കൊച്ചി:സംസ്ഥാനത്ത് കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. വിവിധ ജില്ലകളിലായി 2528 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.
വീടുകളില്‍ 2435 പേരും ആശുപത്രികളില്‍ 93 പേരും ഉള്‍പ്പെടെ 2528 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 159 പേരെയാണ് ഇന്ന് പുതുതായി നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 16 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംശയാസ്പദമായവരുടെ 223 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്ക് അയച്ചത്.
196 ഫലം ലഭ്യമായതില്‍ 193 ഉം നെഗറ്റീവ് ആണ്. കൊറോണ സ്ഥിരീകരിച്ച മൂന്നുപേരുടെയും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചൈനയിലെ ചില യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ തിരിച്ചു വിളിക്കുന്നുവെന്ന പരാതി, നോര്‍ക്കയുടേയും കേന്ദ്ര സെക്രട്ടറിയുടേയും ശ്രദ്ധയില്‍പ്പെടുത്തിയതായും വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.വിവിധ തലങ്ങളില്‍ ബോധവത്കരണം വ്യാപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
കൊറോണയില്‍ മരണ സംഖ്യ 492 ആയി. 26 രാജ്യങ്ങളിലായി 23,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചൈനയില്‍ ചികിത്സയിലുള്ളവരില്‍ 771 പേരുടെ നില അതീവ ഗുരുതരമാണ്. ചൈനയില്‍ പുതുതായി 3150 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിര്‍ത്തികള്‍ അടച്ചിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.