സജീവന്‍ വടക്കുമ്പാട്
തലശ്ശേരി: വടകര ലോകസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സി.പി.എം വിമതനുമായ സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവം വിവാദമാകുന്നു. തന്നെ അക്രമിച്ചതില്‍ തലശ്ശേരി കേന്ദ്രീകരിച്ചുള്ള ചില നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്ന് നസീര്‍ പറഞ്ഞു. പ്രാദേശിക സി പി എം നേതാക്കള്‍ക്ക് സംഭവത്തില്‍ പങ്കുണ്ട്, പാര്‍ട്ടി അന്വേഷിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും എന്നാല്‍ പാര്‍ട്ടി അന്വേഷണം കൊണ്ട് കാര്യമില്ലെന്നും നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചന ഉള്‍പ്പെടെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. പോലീസ് അന്വേഷണം ശരിയായ ദിശയില്‍ നടക്കണം. ജീവന് ഭീഷണിയുണ്ടെന്ന് പോലീസിനെ നേരത്തെ അറിയിച്ചിരുന്നു. തന്നെ അക്രമിച്ച സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റു ചെയ്ത് കേസ് ഒതുക്കാനാണ് ശ്രമമെന്നും നസീര്‍ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴര മണിയോടെ തലശ്ശേരി കായ്യത്ത് റോഡില്‍ വെച്ചാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്ന വഴി നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത.് പള്‍സര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് തന്നെ വധിക്കാന്‍ ശ്രമിച്ചതെന്നും പാര്‍ട്ടി വിട്ട വിരോധത്താലാണ് തനിക്ക് നേരെ അക്രമം നടത്തിയതെന്നും നസീറിന് പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും നസീര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അക്രമത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ സെക്രട്ടറി എം.വി ജയരാജനും ഉറപ്പിച്ച് പറഞ്ഞിരുന്നു.നിഷ്പക്ഷമായി പോലീസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് എം.വി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.
വയറിനും തലക്കും കൈക്കും കാലുകള്‍ക്കും പരിക്കേറ്റ നസീര്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിക്തയില്‍ കഴിഞ്ഞ് വരികയാണ്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, മുന്‍ ജില്ലാ സെക്രട്ടറിയും വടകര ലോകസഭാ മണ്ഡലം എല്‍.ഡി,എഫ് സ്ഥാനാര്‍ത്ഥിയുമായ പി.ജയരാജന്‍, എ.എന്‍ ഷംസീര്‍ എം.എല്‍.എ എന്നിവര്‍ ആശുപത്രിയിലെത്തി നസീറിനെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പി.ജയരാജനറിയാതെ നസീര്‍ അക്രമിക്കപ്പെടില്ലെന്നും സംഭവത്തിന് പിന്നില്‍ ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്നും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ക.പെി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജന.സെക്രട്ടറി ഉമ്മന്‍ചാണ്ടിയും സംഭവത്തെ അപലപിക്കുകയും അക്രമികള്‍ സി.പി.എം ആണെന്ന് പറയുകയും ചെയ്തിരുന്നു.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ സി.ഒ.ടി നസീര്‍ പ്രതിയായിരുന്നു. എന്നാല്‍ തന്നെ സി.പി.എം നേതൃത്വം കേസില്‍ കുടുക്കുകയാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചും തലശ്ശേരിയില്‍ പിന്നീട് ഉമ്മന്‍ചാണ്ടിയെ നസീര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സംഭവവും സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പാര്‍ട്ടി അംഗത്വം പുതുക്കുമ്പോള്‍ ജാതിയും മതവും ചോദിച്ചതിനെ എതിര്‍ത്തതോടെയാണ് നസീര്‍ പാര്‍ട്ടിക്ക് അനഭിമതനാവുന്നത.് തുടര്‍ന്ന് നസീര്‍ പാര്‍ട്ടിയുമായ് അകലുകയായിരുന്നു. സി.പി.എം തലശ്ശേരി ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന നസീര്‍ സി.പി.എം ലേബലില്‍ തലശ്ശേരി നഗരസഭാ കൗണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സി.പി.എം ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളാണ് നസീറിനെ അക്രമിച്ചതെന്ന് പോലീസിന് തിരിച്ചറിയാന്‍ സാധിച്ചെങ്കിലും രാഷട്രീയ സമ്മര്‍ദ്ദത്താല്‍ അറസ്റ്ര് നടപടി വൈകുകയാണ്. അക്രമം നടന്ന കായ്യത്തെ കനക് റസിഡന്‍സിയിലെ സി.സി ടിവിയില്‍ പ്രതികളുടെ ദൃശ്യം പതിഞ്ഞിരുന്നു. പോലീസ് ഇത് ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ഇപ്പോള്‍ പൊട്ടന്‍ കളിക്കുകയാണ്. ഇതോടെയാണ് ആശുപത്രിയില്‍ കഴിയുന്ന നസീര്‍ മാധ്യമങ്ങളെ കണ്ട് കേസ് തേച്ച് മാച്ച് കളയാനുള്ള സി.പി.എം-പോലീസ് കൂട്ടുകെട്ടിനെതിരെ രംഗത്ത് വന്നതും.