പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്നും പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർ രോഗമുക്തരായി. കണ്ണൂർ മൂന്ന് കാസർകോട് ഒന്നും കേസുകൾ പോസിറ്റീവായി.പോസിറ്റീവ് ആയതിൽ രണ്ട് പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റു രണ്ടു പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. 151 പേർ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതോടൊപ്പം സംസ്ഥാനത്തെ ഹോട്ടുസ്പോട്ടുകൾ പുതുക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ കരുണാപുരം,​ മൂന്നാർ,​ ഇടവെട്ടി പഞ്ചായത്തുകൾ, പാലക്കാട് ജില്ലയിൽ ആലത്തൂർ, മലപ്പുറം ജില്ലയിലെ കാലടി തുടങ്ങിയ സ്ഥലങ്ങളും ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.കാസര്‍ഗോഡ് രണ്ട് പേര്‍ക്കും, കണ്ണൂരില്‍ രണ്ട് പേര്‍ക്കുമാണ് രോഗം ഭേദമായത്. സംസ്ഥാനത്ത് 123 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടിയവര്‍ എന്നിവരില്‍ നിന്ന് 885 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 801 നെഗറ്റീവാണ്. ഇന്നലെ 3,101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2,682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസല്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ജനങ്ങള്‍ ശീലമാക്കണം. നിലവില്‍ പലരും ഇതിന് തുനിയുന്നില്ലെന്നും ആള്‍ക്കാര്‍ കൂടുന്ന ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കേരളത്തില്‍ എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം നടത്തും. പ്രിന്‍സിപ്പില്‍ സെക്രട്ടറിക്കാണ് ഇതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ പൂര്‍ണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഴയും ആരംഭിച്ചതോടെ ആശുപത്രികളിലേക്ക് രോഗികളുടെ വരവ് കൂടിയിട്ടുണ്ട്. ആശുപത്രികളിലും ശാരീരിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. രോഗ വ്യാപനത്തിന് കൂടുതല്‍ സാധ്യത ആശുപത്രികളിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കമ്പോളങ്ങളിലും റോഡുകളിലും തിരക്ക് കൂടുന്നുണ്ട്. ഇവിടങ്ങളില്‍ ശാരീരിക അകലം പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സാമ്പത്തിക മേഖല, കൃഷി, വ്യവസായം, ഐടി, ടൂറിസം എന്നീ രംഗത്തുണ്ടായ തിരിച്ചടികള്‍ മറികടക്കാന്‍ പെട്ടെന്നാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതത് മേഖലയിലെ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് വിശദമായ പദ്ധതി തയ്യാറാക്കണം. നാട് പുറകോട്ട് പോകാതിരിക്കാനുള്ള പദ്ധതികള്‍ രൂപപ്പെടുത്തും. വകുപ്പ് സെക്രട്ടറിമാര്‍ക്ക് ഇതിന്റെ ചുമതല നല്‍കി. വകുപ്പുകള്‍ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കും. ഇവ സമാഹരിച്ച് സംസ്ഥാനത്തിന്റെയാകെ പദ്ധതിക്ക് രൂപം നല്‍കും. ആസൂത്രണ ബോര്‍ഡും വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചിലയിടത്ത് മാലിന്യം കുമിഞ്ഞുകിടക്കുന്നുണ്ട്. അവ നിര്‍മ്മാര്‍ജ്ജനം ചെയ്യണം. തദ്ദേശ സ്ഥാപനങ്ങള്‍ കാര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നടപടിയെടുക്കണം. ശുചീകരണ രംഗത്ത് ഏര്‍പ്പെട്ട ജീവനക്കാരെ മാത്രം ഉപയോഗിച്ച് ഇവ നിര്‍വഹിക്കാന്‍ സാധിക്കില്ലെങ്കില്‍ അതിഥി തൊഴിലാളികളെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അവര്‍ക്ക് തൊഴില്‍ ഇല്ലാത്ത ഘട്ടത്തില്‍ ഈ രീതിയില്‍ തൊഴില്‍ ലഭിക്കുന്നത് സഹായകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയകുഴപ്പം നിലവിലുണ്ട്. ഏതൊക്കെ കടകള്‍ ഏത് സമയത്ത് തുറക്കണമെന്നത് സംബന്ധിച്ച് കൃത്യമായ മാനദണ്ഡമുണ്ട്. അത് പാലിക്കണം. വിരുദ്ധമായ രീതി ഇല്ലെന്ന് ഉറപ്പാക്കണം. മാനദണ്ഡങ്ങളില്‍ അവ്യക്തത ഉണ്ടെങ്കില്‍ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ തിരികെ വരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങള്‍ക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചെന്നും അദ്ദേഹം അറിയിച്ചു.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പ്രവാസികള്‍ എത്തുക. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുന്‍പ് തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ വിപുലമായ വൈദ്യപരിശോധന പരിശോധന നടത്തുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഈ കമ്മിറ്റിയിലുണ്ടാകും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കും. പൊലീസിന് ആവശ്യമായ ചുമതല നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരിച്ചെത്തുന്നവരെ വിമാനത്താവളത്തില്‍ നിന്ന് വീടുകളില്‍ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തിയെന്ന് ഉറപ്പാക്കാനാണിത്. രോഗ ലക്ഷണം ഇല്ലാത്തവരെയും വീടുകളില്‍ ക്വാറന്റീന്‍ ചെയ്യും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യ പരിശോധന ഉറപ്പാക്കും. ഇക്കാര്യത്തില്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തും. ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിന്‍ സൗകര്യം ഉണ്ടാകും. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റും ഏര്‍പ്പെടുത്തും. ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ ഇടവേളകളില്‍ നിരീക്ഷണത്തില്‍ കവിയുന്നവരെ വീടുകളില്‍ സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top