തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി…തെങ്ങുകയറ്റക്കാർ മുതൽ മേസ്തിരി വരെ, പെരുമ്പാവൂര്‍ പോലെ പായിപ്പാടും ഒരു മിനിബംഗാൾ

കോട്ടയം: ചങ്ങനാശ്ശേരി പായിപ്പാട് അതിഥി തൊഴിലാളികളുടെ വന്‍ പ്രതിഷേധം അധികാരികളെ വരെ ഞെട്ടിക്കുന്നതാണ് . ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കണമെന്നുമാണ് ഇവരുടെ ആവശ്യം. തൊഴിലാളികള്‍ കൂട്ടത്തോടെ ദേശീയപാതയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ലോക്ക് ഡൗണ്‍ ലംഘിച്ചാണ് പ്രതിഷേധം. ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ കൂട്ടംചേരല്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്.

മദ്ധ്യതിരുവിതാംകൂറിലെ ഒരു മിനി ബംഗാളാണ് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് സമീപത്തെ പായിപ്പാട് പഞ്ചായത്ത്. കേരളത്തിലെ തൊഴിൽ മേഖലകളിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ആരംഭിച്ച സമയത്ത് തന്നെ പായിപ്പാടും ഇതര സംസ്ഥാനക്കാരുടെ തട്ടകമായി. ചങ്ങനാശേരി, കോട്ടയം മേഖലകളിൽ നിർമ്മാണജോലികൾ നടത്തുന്ന കരാറുകാരുടെ തൊഴിലാളികളായി ആദ്യം നൂറോളം തൊഴിലാളികളാണ് പായിപ്പാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ താമസത്തിനെത്തിയത്. പായിപ്പാട് പഞ്ചായത്തിലെ പളളിക്കച്ചിറ, ബൈബിൾ കോളേജ്,പായിപ്പാട് ഠൗൺ,മാർക്കറ്ര് എന്നിവിടങ്ങളിലായിരുന്നു ഇവരുടെ ക്യാമ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ തൊഴിൽ അവസരങ്ങൾ വർദ്ധിച്ചതോടെ ബംഗാളിൽ നിന്നും അസമുൾപ്പെടെയുള്ള മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ അതിഥി തൊഴിലാളികൾ ഇവിടേക്ക് എത്തി. കരാറുകാരുടെ കീഴിൽ പണിയെടുക്കുന്ന ഇവർക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നതും അവർ തന്നെയാണ്.വീടുകൾ വാടകയ്ക്കെടുത്തും പറമ്പുകളിൽ ടെന്റുകൾ നിർമ്മിച്ച് നൽകിയും ആണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഓരോ ക്യാമ്പിലും പത്ത് മുതൽ 150 വരെ തൊഴിലാളികളുള്ളതായി പായിപ്പാട് ടൗൺ പഞ്ചായത്തംഗം ആനി എം. ജോസഫ് കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടത്തിയ കണക്കെടുപ്പിൽ ടൗൺ വാർഡിൽ മാത്രം ആയിരത്തിലേറെ അതിഥി തൊഴിലാളികളുണ്ട്. നിർമ്മാണ ജോലിക്കാരണധികവും.

തെങ്ങ് കയറ്റം, കൃഷിപ്പണി, മരംവെട്ട്, ഹോട്ടൽ ജോലി, കശാപ്പ് ശാലകൾ , കടകൾ , വർക്ക് ഷോപ്പുകൾ എന്നിവിടങ്ങളിൽ പണിയെടുക്കുന്നവരുമുണ്ട്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ നിയന്ത്രണങ്ങളുടെ തുടക്കത്തിൽ തന്നെ ഇവരിൽ പകുതിയോളം പേർ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങി. മറ്റുള്ളവരും നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും സമ്പൂർണ ലോക്ക് ഡൗൺ ആയതോടെ പോകാനായില്ല. തൊഴിൽ ഇല്ലാതെ ക്യാമ്പുകളിൽ കഴിയുന്ന ഇവർക്ക് ആഹാരവും വെള്ളവും എത്തിക്കാൻ കളക്ടറുടെ നിർദേശാനുസരണം കഴിഞ്ഞദിവസം തൊഴിൽ ഉടമകളുടെ യോഗം വിളിച്ചെങ്കിലും കുറച്ച് പേർ മാത്രമാണ് അതിൽ പങ്കെടുത്തത്. പങ്കെടുത്തവർ ഭക്ഷണത്തിനും വെള്ളത്തിനും സംവിധാനങ്ങളൊരുക്കാമെന്ന് സമ്മതിച്ചെങ്കിലും അതുണ്ടായില്ല. ഇതാണ് അൽപ്പം മുമ്പ് പായിപ്പാട് കവലയിൽ കൊറോണ നിയന്ത്രണങ്ങളും വിലക്കുകളും കൂട്ടാക്കാതെ അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിന് കാരണമായത്. പ്രതിഷേധം വാർത്തയായതോടെ ജില്ലാ കളക്ടർ സുധീർ ബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തി.

Top