കണ്ണൂരും തിരുവനന്തപുരത്തും കോറോണ.എട്ട് ജില്ലകളിൽ വൈറസ് സാന്നിദ്ധ്യം.കേരളത്തിൽ ആശങ്ക.

തിരുവനന്തപുരം : കൊറോണ വൈറസ് ഇന്നലെ മൂന്ന് പേർക്ക് കൂടി റിപ്പോർട്ട് ചെയ്‌തതോടെ കേരളത്തിന്റെ ആശങ്ക രൂക്ഷമായി.കൊറോണയില്‍ രാജ്യത്തെ ആദ്യ മരണം കര്‍ണാടകത്തില്‍ റിപ്പാർട്ട് ചെയ്തു .കര്‍ണാടകത്തിലെ കല്‍ബുര്‍ഗിയിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. 76കാരനായ മുഹമ്മദ് ഹുസൈന്‍ സിദ്ദിഖിയാണ് മരിച്ചത്. ഇന്നലെയായിരുന്നു ഇയാളുടെ മരണം. അതേസമയം സിദ്ദിഖിക്ക് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. കര്‍ണാടകം രോഗത്തെ കൈകാര്യം ചെയ്ത രീതിയില്‍ വലിയ വീഴ്ച്ച സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. സിദ്ദിഖിക്ക് കൊറോണ ലക്ഷണങ്ങള്‍ക്കൊപ്പം ന്യൂമോണിയയും ഉണ്ടായിരുന്നു. ഫെബ്രുവരി 29ന് സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ഇയാള്‍ രോഗബാധിതനായത്. മാര്‍ച്ച് അഞ്ചിനാണ് രോഗബാധിതനായത്.

അതേസമയം ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കും ഖത്തറിൽ നിന്ന് വന്ന തൃശൂർ, സ്വദേശിക്കുമാണ്  കേരളത്തിൽ പുതിയ  കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയുടെ സാമ്പിളുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധിച്ചപ്പോൾ ഫലം പോസീറ്റിവായിരുന്നു. എങ്കിലും ആലപ്പുഴ വൈറോളജി ലാബിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരം സ്വദേശിയെ കൊറോണ ബാധിതനായി കണക്കാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ ആരംഭിച്ചതായി മന്ത്രി കെ.കെ.ശൈലജയും വ്യക്തമാക്കി. മറ്റ് രണ്ടു പേർ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലും തൃശൂർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളുമായി എയർപോർട്ടിലെത്തിയ കണ്ണൂർ, തൃശൂർ സ്വദേശികളെ നേരെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം സ്വദേശിക്ക് രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ എയർപോർട്ടിൽ നിന്ന് വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റിയെങ്കിലും വീട്ടിലെത്തി കുളി കഴിഞ്ഞപ്പോൾ പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. ഉടൻ അദ്ദേഹം കാൾ സെന്ററിലേക്ക് വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് ആംബുലൻസിൽ ഇയാളെ ആശുപത്രിയിൽ എത്തിക്കുയായിരുന്നു.

ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധ ഒൗദ്യോഗികമായി സ്ഥിരീകരിച്ചവരുടെ എണ്ണം 19ആയി. തിരുവനന്തപുരം സ്വദേശിയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ ഇത് 20 ആകും. ഇതിൽ മൂന്ന് പേർ ആദ്യഘട്ടത്തിൽ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയവരാണ്.

കോട്ടയം മെഡിക്കൽ കോളേജിലുള്ള രോഗികളായ വൃദ്ധരുടെ നില തൃപ്തികരമാണ്.

സൂക്ഷിച്ചില്ലെങ്കിൽ പിടിവിടും:മുഖ്യമന്ത്രി

സ്ഥിതി പൂർണമായും നിയന്ത്രണവിധേയമായിട്ടില്ലെന്നും ശക്തമായ പ്രതിരോധം തുടർന്നില്ലെങ്കിൽ പിടിവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവധിയിലുള്ള ഗവ.സെക്രട്ടറിമാർ ഉടൻ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 14ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ അവലോകനയോഗം ചേരും. ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ നാട്ടിലെത്തിയവർക്ക് മടങ്ങാനാവില്ല.ഇത് ജോലിയെ ബാധിക്കും. ടിക്കറ്റ് റദ്ദാക്കുന്നതിന്റെ നഷ്ടം ഒഴിവാക്കാൻ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതിനെ പറ്റി വിമാനക്കമ്പനികളും വ്യോമ മന്ത്രാലയവുമായി ചർച്ച നടത്തും.

എട്ട് ജില്ലകളിൽ രോഗം

തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ പുതുതായി വൈറസിന്റെ സാന്നിദ്ധ്യമായി. ഇതോടെ മൊത്തം എട്ട് ജില്ലകളിൽ കൊറോണ ബാധിതരുണ്ട്. തൃശൂർ, ആലപ്പുഴ, കാസർകോഡ്, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നിവയാണ് മറ്റ് ജില്ലകൾ

4180 പേർ നിരീക്ഷണത്തിൽ

3910 പേർ വീടുകളിൽ

 270 പേർ ആശുപത്രികളിൽ

ഇന്നലെ 65 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ.

33 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കരുത്

വൈറസിനെ തടയാനെന്ന പേരിൽ തെറ്റായ ഇടപെടൽ നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ഒരു റിസോർട്ടിൽ വിദേശ ടൂറിസ്റ്റുകളെ ഇറക്കി വിടാൻ ശ്രമമുണ്ടായി. ഇത്തരം ദുരനുഭവം ടൂറിസ്റ്റുകൾക്ക് ഉണ്ടാക്കുന്നത് സർക്കാർ ഗൗരവമായി കാണും. അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക ബോധവത്ക്കരണം നടത്തും. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

വിവരം ശേഖരിക്കാൻ പൊലീസും
വിമാനത്താവളത്തിൽ എത്തുന്നവരുടെ വിശദാംശങ്ങൾ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തും. പൊലീസ് സ്‌റ്റേഷനുകളിൽ എത്തുന്നവരെ തടയരുത്. അവർക്ക് രോഗത്തെക്കുറിച്ച് അവബോധം നൽകും. വിമാനത്താവളങ്ങൾക്ക് പുറമെ സീപോർട്ടുകളിലും നിരീക്ഷണം ശക്തമാക്കും.

Top