പായിപ്പാട്ട് തീവ്ര സംഘടനകളുടെ പങ്ക് തേടി പൊലീസ്! പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.

കൊച്ചി:പായിപ്പാട്ടെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി ജി. ജയദേവിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പിമാരായ ഗിരീഷ് പി.സാരഥിയുടെയും എസ്.സുരേഷ്‌കുമാറിന്റേയും നേതൃത്വത്തിലാണ് അന്വേഷണം. തൃക്കൊടിത്താനം, പാമ്പാടി, കറുകച്ചാൽ ഇൻസ്‌പെക്‌ടർമാരായ സാജു വർഗീസ്, യു. ശ്രീജിത്ത്, കെ. സലിം എന്നിവരടക്കം പത്ത് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. പായിപ്പാട്ട് അന്യദേശ തൊഴിലാളികൾ പൊടുന്നനെ സംഘടിച്ചതിന് പിന്നിൽ തീവ്രസ്വഭാവമുള്ള സംഘടനകൾക്കു പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സ്വദേശി മുഹമ്മദ് റിഞ്ചുവിനെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്‌ച രാവിലെയാണ് പായിപ്പാട്ട് അന്യദേശ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ജില്ലാ കളക്‌ടറും ജില്ലാ പൊലീസ് മേധാവിയും അടക്കമുള്ളവർ എത്തിയാണ് ഇവരെ നിയന്ത്രിച്ചത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വ്യക്തമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത ബംഗാളിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചു. മാദ്ധ്യമങ്ങളെയും മറ്റ് അന്യദേശ തൊഴിലാളികളെയും വിളിച്ചു വരുത്തിയത് ഇയാളാണെന്ന് കണ്ടെത്തി. ഇയാൾക്കു പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുന്നു.തീവ്രസ്വഭാവമുള്ള ചില സംഘടനകൾക്ക് പായിപ്പാട്ട് നല്ല വേരോട്ടമുണ്ട്.

അന്യദേശ തൊഴിലാളികൾക്കിടയിലും സ്വാധീനമുള്ളവരാണ് ഇവരിൽ പലരും. നിമിഷങ്ങൾക്കുള്ളിൽ ഇത്രയും പേർ സംഘടിച്ചതിനെ ഗൗരവമായാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. മുഴുവൻ തൊഴിലാളികളുടേയും തിരിച്ചറിയൽ രേഖ ഹാജരാക്കാൻ തൊഴിൽ ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.’ചങ്ങനാശ്ശേരി പായിപ്പാട്ട് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടം ചേർന്ന് പ്രതിഷേധിച്ചതിന് പിന്നിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ കേരളം നേടിയ മുന്നേറ്റത്തെ താറടിച്ച് കാട്ടാനുള്ള ചില കുബുദ്ധികളുടെ ശ്രമം. ഇതിന് പിന്നിൽ ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചിട്ടുണ്ട്.’

Top