കേരളത്തിന്റെ ആവശ്യം തള്ളി.പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വറന്റീന്‍ നിര്‍ബന്ധം; കേസ്‌ ഹൈക്കോടതി ചൊവ്വാഴ്‌ച വീണ്ടും പരിഗണിക്കും

കൊച്ചി: പ്രവാസികൾ വീട്ടിലെത്തുംമുമ്പ്‌ രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ സംസഥാന സർക്കാരിന്‌ മറുപടി നൽകാൻ ഹൈക്കോടതി ചൊവ്വാഴ്‌ച വരെ സമയം നൽകി.  വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് 14 ദിവസത്തെ സര്‍ക്കാർ ക്വറന്റീൻ എന്ന നിർദേശത്തിൽ ഇളവു വേണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. മേയ് 5നു പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറിൽ മാറ്റം വരുത്താനാവില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

വിദേശത്ത് നിന്നെത്തുന്ന പ്രവാസികളെ പരിശോധനക്ക് ശേഷം ഏഴു ദിവസം ക്വറന്റീനിലാക്കി ഏഴാം ദിവസം പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിച്ചാൽ വീടുകളിൽ ക്വറന്റീൻ ചെയ്യുന്നതിന് അനുവദിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ആവശ്യം. അതേസമയം കേരളത്തിന്റെ ഈ നിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി പരിശോധിച്ച ശേഷമാണ് അംഗീകരിക്കാനാവില്ലെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. കേരളം ഏഴു ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും മറ്റൊരു സംസ്ഥാനം 10 ദിവസം ആക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അത് അംഗീകരിക്കുന്ന സാഹചര്യമുണ്ടായാൽ രാജ്യത്ത് കോവിഡ് 19 നിയന്ത്രണത്തിന് ഏർപ്പെടുത്തിയിട്ടുള്ള പൊതുസംവിധാനത്തെ ബാധിക്കുമെന്നാണ് കേന്ദ്ര നിലപാട്.

ഗൾഫിൽ നിന്ന് വിമാനമാർഗം കേരളത്തിലെത്തിച്ച പ്രവാസികളുടെ ഏഴു ദിവസത്തെ ക്വറന്റീൻ നാളെ പൂർത്തിയാകാനിരിക്കെയാണ് ഇന്ന് അടിയന്തരമായി കേസ് ഹൈക്കോടതി പരിഗണിച്ചത്. ഈ സാഹചര്യത്തിൽ നിലപാട് അറിയിക്കണമെന്ന ഹൈക്കോടതി ആവശ്യം പരിഗണിച്ചാണ് ഇന്ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

Top