കരാറുകാരന്‍റെ മരണം ;സഹപാഠിയെ സംരക്ഷിക്കാൻ പാച്ചേനി !.സ്ത്രീവിഷയം വന്നപ്പോൾ ആരോപണവിധേയനായ സഹപാഠിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നോ?“ഇരയോടൊപ്പമാണ് കോൺഗ്രസ്… വേട്ടക്കാരോടൊപ്പമല്ല”പാച്ചേനിയുടെ തുറന്ന കത്ത് ചർച്ചയാകുമ്പോൾ !!!

കണ്ണൂർ :ചെറുപുഴയിൽ കോൺഗ്രസിന്റെ കെടുകാര്യസ്ഥയിൽ കരാറുകാരന്റെ മരണത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി കരാറുകാരന്റെ ഭാര്യ.കോൺഗ്രസുകാർ എന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ മിനി ആരോപിച്ച് രംഗത്ത് വന്നു .കെ കരുണാകരന്റെ സ്മരണാർത്ഥം നിർമിച്ച ആശുപത്രിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കളായ കെ കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും ആയിരുന്നു .റോഷി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ സഹപാഠിയാണ് .റോഷിയെ രക്ഷിക്കുന്നതിനായിട്ടുള്ള നീക്കമാണ് പാച്ചേനി നടത്തുന്നത് .അടുത്ത കാലത്ത് തന്നെ റോഷിക്ക് എതിരായി പോക്സോ കേസ് അന്യോഷണം വന്നപ്പോഴും പാർട്ടിയാണ് റോഷിയെ സംരക്ഷിച്ചത് എന്നും ആരോപണം ഉണ്ട് .ആരോപണം വന്നപ്പോൾ മണ്ഡലം പ്രസിഡന്റായ പാച്ചേനിയുടെ കൂടെ സഹപാഠി ആയ റോഷിയെ രക്ഷിക്കുന്ന നടപടിയാണ് പാച്ചേനി സ്വീകരിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.

അതേസമയം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മറുപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ സതീശന്‍ പാച്ചേനിയുടെ തുറന്ന കത്ത് സോഷ്യൽ മീഡിയായിൽ . ഇരയോടൊപ്പമാണ് കോൺഗ്രസ്… വേട്ടക്കാരോടൊപ്പമല്ല എന്ന് പറഞ്ഞ സതീശന്‍ പാച്ചേനി മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ തുറന്ന സംവാദത്തിന് തയ്യാറാണെന്നും പറയുന്നു.ചെറുപുഴയിലെ കരാറുകാരന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള എം.വി.ജയരാജന്‍റെ ചോദ്യങ്ങൾക്ക് മറുപടിയുമായാണ് അദ്ദേഹം തുറന്ന കത്തെഴുതിയത്. ” ജില്ലയിലെ കോൺഗ്രസ് സത്യത്തിനൊപ്പമാണ്… നന്മക്കൊപ്പമാണ്.. ഇരക്കൊപ്പമാണ്… അങ്ങയുടെ പാർട്ടിയെപ്പോലെ വേട്ടക്കാരോടൊപ്പമല്ല.” എന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

സി.പി.ഐ.(എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അറിയാൻ.

ചെറുപുഴയിലെ കരാറുകാരൻ ജോസഫേട്ടന്‍റെ മരണവുമായി ബന്ധപ്പെട്ട് അങ്ങയുടെ വാദമുഖങ്ങൾ ഉയർത്തിയുള്ള ചോദ്യങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞു.

ആദ്യം തന്നെ അങ്ങയോടൊന്ന് പറയട്ടെ

ആന്തൂരിലെയും ചെറുപുഴയിലെയും സംഭവങ്ങളുടെ പാശ്ചാത്തലത്തിൽ ഒരു പരസ്യസംവാദത്തിന് സി.പി.ഐ (എം) ജില്ലാ സെക്രട്ടറി തയ്യാറുണ്ടോ ?

സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറയുന്ന സ്ഥലത്ത് പറയുന്ന നേരത്ത് മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ ഈ വിഷയത്തെ കുറിച്ച് സംവദിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ആയ ഞാൻ തയ്യാറാണ്.

ആന്തൂരിലെ പോലെ ചെറുപുഴയിലും പദയാത്ര നടത്താൻ സതീശൻ പാച്ചേനി തയ്യാറാണോ ? എന്ന അങ്ങയുടെ ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ

ജനങ്ങൾക്ക് നീതി ലഭ്യമാക്കാൻ, സത്യത്തിന് വേണ്ടി, നെറികേടുകൾക്ക് എതിരെ ഒന്നല്ല നൂറ് പദയാത്രകൾ നടത്താൻ തയ്യാറാണ്.

ചെറുപുഴയിലെ സംഭവത്തിൽ പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത വിഷയത്തിൽ പാർട്ടി ഭാരവാഹികൾ അംഗമായ ആദരണീയനായ കോൺഗ്രസ് നേതാവിന്‍റെ നാമധേയത്തിൽ ഉള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട് ആരോപണം വന്നപ്പോൾ തന്നെ പ്രശ്നത്തിൽ ഇടപെടുകയും ജോസഫേട്ടന്‍റെ കുടുംബത്തിന് നീതി കിട്ടാനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. ഇരയോടൊപ്പമാണ് കോൺഗ്രസ് വേട്ടക്കാരോടൊപ്പമല്ല. ചെറുപുഴയിലെ സംഭവത്തിൽ കോൺഗ്രസിന്‍റെ ഇടപെടലിന്‍റെ രീതിയും ശൈലിയും വരും ദിവസങ്ങളിൽ താങ്കൾക്കുൾപ്പെടെ പൊതു സമൂഹത്തിന് കാണാൻ കഴിയും.

പിന്നെ ട്രസ്റ്റുമായി ബന്ധപ്പെട്ടും മറ്റും ഉള്ള താങ്കളുടെ എല്ലാ ആശങ്കകളും പരിഹരിക്കാൻ ഒരു കാര്യം ചെയ്യൂ. താങ്കളുടെ പാർട്ടിയുടെ നേതാവാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി : അധികാരങ്ങളും മറ്റ് നിയമപരമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് സമഗ്രമായി അന്വേഷിക്കട്ടെ. അന്വേഷണത്തിന് പിൻതുണ നല്‍കാൻ കോൺഗ്രസ് കൂടെ ഉണ്ടാകും.

ജില്ലയിലെ കോൺഗ്രസ് സത്യത്തിനൊപ്പമാണ് നന്മക്കൊപ്പമാണ്
ഇരക്കൊപ്പമാണ്
അങ്ങയുടെ പാർട്ടിയെപ്പോലെ വേട്ടക്കാരോടൊപ്പമല്ല.

ആന്തൂരിലെ സംഭവത്തിൽ സി.പി.ഐ.(എം) ന്റെ നിലപാട് അങ്ങേക്ക് ഓർമ്മയില്ലേ ?
മറക്കാൻ വഴിയില്ലെങ്കിലും ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.

ആന്തൂരിലെ അങ്ങയുടെ പാർട്ടിയുടെ നാല് ലോക്കൽ കമ്മിറ്റിയും, തളിപ്പറമ്പ ഏരിയാ കമ്മിറ്റിയും, അങ്ങയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗവും എടുത്ത തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ എത്തിയപ്പോൾ ആവിയായിപ്പോയില്ലേ..?
ധർമ്മശാലയിൽ പൊതുയോഗം നടത്തി പൊതു ജനമധ്യത്തിൽ പറഞ്ഞ കാര്യങ്ങൾ വിഴുങ്ങേണ്ടി വന്നില്ലേ….
നട്ടെല്ലിന് പകരം വാഴപ്പിണ്ടി പോലുമില്ലാത്ത പാർട്ടിയായിപ്പോയില്ലേ ജില്ലയിലെ സി.പി.എം.

ചെറുപുഴയിലെ സംഭവം കോൺഗ്രസ് പാർട്ടിയും പൊതു സമൂഹവും അറിയുന്നത് ജോസഫേട്ടന്റെ മരണത്തിന് ശേഷമാണ്
ആന്തൂരിലെ സാജൻ സി.പി.എം ജില്ലാ സെക്രട്ടറിക്കും, സി.പി.എം നേതാവായ എം.എൽ.എക്കും, എന്തിനേറെ പറയുന്നു സംസ്ഥാന മുഖ്യമന്ത്രിക്ക് വരെ പരാതി നല്കിയിരുന്നു.
സി.പി.എം എന്താണ് ചെയ്തത്.

സാജന്‍റെ സ്ഥാപനം വളഞ്ഞ വഴിയിലൂടെ തട്ടിയെടുക്കാൻ സി.പി.എം നേതാക്കൾ ശ്രമിച്ചില്ലേ..
സാജൻ മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിലെ ഹോട്ടലിൽ വച്ച് സാജന്‍റെ സ്ഥാപനം സി.പി.എം പാർട്ടിക്കാർ ഉൾപ്പെടെയുള്ളവർക്ക് കൂടി പങ്കാളിത്തമുള്ള ഒരു സംവിധാനമാക്കി മാറ്റാൻ ശ്രമിച്ചില്ലേ….
എസ്.എഫ്.ഐ മുതൽ പ്രവർത്തിച്ച് മറ്റെന്തിനെക്കാളും സി.പി.എമ്മിനെ സ്നേഹിച്ച സാജനെ സി.പി.എം ചതിച്ചപ്പോൾ ഉള്ള മനോവിഷമത്താലല്ലേ സാജൻ മരണം വരിച്ചത്.

ആ നല്ല മനുഷ്യന്‍റെ മരണത്തിന് ശേഷവും സി.പി.എം ആ കുടുംബത്തെ വേട്ടയാടിയില്ലേ ….
നിങ്ങളുടെ പാർട്ടി പത്രം വാർത്ത എഴുതി അപമാനിച്ചില്ലേ…..

ഇനിയും ഒരുപാട് ഉണ്ട് പറയാൻ തൽക്കാലം നിർത്തുന്നു.

സംവാദത്തിന് തയ്യാറാകുമെന്ന പ്രതീക്ഷയിൽ

അതേസമയം കെ കരുണാകരന്റെ സ്മരണാർത്ഥം നിർമിച്ച ആശുപത്രിയുടെ നിർമാണ തുക നൽകാമെന്ന് പലതവണ പറഞ്ഞ് ജോയിയെ കോൺഗ്രസ് നേതാക്കൾ നിരവധി തവണ വഞ്ചിച്ചതായും മിനി മാധ്യമങ്ങളോട് പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ ജോയിയുടെ കൈവശം ഉണ്ടായിരുന്നതായും അവ നഷ്ടപ്പെട്ടതായും അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മിനി പറഞ്ഞു. എല്ലാ സമ്പാദ്യവും ചെലവഴിച്ചാണ്‌ അദ്ദേഹം ആശുപത്രി കെട്ടിടം പൂർത്തിയാക്കിയതെന്നും മിനി വ്യക്തമാക്കി.

കോൺഗ്രസ്‌ നേതാക്കളായ കെ കുഞ്ഞികൃഷ്‌ണൻ നായരും റോഷി ജോസും ഒരാഴ്‌ച മുമ്പും പണം നൽകാമെന്നു പറഞ്ഞിരുന്നുവെന്നും ജോയിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരൻ മാർട്ടിൻ മുതുപാറകുന്നേൽ പറഞ്ഞു. പണം നൽകാമെന്നു പറഞ്ഞ്‌ ട്രസ്‌റ്റ്‌ ഭാരവാഹികളായ നേതാക്കൾ വിളിപ്പിച്ചതനുസരിച്ച്‌ പകൽ രണ്ടോടെ സ്വന്തം കാറിൽ പുറപ്പെട്ട ജോസഫിനെ പിന്നീട്‌ കാണാതാവുകയും വ്യാഴാഴ്‌ച പുലർച്ചയോടെ ചെറുപുഴ കെ കരുണാകരൻ സ്‌മാരക ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

ജോയിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പിറ്റേന്ന്‌ പുലർച്ചെവരെ ആശുപത്രി കെട്ടിടത്തിലും പരിസരത്തും തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ഇവർ തെരച്ചിൽ നടത്തിയ മൂന്നാം നിലയിലാണ്‌ രാവിലെ ഒമ്പതോടെ മൃതദേഹം കണ്ടെത്തിയതെന്നത് മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നു. ഇരു കൈകളുടെയും വലതുകാലിന്റെയും ഞരമ്പുകൾ മുറിച്ച്‌ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. എന്നാൽ വസ്ത്രത്തിൽ രക്തം പുരളാതിരുന്നതും ദുരൂഹത വർധിപ്പിക്കുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Top