ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിർബന്ധമല്ല ; കോവിഡ് ചികിത്സാ മാനദണ്ഡം പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം : പുതുക്കിയ നിർദ്ദേശങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

 

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം വരവ് രാജ്യത്തെ പിടിച്ചുകുലുക്കിയതോടെ കോവിഡ് ചികിത്സാ മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ നിർദ്ദേശ പ്രകരാം ആശുപത്രികളിൽ കോവിഡ് ചികിത്സ തേടുന്നതിന് പോസിറ്റീവ് പരിശോധനാഫലം നിർബന്ധമല്ല.

ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് സർട്ടിഫിക്കറ്റ് തടസമാകില്ലന്നും ഒരു രോഗിക്കും സേവനങ്ങൾ നിരസിക്കാൻ പാടില്ലെന്നും പുതുക്കിയ മാനദണ്ഡത്തിൽ വ്യക്തമാക്കുന്നു. ചികിത്സ തേടിയെത്തുന്ന ആൾ ഏത് പ്രദേശത്തുകാരനാണെങ്കിലും ഒരു രോഗിക്കും സേവനം നിഷേധിക്കപ്പെടരുത്.

ആശുപത്രി സ്ഥിതി ചെയ്യുന്ന നഗരത്തിൽ ഉൾപ്പെടുന്ന ആളെല്ലെന്ന് പറഞ്ഞ് ചികിത്സയും സേവനവും നിഷേധിക്കാൻ പാടില്ലെന്നും മാനദണ്ഡത്തിലുണ്ട്. പുതിയ നിർദേശങ്ങൾ സ്വകാര്യ ആശുപത്രികളിലടക്കം നടപ്പിലാക്കേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

ഇതിനിടെ കോവിഡ് ചികിത്സയ്ക്കായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി.

ഇതിന് പുറമെ കോവിഡ് രോഗികളെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ടോസിലിസുമാബ് പോലുള്ള വിദേശ നിർമ്മിത മരുന്നുകൾക്ക് പകരമുള്ള മരുന്നുകളെക്കുറിച്ച് ബോധവത്കരണം നടത്താൻ കേന്ദ്രത്തിനോടും മഹാരാഷ്ട്ര സർക്കാരിനോടും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

Top