കണ്ണൂര്‍:കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്ത് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വിപണനം നടത്തുന്നത് നിരോധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പരസ്യമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പശുവിനെ അറുത്തത്. മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ചും വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വിവാദമാകുന്നു. പകല്‍സമയത്ത് പരസ്യമായി കാളക്കുട്ടിയെ കശാപ്പ് ചെയ്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരെയാണ് വ്യാപക പ്രതിഷേധമുയരുന്നത്.
യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മാന്യമായ സമരരീതിയിലൂടെയാണ് പ്രതിഷേധിക്കേണ്ടത് എന്ന് കോണ്‍ഗ്രസ് നേതാവ് എം ലിജു പ്രതികരിച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ച് പെരുമാറ്റത്തില്‍ മാന്യത പുലര്‍ത്തണമെന്നതാണ് തന്റെ അഭിപ്രായം. പ്രായത്തിന്റെ പക്വതയില്ലായ്മയാകാം ഇത്തരമൊരു സമരമുറയിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംഘപരിവാറിനെയാണ് സഹായിക്കുക എന്ന് എംബി രാജേഷ് എംപി പറഞ്ഞു. വകതിരിവില്ലാതെ ചെയ്യുന്ന അസംബന്ധങ്ങളും കോപ്രായങ്ങളും ബാധിക്കുന്നത് മൊത്തം സമരത്തെയുമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വിഭാഗത്തിലുള്ള ജനങ്ങളെ തമ്മില്‍ തല്ലിക്കാനുള്ളതാണ് യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയെന്ന് ബിജെപി നേതാവ് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിന്റെ ലംഘനമാണിത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് കണ്ണൂരില്‍ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി കാളക്കുട്ടിയെ കശാപ്പ് ചെയ്ത് പ്രതിഷേധിച്ചത്. ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.സംഭവത്തിനെതിരെ വ്യാപക വിമര്‍ശനമുയരുമ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.ഇന്നലെയാണ് കന്നുകാലി കശാപ്പ് നിരോധന ഉത്തരവില്‍ പ്രതിഷേധിച്ച് പരസ്യമായി മാടിനെ അറുത്ത് കണ്ണൂരില്‍ യൂത്തുകോണ്‍ഗ്രസുകാരുടെ പ്രതിഷേധിച്ചത്. തായത്തെരു ടൗണില്‍ വാഹനത്തില്‍വെച്ച് മാടിനെ അറുത്ത് നാട്ടുകാര്‍ക്ക് സൗജന്യമായി വിതരണം ചെയ്തായിരുന്നു യുവാക്കള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ചത്.
യൂത്ത് കോണ്‍ഗ്രസിന്റെ പരസ്യ കശാപ്പ് വിവാദമാകുന്നു.സംഘപരിവാറിനെയാണ് സഹായിക്കുന്നതെന്നും എം.ബി രാജേഷ്;സമരരീതിയില്‍ മാന്യത വേണമെന്ന് എം.ലിജു
Tags: cow slaughter