാണ് സംവിധാനമൊരുങ്ങുന്നത്.
അവശ്യസാധനങ്ങളും മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായാണ് കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നത്. ഇതിനായി ഓൺലൈൻ പോർട്ടൽ തയാറാക്കി കഴിഞ്ഞിട്ടുണ്ട്.
കോവിഡിന്റെ ആദ്യഘട്ടത്തിൽ പ്രതിരോധ മെഡിസിൻ കിറ്റ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയതിനു പിന്നാലെയാണ് പുതിയ ഓൺലൈൻ സംവിധാനം. 10 ഇനങ്ങൾ ഉൾപ്പെടുത്തി കൊവിഡ് പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കൺസ്യൂമർഫെഡ് വിപണിയിലെത്തിച്ചിരുന്നു.
ഇതിന് പുറമെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലെയും നീതി മെഡിക്കൽ സ്റ്റോറുകളിലെയും വാട്‌സ്ആപ്പ് നമ്ബറിൽ ലഭിക്കുന്ന ഓർഡറുകൾ ഹോം ഡെലിവറിയായി എത്തിക്കുന്നതിനും സൗകര്യമൊരുക്കി. ഇതിനു പുറമേയാണ് ഓൺലൈൻ ആയി ഓർഡറുകൾ സ്വീകരിച്ച് സാധനങ്ങൾ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിച്ചിരിക്കുന്നത്.