സർക്കാരിൽ തമ്മിലടി രൂക്ഷം.പിണറായിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ സിപിഐയും രംഗത്ത്

കൊച്ചി:സിപിഎമ്മിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ സിപിഐയും രംഗത്ത്.ലോകായുക്തയുടെ നിയമ അധികാരം, സര്‍ക്കാരിന് നിയന്ത്രിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനത്തില്‍ പ്രതിപക്ഷം മാത്രമല്ല ഇടഞ്ഞു നില്‍ക്കുന്നത്. വിയോജിപ്പറിയിച്ച് എല്‍ഡിഎഫിന്റെ ഘടകക്ഷിയായ സിപിഐയും രംഗത്തെത്തി. അഭിപ്രായം സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബില്ലായി ഭേദഗതി കൊണ്ടു വരണമെന്നാണ് സിപിഐയുടെ നിലപാട്. ഭേദഗതിയെ എതിര്‍ക്കുന്നുമില്ല. ‘നിയമസഭ സമ്മേളിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ സഭയില്‍ ഒരു ബില്ലായി അവതരിപ്പിച്ചാല്‍ എല്ലാവര്‍ക്കും ഇതിനെ കുറിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം കിട്ടും. അത് നിഷേധിക്കപ്പെട്ടതാണ് ഇതിനെ വിവാദത്തിലേക്ക് നയിച്ചത്. ആവശ്യമായ രാഷ്ട്രീയ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്നത് ഒരു സത്യമാണ്’ കാനം മാധ്യമങ്ങളോട് പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ഓര്‍ഡിനന്‍സ് ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്തതുമില്ല. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ച് വരുന്നതിനിടെയാണ് സിപിഐ വിയോജിപ്പ് അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇടതുമുന്നണി പോലും അറിയാതെയാണ് മന്ത്രിസഭ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനമെടുത്തത്. ഭരണപരമായ കാര്യങ്ങള്‍ക്ക് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം മുന്നണിയിലോ പാര്‍ട്ടിയിലോ ചര്‍ച്ചചെയ്യുന്ന രീതിയില്ല.

എന്നാല്‍, ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന നടപടി സിപിഎമ്മിന്റെയും എല്‍.ഡി.എഫിന്റെയും പൊതുനിലപാടില്‍നിന്നുള്ള നയപരമായ മാറ്റമാണ്. ഇതിനേയും സിപിഐ എതിര്‍ക്കും. പിണറായി സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം പ്രധാനകാര്യങ്ങളെല്ലാം മുന്നണിയില്‍ കൊണ്ടുവരുന്ന രീതിക്ക് മാറ്റംവരുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തുടക്കത്തില്‍ സിപിഐ. ഇടഞ്ഞുനിന്നപ്പോള്‍, സിപിഎം.-സിപിഐ. സെക്രട്ടറിതല ചര്‍ച്ച എന്നൊരു രീതി കൊണ്ടുവന്നു.

ഏതായാലും ഈ ഓര്‍ഡിനന്‍സില്‍ പിണറായിയെ വലിയ രീതിയില്‍ പ്രതിരോധത്തിലാക്കുന്നതൊന്നും സിപിഐ ചെയ്യില്ല. മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം നിയമനിര്‍മ്മാണം എന്നതാണ് സിപിഐ നിലപാട്. ഈ സാഹചര്യത്തില്‍ ഗവര്‍ണ്ണറുടെ മുന്നിലുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്. വിവാദമായ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ വിശദീകരണം തേടി ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കും. അങ്ങനെ തിരിച്ചയച്ചാല്‍ പിന്നീട് ഈ ഓര്‍ഡിനന്‍സ് മന്ത്രിസഭ പരിഗണിക്കില്ല. മറിച്ച് നിയമസഭയില്‍ ബില്ലു കൊണ്ടു വരും.

നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ബില്‍ പാസാക്കും. അതിന് ശേഷം ഗവര്‍ണ്ണര്‍ക്ക് കൈമാറും. രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന നിലപാടിലാണ് ഈ ഘട്ടത്തിലും സര്‍ക്കാര്‍. ലോകായുക്തയുടെ വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിക്കാനായി ഗവര്‍ണറുടെ മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിനായി നിയമമന്ത്രി പി. രാജീവ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. എന്നാല്‍ ഉടനടി അംഗീകാരം നല്‍കേണ്ടെന്ന നിലപാടിലാണ് ഗവര്‍ണര്‍. ലോകായുക്ത നിയമമത്തിലെ സെക്ഷന്‍ 14 പ്രകാരം രണ്ട് മന്ത്രിമാര്‍ക്കാണ് രാജിവെക്കേണ്ടിവന്നത്.

കെകെ രാമചന്ദ്രനും പിന്നെ കെടി ജലീലിനും. പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കേസ് തെളിഞ്ഞാല്‍ പദവിയില്‍ നിന്നും മാറ്റണണെന്ന സെക്ഷന്‍ 14 പൊതുപ്രവര്‍ത്തകരുടെ പേടി സ്വപ്നമാണ്. അപ്പീല്‍ സാധ്യത പോലും വിരളമായ വകുപ്പ് ഭേദഗതിക്കുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയത് തന്നെ ജലീലിന്റെ രാജിക്ക് പിന്നാലെയാണ്. മുഖ്യമന്ത്രിക്കും ആര്‍ ബിന്ദുവിനുമെതിരെ ലോകായുക്തയിലുള്ള പരാതികളും ഈ വകുപ്പുകള്‍ പ്രകാരമായതുകൊണ്ട് തന്നെ നിയമഭേദഗതി നീക്കം അതിവേഗത്തിലായിരുന്നു.

സ്വാഭാവികമായും ഹൈക്കോടതിയുടെ അധികാരത്തെകൂടി ബാധിക്കുന്ന ഭേദഗതിയായതിനാല്‍ രാഷ്ട്രപതിയുടെ അംഗീകാരം ഓര്‍ഡിനന്‍സിനും ആവശ്യമായിവരുമെന്നാണ് വാദം. എന്നാല്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കുറിപ്പില്‍ സംസ്ഥാന വിഷയമായതിനാല്‍ തീരുമാനം ഇവിടെ തന്നെ എടുക്കാമെന്നും ഗവര്‍ണര്‍ക്കുതന്നെ അംഗീകാരം നല്‍കാമെന്നും ചൂണ്ടികാട്ടുന്നു. മൂല നിയമത്തിന് പിന്നീട് വന്ന ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങിയിരുന്നുമില്ല.

എന്നാല്‍ ആ ഭേദഗതി ജനപ്രതിനിധികളുടെ സ്വത്ത് വിവരം സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ളതായിരുന്നു. ഹൈക്കോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന്റെ ആവശ്യമുണ്ടായിരുന്നുമില്ല. അതുകൊണ്ട് തന്നെ പുതിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ക്ക് കിട്ടുന്ന നിയമോപദേശം നിര്‍ണ്ണായകമാകും.

Top