സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിയ്ക്കുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനിടയിൽ കൃത്യമായ ആസൂത്രണമില്ലാത്ത വാക്‌സിനേഷൻ നടപടികൾ പുതിയ കോവിഡ് വകഭേദങ്ങൾക്ക് കാരണമാകുമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധർ.
എയിംസിലെ ഡോക്ടർമാരും കോവിഡ് ദേശീയ ദൗത്യ സംഘത്തിലെ വിദഗ്ദ്ധരുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിവേചനമില്ലാത്തതും മതിയായ ആസൂത്രണമില്ലാത്തതുമായ വലിയ വാക്‌സിനേഷൻ ക്യാമ്‌ബെയിനുകൾ നടത്തിയാൽ ഒത്തുകൂടുന്ന ജനങ്ങളിൽ നിന്നും പുതിയ കോവിഡ് വകഭേദങ്ങളുണ്ടാകുമെന്നും ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ രോഗം എളുപ്പം പിടിപെടാവുന്നവരെയും മറ്റ് രോഗങ്ങളുളളവരെയുമാണ് ആദ്യം പ്രതിരോധ കുത്തിവയ്പ്പ് നൽകി സുരക്ഷിതരാക്കേണ്ടത്. കുട്ടികൾക്കും ഇക്കൂട്ടത്തിൽ വാക്‌സിൻ നൽകണം അതല്ലാത്ത ബൃഹദ് വാക്‌സിനേഷൻ ക്യാമ്പെയിനുകൾ ദോഷം മാത്രമേ ചെയ്യുവെന്നു മുന്നറിയിപ്പിൽ പറയുന്നു.
കോവിഡ് രോഗത്തിനെതിരെ ശക്തമായ ആയുധമാണ് വാക്‌സിനെന്നും അവ കൃത്യമായ ഇടവേളയിൽ ഫലപ്രദമായ തരത്തിൽ നൽകുന്നതാണ് നല്ലതെന്നും വിദഗ്ദ്ധർ പറയുന്നു.
രാജ്യത്തെ ഗ്രാമങ്ങളിലും അർദ്ധ നഗരങ്ങളിലും മതിയായ കോവിഡ് പരിശോധനാ സംവിധാനത്തിന്റെ കുറവുണ്ട്.റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ നിലവിൽ വളരെ കുറവാണെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.