ചിന്തിക്കുന്നതിലും ഭീകരമാവുകയാണ് കൊറോണ !!3000 പേരെങ്കിലും രോഗബാധിതരുമായി സമ്പർക്കം നടത്തിയിരിക്കാമെന്ന് കളക്ടർ. മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.പരീക്ഷകൾക്ക് മാറ്റമില്ല

കൊച്ചി:പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച കുടുംബവുമായി 3000 പേരെങ്കിലും സമ്പർക്കം പുലർത്തിയിട്ടുണ്ടാകാമെന്ന് വിലയിരുത്തൽ. അതേസമയം, സംസ്ഥാനത്ത് 732 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്.അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ ബന്ധുക്കളാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.രോഗബാധിതർ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാർച്ച് ഒമ്പതാം തിയതി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവാണ് അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

പത്തനംതിട്ട: ബന്ധുക്കളായ അഞ്ചു പേർക്ക് പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് കേരളത്തെ വീണ്ടും ആശങ്കയിലാഴ്‌ത്തി. കൊറോണ രോഗം രൂക്ഷമായ ഇറ്റലിയിൽ നിന്ന് എത്തിയ റാന്നിയിലെ മൂന്നംഗ കുടുംബത്തിനും ഇവരുടെ ബന്ധുക്കളായ ദമ്പതികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിൽ ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചത്തെ നിരീക്ഷണത്തിന് ശേഷം വീണ്ടും ഇവരുടെ സ്രവങ്ങൾ പരിശോധിക്കും.റാന്നി എെത്തലയിലെ 56കാരനായ ഗൃഹനാഥനും 53കാരിയായ ഭാര്യയും 26കാരനായ മകനുമാണ് ഇറ്റലിയിൽ നിന്നെത്തിയത്. ഗൃഹനാഥന്റെ 65കാരനായ സഹോദരനും 60 കാരിയായ ഭാര്യയുമാണ് മറ്റ് രണ്ട് പേർ.റാന്നിയിലെ വീട്ടിലെത്തി ഇവരുമായി സമ്പർക്കം പുലർത്തിയ കോട്ടയം സ്വദേശികളായ നാല് വയസുകാരനടക്കം പതിനഞ്ചോളം ബന്ധുക്കൾ നിരീക്ഷണത്തിലാണ്.കഴിഞ്ഞ മാസം 29നാണ് മൂന്നംഗ കുടുംബം ഇറ്റലിയിൽ നിന്നെത്തിയത്. കൊച്ചി വിമാനത്താവളത്തിൽ പരിശോധനയ്‌ക്ക് വിധേയരാകാതെ ടാക്സിയിൽ റാന്നിയിലേക്ക് പോവുകയായിരുന്നു.

അന്ന് മുതൽ വെള്ളിയാഴ്ച വരെ ഇവർ ആളുകളുമായി ഇടപഴകുകയും പൊതുസ്ഥലങ്ങളിൽ പോവുകയും ചെയ്‌തു. എെത്തല ജംഗ്ഷൻ, റാന്നി ടൗൺ, പത്തനംതിട്ട ടൗൺ, പത്തനാപുരം, പളളികൾ, ബന്ധുവീടുകൾ എന്നിവിടങ്ങളിലെല്ലാം ഇവർ ഇടപഴകി.വെളളിയാഴ്ച പനിയുണ്ടായതിനെ തുടർന്ന് ഗൃഹനാഥനും ഭാര്യയും ഒാട്ടോറിക്ഷയിൽ റാന്നിയിലെ മാർത്തോമ മെഡിക്കൽ സെന്ററിലെത്തി ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇറ്റലിയിൽ നിന്ന് വന്നതാണെന്ന് ഡോക്ടറോട് പറഞ്ഞില്ല. അടുത്ത ദിവസം ഗൃഹനാഥന്റെ സഹോദരനും ഭാര്യയും പനിയെ തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിലെത്തി. പരിശോധനയ്‌ക്കിടെ ബന്ധുക്കൾ ആരെങ്കിലും വിദേശത്ത് നിന്ന് എത്തിയിട്ടുണ്ടോയെന്ന് ഡോക്ടർ തിരക്കി.

സഹോദരനും കുടുംബവും ഇറ്റലിയിൽ നിന്ന് എത്തിയിട്ടുണ്ടെന്നും പനിക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ദമ്പതികൾ അറിയിച്ചു. ഉടൻ ഡോക്ടർ ഇരുവരെയും മാസ്‌ക് ധരിപ്പിച്ച് ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് അയച്ചു.ഇറ്റലിയിൽ നിന്ന് എത്തിയവരുടെ വിവരം ജനറൽ ആശുപത്രി അധികൃതർ ജില്ലാകളക്ടറെ അറിയിച്ചു. കളക്ടർ പി.ബി.നൂഹും ആരോഗ്യവകുപ്പ് അധികൃതരും നിർബന്ധിച്ചാണ് മൂന്നു പേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്.ഇവരുടെ വീട്ടിൽ താമസിച്ചിരുന്ന 90 വയസിലേറെ പ്രായമുള്ള അച്ഛനെയും അമ്മയെയും മുൻകരുതലായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.ആരുടെയും നില ഗുരുതരമല്ലെന്ന് ഉന്നതതല യോഗത്തിന് ശേഷം മന്ത്രി കെ.കെ.ശൈലജയും സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യുവും പറഞ്ഞു.

പരിശോധനയ്ക്ക് വിധേയമാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി; സര്‍ക്കാര്‍ നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകിരച്ച രാജ്യങ്ങളില്‍ നിന്നും കേരളത്തില്‍ മടങ്ങിയെത്തിയവര്‍ വൈറസ് പരിശോധന നടത്തിയില്ലെങ്കില്‍ നടപടിയെന്ന് പൊലീസ്. പത്തനംതിട്ടയില്‍ ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയവരില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.മടങ്ങിയെത്തിയ എല്ലാവരെയും കണ്ടെത്തി പരിശോധന നടത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. ഈ പരിശോധനയില്‍ രോഗ ലക്ഷണം റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

രോഗമുള്ള രാജ്യങ്ങളില്‍നിന്ന് എത്തിയവര്‍ വിവരങ്ങള്‍ ഒളിച്ചുവെക്കുന്നത് ശിക്ഷാര്‍ഹമാണ്. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. എല്ലാവരും സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശം പാലിക്കണമെന്നും പൊലീസ് വ്യക്തമാക്കി.ഇറ്റലിയില്‍നിന്നും മടങ്ങിയെത്തിയിട്ടും കൊറോണ വൈറസ് പരിശോധന നടത്താത്തവര്‍ ഇനിയുമുണ്ടെന്ന് റാന്നി എം.എല്‍.എ രാജു കെ എബ്രഹാം പറഞ്ഞിരുന്നു. മടങ്ങിയെത്തിയിട്ടും ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാത്ത അഞ്ചുപേരെ തിരിച്ചറിഞ്ഞു. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറിയെന്നും പരിശോധനയ്ക്ക് വിധേയരാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും രാജു കെ എബ്രഹാം പറഞ്ഞു.

Top