കേരളത്തിൽ രോഗികൾ കൂടുന്നു !ഇന്ന് 29 പേര്‍ക്ക് കൊവിഡ്. 21 പേർ വിദേശത്ത് നിന്ന് വന്നവർ! ആർക്കും രോഗമുക്തിയില്ല!ജില്ലക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും.ബസുകളുടെ മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.ആർക്കും രോഗ മുക്തി ഇല്ല. കൊല്ലം-6,തൃശ്ശൂര്‍-4, തിരുവനന്തപുരം-3, കണ്ണൂര്‍-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ രണ്ടുവീതം എറണാകുളം,പാലക്കാട് ,മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 29 പേരിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേർ മറ്റ് സംസ്ഥാാനങ്ങളിൽ നിന്ന് വന്നവരാണ്. കണ്ണൂരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഒരാൾ ആരോഗ്യ പ്രവർത്തകയ്ക്കാണ്. ഇതുവരെ 630 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 130 പേരാണ് ചികിത്സയിൽ കഴിയുന്നത്. 67789 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ വീടുകളിൽ 67316 പേരും 473 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ ഉള്ളത് . ഇന്ന് 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ 45,905 സാംപിളുകൾ പരിശോധിച്ചു. 44,651 എണ്ണം രോഗബാധയില്ല എന്നുറപ്പാക്കി.

അതേസമയം, രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം നെഗറ്റീവ് ആയില്ല. ഇതോടെ 130 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 3998 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 58,919 പേരും റെയില്‍വേ വഴി 1026 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 65,564 പേരാണ് എത്തിയത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,789 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 67316 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈ 473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 127 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതുവരെ 45,905 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 44,681 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5082 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് പുതുതായി 6 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം, മുതുതല, കാരക്കുറുശി, കോട്ടായി, മുതലമട എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 29 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
മെയ് 31 വരെ ലോക്ക് ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ദേശീയതലത്തില്‍ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്‌കൂള്‍, കോളേജുകള്‍, മറ്റു ട്രെയിനിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസം പരമാവധി പ്രോത്സാഹിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും. ജലഗതാഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി വച്ച് സര്‍വ്വീസ് നടത്താം. യാത്രക്കാര്‍ നിന്നു സഞ്ചരിക്കാന്‍ അനുവദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്‌പോട്ടുകളില്‍ ഒഴികെ ആളുകള്‍ക്ക് സഞ്ചരിക്കാം.

രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അതിര്‍ത്തി ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാല്‍ തിരിച്ചറിയല്‍ രേഖ വേണം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സമയം നിയന്ത്രമണം ബാധകമല്ല.ഇലക്ട്രീഷന്‍മാരും മറ്റു ടെക്‌നീഷ്യന്‍മാരും ട്രേഡ് ലൈസന്‍സ് കോപ്പി കൈയില്‍ കരുതണം. സമീപജില്ലകള്‍ അല്ലാത്ത ജില്ലകളിലേക്കുള്ള യാത്രക്ക് പൊലീസ് അനുമതി വാങ്ങണം.

ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ സ്ഥിരം യാത്രാ പാസ് പൊലീസ് മേധാവിയില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ കൈപ്പറ്റണം. എന്നാല്‍ ഹോട്ട് സ്‌പോട്ടുകളിലെ പ്രവേശനത്തിന് കര്‍ശനനിയന്ത്രണം ബാധകമാണ്.ലോക്ക് ഡൗണ്‍ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നല്‍കും.സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി ഉള്‍പ്പെടെയുള്ള നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ രണ്ട് പേര്‍ക്ക് യാത്ര ചെയ്യാം. കുടുംബാംഗമാണെങ്കില്‍ മൂന്ന് പേര്‍. ഓട്ടോറിക്ഷകളില്‍ ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ.

കുടുബാംഗമാണെങ്കില്‍ മൂന്ന് പേര്‍. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടൂ. എന്നാല്‍ കുടുംബാംഗമാണെങ്കില്‍ ഒരാള്‍ക്ക് ഒപ്പം സഞ്ചരിക്കാം. ചികിത്സാര്‍ത്ഥമുള്ള യാത്രകളില്‍ ഈ നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാവും. 65 വയസിന് മേലെ പ്രായമുള്ളവര്‍, പത്ത് വയസിന് താഴെ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവ ചികിത്സയ്ക്ക് അല്ലാതെ പുറത്തേക്ക് ഇറങ്ങരുത്.മാളുകള്‍ അല്ലാത്ത ഷോപ്പിംഗ് കോപ്ലക്‌സുകളില്‍ ആകെയുള്ള കടകളുടെ പകുതി കടകള്‍ ഇടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഇക്കാര്യം പ്രാദേശിക തദ്ദേശസ്വയംഭരണസ്ഥാപനവുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കണം.

എയര്‍കണ്ടീഷന്‍ ഒഴിവാക്കി ഹെയര്‍ ഡ്രസിംഗ്, ഹെയര്‍ കട്ട്, ഷേവിംഗ് ജോലികള്‍ക്കായി ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ഒരേ തോര്‍ത്ത് തന്നെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പാടില്ല. മുന്‍കൂടി ബുക്ക് ചെയ്തു വേണം ബാര്‍ബര്‍ ഷോപ്പിലേക്ക് വരാന്‍.ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകള്‍ രാത്രി ഒന്‍പത് വരെ പ്രവര്‍ത്തിപ്പിക്കാം. ഓണ്‍ലൈന്‍ ഭക്ഷണവിതരണം രാത്രി പത്ത് വരെ നടത്താം.ബെവ്‌കോ മദ്യവില്‍പന ശാലകള്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാകുന്ന മുറയ്ക്ക് പാര്‍സല്‍ സര്‍വ്വീസിനായി തുറക്കാം. ബാറുകളിലെ മദ്യവിതരണത്തിനും ആഹാര വിതരണത്തിനും നിയന്ത്രണം ബാധകമാണ്.

ഒരേസമയം അഞ്ചു പേരില്‍ കൂടുതലുണ്ടാവില്ല എന്ന നിബന്ധന പാലിച്ച് മെംബര്‍മാര്‍ക്ക് മദ്യവും ആഹാരവും പാര്‍സലായി നല്‍കാം. ടെലിഫോണ്‍ വഴിയോ മറ്റു വഴിയോ ഇതിനായി ക്ലബുകള്‍ ബുക്കിംഗ് സജ്ജമാക്കണം. കള്ളുഷാപ്പുകളിലും പാര്‍സലായി കള്ളും ഭക്ഷണവും നല്‍കാം.സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗം ജീവനക്കാരുടേയും അന്‍പത് ശതമാനം ഹാജരാവണം ബാക്കിയുള്ളവര്‍ വീടുകളില്‍ ഇരുന്ന് ഓണ്‍ലൈനായി ജോലി ചെയ്യണം. മേലുദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ ഓഫീസിലെത്തണം. ഇനിയൊരു ഉത്തരവ് വരും വരെ ശനിയാഴ്ച കൂടി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായിരിക്കും. തൊട്ടടുത്ത ജില്ലകളിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ഐഡി കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.

ലോക്ക് ഡൗണ്‍ കാരണം ഇതുവരെ ഓഫീസിലെത്താന്‍ സാധിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലയിലേക്ക് എത്തണം. എന്നിട്ടും മടങ്ങാന്‍ സാധിച്ചില്ലെങ്കില്‍ ഇവര്‍ ഇപ്പോള്‍ തങ്ങുന്ന ജില്ലാ കളക്ടറെ ബന്ധപ്പെട്ടണം.പരീക്ഷാ നടത്തിപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ് അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. ഇവയ്ക്ക് ശനിയാഴ്ചത്തെ അവധി ബാധകമല്ല.

വിവാഹചടങ്ങുകള്‍ പരമാവധി അന്‍പത് ആളുകളെ വച്ചും അനുബന്ധ ചടങ്ങുകള്‍ പത്ത് പേരെ വച്ചും നടത്തുക. മരണാനന്തര ചടങ്ങുകളില്‍ ഇരുപത് ആളുകള്‍ക്ക് വരെ പങ്കെടുക്കാം.ബ്രേക്ക് ദ ചെയിനുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഊര്‍ജിതമായി നടപ്പാക്കണം അനുമതി കിട്ടി തുറന്ന എല്ലാ സ്ഥാപനങ്ങളും സാനിറ്റൈസര്‍ കരുതണം. ഇതുവരെ അടഞ്ഞു കിടന്ന എല്ലാ സ്ഥാപനങ്ങളും നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുക.

അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം പാലിച്ചു വേണം ചെയ്യാന്‍. അനുവദനീയമല്ലാത്ത രാത്രിയാത്രകള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട ചട്ടങ്ങള്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.നേരത്തെ യാത്ര തുടങ്ങി ഏഴ് മണിക്ക് അവസാനിപ്പിക്കാന്‍ പറ്റാതെ വരുന്നവര്‍ക്ക് രാത്രിയാത്രയില്‍ ഇളവുണ്ടാവും. സ്വര്‍ണം, പുസ്തകം തുടങ്ങി ആളുകളുടെ കരസ്പര്‍ശം കൂടുതലായി ഉണ്ടാവുന്ന ഇടങ്ങളില്‍ പരമാവധി ശ്രദ്ധ ചെലുത്തേണ്ടതും അണുനശീകരണം കൃത്യമായി നടത്താനം ശ്രദ്ധിക്കണം.

ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച പൂര്‍ണ ലോക്ക് ഡൗണ്‍ ബാധകമാണ്. ചരക്കുവാഹന ഗതാഗതം, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങള്‍, ആരാധനാലയങ്ങളിലെ മുഖ്യ ചുമതലക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ടാവും. പ്രഭാതസവാരി, വ്യായാമം എന്നിവയ്ക്ക് ഇളവുണ്ട്. പൊലീസ് പാസോടെ മാത്രമേ ഞായറാഴ്ച യാത്ര ചെയ്യാവൂ.

ഹോട്ട് സ്‌പോട്ടില്‍ കൂടുതല്‍ നിയന്ത്രണവും നിരീക്ഷണവും നടപ്പാക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണം. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി, ദുരന്തനിവാരണ നിയമം, മറ്റു ചട്ടങ്ങള്‍ എന്നിവ പ്രകാരം നിയമനടപടി സ്വീകരിക്കണം.മലയാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ട്രെയിന്‍ ഇരുപതാം തീയതി ദില്ലിയില്‍ നിന്നും പുറപ്പെടും. പഞ്ചാബ്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, ഒഡീഷ, ബീഹര്‍ എന്നിവടങ്ങളില്‍ നിന്നും വൈകാതെ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടും.

1200 യാത്രക്കാര്‍ ആവുന്ന മുറയ്ക്കാണ് റെയില്‍വേ ട്രെയിന്‍ അനുവദിക്കുന്നത്. ഇത്തരം ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ബുക്ക് ചെയ്യാം. ട്രെയിന്‍ തയ്യാറായാല്‍ അവര്‍ക്ക് ഫോണ്‍ വഴി സന്ദേശം ലഭിക്കും ഇതു കേരളത്തില്‍ പ്രവേശിക്കാനുള്ള പാസായും കണക്കാക്കാം.ഇതുവരെ 5115 പേരാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇന്നു മുതല്‍ ജൂണ്‍ രണ്ട് വരെ 38 വിമാനങ്ങള്‍ കേരളത്തിലേക്ക് വിദേശത്ത് നിന്നും സര്‍വ്വീസ് നടത്തും. യുഎഇ – 8, സൗദി അറേബ്യ – 4, ഒമാന്‍ 6, ഖത്തര്‍ – 3, കുവൈത്ത് – 2 എന്നീ രാജ്യങ്ങളില്‍ നിന്നുമായി ഇത്രയും സര്‍വ്വീസുകള്‍ ഉണ്ടാവും.

ഇതു കൂടാതെ ബഹറിന്‍ ,പിലിപ്പൈന്‍സ്, മലേഷ്യ, യുകെ,യുഎസ്എ, ഓസ്‌ട്രേലിയ,അര്‍മേനിയ, ഉക്രൈന്‍, റഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഒരോ വിമാനങ്ങള്‍ കേരളത്തിലെത്തും. 6530 പേര്‍ വിമാനമാര്‍ഗം കേരളത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.നോര്‍ക്ക റൂട്ട്‌സ് പ്രവാസി – വിദ്യാര്‍ത്ഥി തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് നല്‍കിവരുന്ന ഇന്‍ഷുറനസ് തുക ഇരട്ടിയാക്കി.

അപകടമരണം സംഭവിച്ചാലുള്ള ഇന്‍ഷുറന്‍സ് തുക രണ്ട് ലക്ഷത്തില്‍ നിന്നും നാല് ലക്ഷമായും അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം ഒരു ലക്ഷത്തില്‍ നിന്നും രണ്ടായും ഉയര്‍ത്തി. എന്നാല്‍ പ്രവാസി ഇന്‍ഷുറന്‍സ് കാര്‍ഡിനുള്ള അപ്ലീക്കേഷന്‍ ഫീ കൂട്ടുന്നില്ല.മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കും. ഗ്രാമീണ മേഖലകളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

ഒപ്പം പൊലീസ് സൗജന്യമായി മാസ്‌ക് നല്‍കുകയും ചെയ്യും. മാസ്‌ക് ധരിക്കാത്തതിന് ഇന്ന് സംസ്ഥാനത്ത് 1344 കേസുകളെടുത്തു. ക്വാറന്റൈന്‍ ലംഘിച്ച 16 പേര്‍ക്കെതിരെ ഇന്ന് കേസും രജിസ്റ്റര്‍ ചെയ്തു.കണ്ടൈന്‍മെന്റ് മേഖലയിലടക്കം ജില്ല വിട്ടു യാത്ര ചെയ്യാനുള്ള പാസ് റദ്ദാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കായി രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് യാത്ര ചെയ്യുന്നവര്‍ പൊലീസ് പാസ് വാങ്ങണം.

കൊവിഡ് 19 ബാധ ഉണ്ടെന്ന് വ്യക്തമായിട്ട് അബുദാബിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തുകയും അസുഖബാധ അധികൃതരെ അറിയിക്കാതെയിരിക്കുകയും ചെയ്ത മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസ് പ്രവര്‍ത്തനം മാറ്റുകയാണ്. ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം കുറയ്ക്കുന്ന സംവിധാനം ഇന്ന് നിലവില്‍ വന്നു.മെയ് 12-നാണ് പ്രധാനമന്ത്രി ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. അഞ്ച് ഘട്ടങ്ങളിലായി ധനമന്ത്രി ഇതിന്റെ വിശദാംശങ്ങള്‍ അറിയിച്ചു.സൗജന്യറേഷനടക്കം കൂട്ടിയാല്‍ പോലും സാധാരണക്കാരുടെ കൈയിലേക്ക് പണമായി എത്തുന്നത് മൊത്തംപാക്കേജിന്റെ അഞ്ച് ശതമാനം വരില്ല. ഒരു ലക്ഷം കോടിയില്‍ താഴെ മാത്രമാണ് ജനങ്ങള്‍ക്ക് നേരിട്ട് കിട്ടുന്നത്.

ഒന്നരലക്ഷം കോടിയുടെ നികുതിയിളവ് കോര്‍പറേറ്റുകള്‍ക്ക് മാത്രമായി നല്‍കിയിട്ടുണ്ട്. തന്ത്രപ്രധാനമേഖലകളില്‍ മാത്രമായി പൊതുമേഖലാ സ്ഥാപനങ്ങളെ പരിമിതപ്പെടുത്തും എന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഇതൊന്നും കൊവിഡുമായി ബന്ധപ്പെട്ട കാര്യമല്ല.പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഒരു പാക്കേജ് വന്നിട്ടില്ല. എന്തായാലും പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനാണ് കേരള സര്‍ക്കാരിന്റെ നിലപാട്.2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉത്പാദനമേഖലയില്‍ 11 ശതമാനം വളര്‍ച്ച കേരളം കൈവരിച്ചു. ഇതില്‍ നിര്‍ണായക പങ്കുവഹിച്ചത് ചെറുകിട ഇടത്തരം വ്യാപാരങ്ങളാണ്. ഈ മേഖലയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യം ഉറപ്പാക്കാന്‍ കേരളം സ്വതര നടപടികള്‍ സ്വീകരിക്കും.

കശുവണ്ടി മേഖള ഉള്‍പ്പെടെ ചെറുകിട ഇടത്തരം വ്യാപാരസ്ഥാപനങ്ങള്‍ വായ്പകളടക്കമുള്ള സാമ്പത്തിക ബാധ്യത നേരിടുന്നുണ്ട്. വികസന പ്രാപ്തിയുള്ള ചെറുകിട സംരങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ മദര്‍ഫണ്ടും, ഡോട്ടര്‍ ഫണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും കേരളത്തില്‍ ഫലപ്രദമായി നടപ്പാക്കും.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ 40000 കോടി വര്‍ധിപ്പിച്ചത് കേരളം പൂര്‍ണമായും ഉപയോഗിക്കും. നബാര്‍ഡ് വഴി ലഭിക്കുന്ന തുക കേരള ബാങ്കും, സഹകരണബാങ്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് ഫലപ്രദമായി വിനിയോഗിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും.സംസ്ഥാനങ്ങളുടെ അഭ്യന്തരവരുമാനം കൊവിഡ് പ്രതിസന്ധിയില്‍ കുത്തനെ കുറഞ്ഞു അതിനാല്‍ വായ്പാ പരിധി ഉയര്‍ത്തിയാലും ചെറിയ പ്രയോജനമേ ലഭിക്കൂ. കേന്ദ്രം അഭ്യന്തര വരുമാനത്തിന്റെ അഞ്ചര ശതമാനം കടമെടുക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനങ്ങള്‍ക്ക് നിബന്ധകള്‍ക്ക് അനുസരിച്ച് മാത്രമേ കടമെടുക്കാനാവൂ എന്നത് തുല്യനീതിയല്ല. കൊവിഡ് പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കേണ്ടത് സംസ്ഥാനങ്ങളാണ് കേന്ദ്ര ധനമന്ത്രി തന്നെ സമ്മതിച്ചതുമാണ്.ആരാധനാലയങ്ങളില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തത് വിശ്വാസികളെ മാനിസകമായി വേദനിപ്പിക്കുന്ന കാര്യമാണ്. എന്നാല്‍ മഹാമാരിയെ നിയന്ത്രിക്കാന്‍ ഇത്തരം നിയന്ത്രണം ആവശ്യമാണ്. ഇക്കാര്യത്തില്‍ വിശ്വാസികളും മതമേലധ്യക്ഷന്‍മാരും വലിയ സഹകരണമാണ് കാണിച്ചത്.റമദാനില്‍ പോലും പള്ളികളില്‍ ആരാധന നടത്താനാവാത്ത സാഹചര്യമാണ്. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം ഈദുല്‍ ഫിത്തര്‍ വരികയാണ്. വെള്ളിയാഴ്ചയോ വ്യാഴാഴ്ചയോ പെരുന്നാള്‍ വരാം. പെരുന്നാള്‍ ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ് പെരുന്നാള്‍ നമസ്‌കാരം.

മുസ്ലീം ആത്മീയ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പെരുന്നാള്‍ നിസ്‌ക്കാരം വീട്ടില്‍ തന്നെ നടത്താന്‍ തീരുമാനിച്ചു. സക്കാത്ത് അര്‍ഹതപ്പെട്ടവരുടെ വീട്ടില്‍ എത്തിക്കും.കൂട്ടായ പ്രാര്‍ത്ഥന ഒഴിവാക്കുന്നത് വിശ്വാസികളെ വേദനിപ്പിക്കുന്ന കാര്യമാണ് എന്നിട്ടും സമൂഹത്തിന്റെ ഭാവിയെ കരുതി ഇങ്ങനെയൊരു തീരുമാനമെടുത്ത വിശ്വാസികളേയും ആത്മീയനേതാക്കളേയും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു.മെയ് 26 മുതല്‍ 30 വരെ അവശേഷിക്കുന്ന എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും. ആവശ്യമായ ഗതാഗത സൗകര്യം സ്‌കൂള്‍ ബസ് അടക്കം ഒരുക്കി ഉറപ്പാക്കും.

കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് സ്റ്റേജ് കാര്യറുകളുടെ വാഹനനികുതി പൂര്‍ണമായും ഒഴിവാക്കി മിനിമം യാത്രാനിരക്ക് അന്‍പത് ശതമാനം വര്‍ധിപ്പിക്കും. ഇങ്ങനെ വരുന്നത് ബസില്‍ യാത്ര ചെയ്യുമ്പോള്‍ പകുതി സീറ്റില്‍ മാത്രമേ യാത്രക്കാരെ അനുവദിക്കൂ.നിലവിലെ നിയന്ത്രണങ്ങളില്‍ സര്‍വ്വീസ് നടത്തുന്നത് ബസ് വ്യവസായങ്ങള്‍ക്ക് നഷ്ടം വരുത്തും. അതിനാലാണ് ഈ താത്കാലിക ക്രമീകരണം. ബോട്ട് യാത്രാ നിരക്ക് 33 ശതമാനം വരെ വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top